'അന്ന് ആരും താല്‍പര്യം കാട്ടിയില്ല, ഉപേക്ഷിച്ചു'; ശ്രീനിവാസന്‍ പറഞ്ഞ പദ്ധതി വിശദീകരിച്ച് ഗുഡ്‌നൈറ്റ് മോഹന്‍

കോട്ടയം: മാലിന്യ സംസ്‌കരണത്തിന് അതിനൂതനമായ പ്ലാസ്മ സാങ്കേതികവിദ്യ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള നഗരസഭ അധികൃതര്‍ക്ക് കൈമാറിയിരുന്നെന്ന് സിനിമ നിര്‍മ്മാതാവും വ്യവസായിയുമായ ഗുഡ്‌നൈറ്റ് മോഹന്‍. കഴിഞ്ഞ ദിവസം നടന്‍ ശ്രീനിവാസന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുഡ്‌നൈറ്റ് മോഹനന്‍ ഇതേ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയത്. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് പദ്ധതി
അന്ന് അതേ കുറിച്ച് പറഞ്ഞപ്പോള്‍ ആര്‍ക്കും മനസിലാകാതെ പോയി. ആരും അതില്‍ താല്‍പര്യം കാട്ടിയില്ല. 20 വര്‍ഷം മുമ്പാണ് ഇങ്ങനെ ഒരു പദ്ധതിയെ കുറിച്ച് ആലോചിച്ചത്. ഒരു അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്. പ്ലാസ്മ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അന്ന് ഇവിടെ അതൊരു പുതിയ സാങ്കേതിക വിദ്യയായിരുന്നു. പ്ലാസ്റ്റിക്, ഇരുമ്പ് ഉള്‍പ്പടെ എന്ത് മാലിന്യവും വേര്‍തിരിക്കാതെ തന്നെ സംസ്‌കരിക്കാന്‍ സാധിക്കുമായിരുന്നെന്ന് അദ്ദേഹം പറയുന്നു.

നടപ്പിലാക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലായിരുന്നു
അന്ന് ആ പദ്ധതിയെ കുറിച്ച് അവതരിപ്പിച്ചപ്പോള്‍ ആര്‍ക്കും മനസിലായില്ല. നടപ്പിലാക്കാന്‍ ആര്‍ക്കും താല്‍പര്യമില്ലായിരുന്നു. സര്‍ക്കാരിനോടും മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരില്‍ നിന്ന് മാലിന്യം ശേഖരിച്ച് നല്‍കാനും ആവശ്യപ്പെട്ടിരുന്നു. അന്ന് ഞങ്ങളാണ് നേരിട്ട് മാലിന്യം ശേഖരിക്കാന്‍ ചെല്ലുന്നതെങ്കില്‍, ആളുകല്‍ തരില്ലായിരുന്നു. മറ്റ് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കും.

എത്ര കോടിയായാലും
അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെട്ട് മാലിന്യം ശേഖരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ പദ്ധതി അധിക ചെലവാണെന്നും പറഞ്ഞാണ് അധികൃതര്‍ തള്ളിയത്. എന്നാല്‍ എത്ര കോടിയായാലും ഞാന്‍ അല്ലേ മുടക്കുന്നത് എന്ന് ചോദിച്ചിരുന്നു. എന്നും അധികൃതര്‍ അതിനോട് താല്‍പര്യം കാണിച്ചില്ലെന്ന് ഗുഡ്‌നൈറ്റ് മോഹനന്‍ പറഞ്ഞു.

പൊതുതാല്‍പര്യ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു
അന്ന് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ താന്‍ കക്ഷി ചേര്‍ന്നിരുന്നു. എന്റെ പദ്ധതിക്ക് കൂടെ അനുകൂലമായത് കൊണ്ടായിരുന്നു അത്. കേസ് പരിഗണിച്ച ഹൈക്കോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസ് ജവാഹര്‍ലാല്‍ ഗുപ്ത ഈ പദ്ധതി മുഴുവന്‍ വായിച്ച് പഠിക്കുകയും അതില്‍ ആകൃഷ്ടനാകുകയും ചെയ്തിരുന്നെന്ന് മോഹന്‍ പറയുന്നു.

എന്തുകൊണ്ടാണ് പദ്ധതി നടപ്പാക്കാത്തത്
അന്ന് ഇതുമായി ബന്ധപ്പെട്ട് അധികൃതകെ കോടതി വിളിപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് പദ്ധതി നടപ്പാക്കാത്തതെന്നും ചോദിച്ചിരുന്നു. എന്നാല്‍ തുടര്‍ ചലനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ, ആ പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ ബ്രഹ്മപുരത്ത് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസന്‍ പറഞ്ഞ പദ്ധതി
കഴിഞ്ഞ ദിവസം നടന്‍ ശ്രീനിവാസനാണ് ഈ പദ്ധതിയെ കുറിച്ച് വീണ്ടും ഓര്‍മ്മിപ്പിച്ചത്. നഗരസഭയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മാലിന്യ സംസ്‌കരണത്തിന് പദ്ധതി മുന്നോട്ടുവച്ച് നിരാശനാകേണ്ടി വന്ന തന്റെ സുഹൃത്തും നിര്‍മ്മാതാവുമായ ഗുഡ്നൈറ്റ് മോഹനന് നേരിട്ട ദുരനുഭവം എന്ന് പറഞ്ഞാണ് അദ്ദേഹം ഇതേ കുറിട്ട് സൂചിപ്പിച്ചത്.

അഴിമതി
വിദേശത്ത് നിന്ന് മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ബൈ പ്രോഡക്ട് മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു ഗുഡ്നൈറ്റ് മോഹന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ പത്ത് ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് നൂറ് ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാല്‍ നഗരസഭ ഇക്കാര്യം അംഗീകരിച്ചില്ലെന്ന് നടന്‍ ശ്രീനിവാസന്‍ ആരോപിച്ചത്.












Click it and Unblock the Notifications