ദിലീപിന്‍റെ സമയം തെളിഞ്ഞു, ഇത്രയും നാള്‍ അകത്തിട്ടതില്‍ കള്ളത്തരം... സിനിമാ ലോകം പ്രതികരിക്കുന്നു
85 ദിവസത്തിനു ശേഷമാണ് ദിലീപിനു ജയിലില്‍ നിന്നു പുറത്തുവരുന്നത്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന ദിലീപ് ഒടുവില്‍ ജാമ്യം നേടി പുറത്തിറങ്ങാന്‍ പോവുന്നതോടെ സിനിമാ മേഖലയും ആശ്വാസത്തിലാണ്. 85 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് ദിലീപ് മടങ്ങിയെത്തുന്നതിനെ ആഹ്ലാദത്തോടെയാണ് സിനിമാ ലോകം വരവേല്‍ക്കുന്നത്. പലരും പ്രതികരണവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

സമയം തെളിഞ്ഞെന്ന്
ദിലീപിന്റെ സമയം തെളിഞ്ഞാണ് നിര്‍മാതാവും തിയേറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചത്. നേരത്തേ ദിലീപിനെതിരേ പരസ്യമായി നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തിയാണ് അദ്ദേഹം.

തനിക്കു നേരത്തേ തോന്നി
ദിലീപ് അഞ്ചാം തവണയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചപ്പോള്‍ എന്തിനു വീണ്ടും വന്നുവെന്ന് കോടതി ചോദിച്ചിരുന്നു. ഈ ചോദ്യത്തില്‍ തന്നെ ദിലിപീനു ജാമ്യം ലഭിക്കുമെന്ന് തനിക്കു തോന്നിയതായി ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

കേസില്‍ പുരോഗതിയില്ല
കഴിഞ്ഞ ജാമ്യ ഹര്‍ജി ദിലീപ് കൊടുത്തതിനു ശേഷം കേസില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. നാദിര്‍ഷായെയും കാവ്യാ മാധവനെയും ചോദ്യം ചെയ്യുമെന്ന് പറയുന്നതല്ലാതെ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ല. ഇതാവാം ജാമ്യം നല്‍കാന്‍ കാരണമെന്നും ബഷീര്‍ അഭിപ്രായപ്പെട്ടു.

സമയത്തില്‍ വിശ്വസിക്കുന്നു
സമയത്തില്‍ വിശ്വസിക്കുന്ന ആളാണ് താന്‍. ഇപ്പോള്‍ ദിലീപിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. രാമലീലയും സൂപ്പര്‍ ഹിറ്റാവുന്നു. സാഹചര്യം മാറിയെന്നും ബഷീര്‍ ചൂണ്ടിക്കാട്ടി.

പോലീസിനു തിരിച്ചടി
ദിലീപിന് ജാമ്യം കൊടുത്തത് പോലീസിനു കിട്ടിയ തിരിച്ചടിയാണ്. 90 ദിവസം തീരാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ ഇങ്ങനെയൊരു ജാമ്യം ചരിത്രത്തില്‍ തന്നെ ആദ്യമാവുമെന്നും ബഷീര്‍ പറഞ്ഞു.

നിരപരാധിയെന്ന് തെളിയിക്കണം
ധീരമായിട്ട് കേസിനെ അഭിമുഖീകരിച്ചു നിരപരാധിയാണെന്ന് ദിലീപ് തെളിയിക്കണമെന്നാണ് നടി ലക്ഷ്മിപ്രിയ അഭിപ്രായപ്പെട്ടത്. രാമലീല ജനം ഏറ്റെടുത്തു കഴിഞ്ഞു. ആ വിജയത്തിന് ഇടെയാണ് ദിലീപ് ജയിലില്‍ നിന്നു പുറത്തുവരുന്നതെന്നും നടി പറഞ്ഞു.

കള്ളത്തരമുണ്ട്
ഇത്രയും നാള്‍ ദിലീപിന് ജയിലിട്ടതില്‍ എന്തോ കള്ളത്തരമുണ്ടെന്നാണ് ഇപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ജയിലിനു പുറത്തു കാത്തുനില്‍ക്കുന്ന ആരാധകരുടെ പിന്തുണ തെളിയിക്കുന്നതെന്നും ലക്ഷ്മിപ്രിയ ചൂണ്ടിക്കാട്ടി.

ടോര്‍ച്ചര്‍ അവസാനിച്ചു
ഇത്രയും നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിനെ ടോര്‍ച്ചര്‍ ചെയ്യുകയായിരുന്നുവെന്നും ഇപ്പോള്‍ അത് അവസാനിച്ചുവെന്നുമായിരുന്നു പ്രമുഖ നിര്‍മാതാവ് സുരേഷ് കുമാറിന്റെ പ്രതികരണം.

അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം
നിലവില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണം. കേസ് ക്രൈംബ്രാഞ്ചിനെയോ സിബിഐയെയോ അന്വേഷണം ഏല്‍പ്പിക്കണമെന്നുമാണ് തന്റെ അഭിപ്രായമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ദിലീപിനെതിരേ ഗൂഡാലോചന
ദിലീപിനെതിരേ നടന്ന ഗൂഡാലോചന പുറത്തു കൊണ്ടു വരുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് താന്‍ ആവശ്യപ്പെടുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഇത്രയും നാള്‍ ഇതിനെക്കുറിച്ച് പറയാതിരുന്നത് ദിലീപിനെ ജയിലില്‍ വച്ച് ടോര്‍ച്ചര്‍ ചെയ്യാന്‍ സാധ്യത ഉണ്ടായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സത്യമേവ ജയതേ
പ്രമുഖ സംവിധായകനായ ശ്യാംധര്‍ ദിലീപിന്റെ ജയില്‍ മോചനത്തെക്കുറിച്ചുള്ള പ്രതികരണം ഒറ്റവാക്കിലൊതുക്കി. സത്യമേവ ജയതേയെന്നാണ് അദ്ദേഹം പറഞ്ഞത്.

കോടതി തീരുമാനിക്കട്ടെ
ദിലീപ് കേസില്‍ കുറ്റക്കാരനാണോയെന്ന് കോടതി തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു രാമലീലയുടെ നിര്‍മാതാവയ ടോമിച്ചന്‍ മുളകുപാടത്തിന്റെ പ്രതികരണം. ഇരുകൈയും നീട്ടിയാണ് ജനങ്ങള്‍ രാമലീല സിനിമയെ സ്വീകരിച്ചത്. ഡബ്ബ് ചെയ്തപ്പോള്‍ മാത്രമാണ് ദിലീപ് സിനിമ കണ്ടത്. അദ്ദേഹത്തെ ചിത്രം വീണ്ടും കാണിക്കുമെന്നും ടോമിച്ചന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications