'ചില നടീനടന്മാർ പ്രശ്നക്കാർ, ചില താരങ്ങൾ എഡിറ്റ് കണ്ടാലേ ബാക്കി സിനിമ ചെയ്യൂ', വിമർശിച്ച് ഫെഫ്ക
കൊച്ചി: മലയാള സിനിമയിലെ ചില താരങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി ഫെഫ്ക. ചില താരങ്ങൾക്ക് സിനിമയുടെ എഡിറ്റ് കാണണമെന്നും ചിലർ ഒരേ ഡേറ്റ് പല നിർമ്മാതാക്കൾക്കും കൊടുക്കുന്നുവെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇത് സംബന്ധിച്ച് പല പരാതികളും ലഭിച്ചിട്ടുണ്ടെന്നും ബി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ബി ഉണ്ണിക്കൃഷ്ണന്റെ വാക്കുകൾ: ' ചില നടീനടന്മാര്‍ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാല്‍ ഒരേ ഡേറ്റ് ഒരേ സമയം പല നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും കൊടുക്കുന്നു. അങ്ങനെ വരുമ്പോള്‍ അവര്‍ എടുക്കുന്ന നിലപാട് നിങ്ങള്‍ തമ്മില്‍ സംസാരിച്ചൊരു തീരുമാനത്തിലെത്ത് എന്നുളളതാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ഒരു കരാര്‍ ഉണ്ട്. അത് അമ്മ അംഗീകരിച്ചതാണ്.

ആ കരാറില്‍ ഒപ്പിടാന്‍ ചില താരങ്ങള്‍ തയ്യാറാകുന്നില്ല. ആ കരാറില്‍ കൃത്യമായി ചില കാര്യങ്ങള്‍ പറയുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തങ്ങളും വളരെ വിശദമായ കരാറുകളിലേക്ക് കടന്നിരിക്കുകയാണ്. കൃത്യമായ കരാറുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാര്യങ്ങള്‍ സുതാര്യമാകും എന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
ചില താരങ്ങള്‍ പറയുന്നത് സിനിമയുടെ എഡിറ്റ് അവരെ കാണിക്കണം. അവര്‍ക്ക് വേണ്ടപ്പെട്ടവരേയും കാണിക്കണം. കാണിച്ച് ഡയറക്ടര്‍ അവരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ബാക്കി കാര്യങ്ങളിലേക്ക് അവര്‍ കടക്കുകയുളളൂ എന്നാണ്. ഇപ്പോള്‍ ഡബ്ബിംഗ് നടക്കുന്ന ഒരു സിനിമയില്‍ ഇങ്ങനെ നടന്നു. അതിലെ പ്രധാനപ്പെട്ട നടന് എഡിറ്റിംഗില്‍ പ്രശ്‌നമുണ്ട്. അയാള്‍ പറഞ്ഞത് പോലെ റീ എഡിറ്റ് ചെയ്തില്ലെങ്കില്‍ ആ സിനിമ പൂര്‍ത്തിയാക്കാന്‍ തയ്യാറല്ലെന്നാണ് പറയുന്നത്. ഇതൊക്കെ കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ്.
സിനിമയുടെ എഡിറ്റ് ആരെയെങ്കിലും കാണിച്ച് ബോധ്യപ്പെടുത്തുമെങ്കില്‍ അത് പണം മുടക്കിയ നിര്‍മ്മാതാവിനെ മാത്രമായിരിക്കും എന്ന് ഫെഫ്ക ഉറപ്പിച്ച് പറയുന്നു. അഭിപ്രായം ആര്‍ക്കും പറയാം. ചര്‍ച്ചകളില്‍ ഏര്‍പ്പെടാം. മണിച്ചിത്രത്താഴിന്റെ ക്ലൈമാക്‌സില്‍ ഏറ്റവും മികച്ച ഒരു നിര്‍ദേശം കൊടുത്തത് സുരേഷ് ഗോപി ആയിരുന്നു എന്ന് ഫാസില്‍ സര്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെ സ്വാഗതം ചെയ്യുന്നുവെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.
അമ്മയുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നു. തങ്ങളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷും എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പമാണ് അമ്മ. എന്നാല്‍ ചില താരങ്ങളൊന്നും അമ്മയില്‍ അംഗങ്ങളുമല്ല. താരങ്ങള്‍ ഡേറ്റും സമയവും കൃത്യമായി പാലിക്കണം. ക്രിയാത്മകമായ ഏത് ചര്‍ച്ചയ്ക്കും തയ്യാറാണ്. പക്ഷേ അന്തിമമായ ഒരു അവകാശം തങ്ങള്‍ക്ക് ഉണ്ട്. ഇതിനൊക്കെ വ്യക്തമായ മാര്‍ഗരേഖ ആവശ്യമുണ്ട്. അവരോട് അപേക്ഷിക്കാനുളളത് ഈ സിനിമകള്‍ സുഗമമായി തീര്‍ക്കാന്‍ സഹകരിക്കണം എന്നാണ് എന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications