ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ്; വാടകക്കെടുത്ത ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്ററിന് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ഡല്‍ഹി ആസ്ഥാനമായ ചിപ്‌സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തിരുന്നത്.
ഡിജിപിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. 25 മണിക്കൂർ ഈ നിരക്കിൽ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം വാടക നൽകണം എന്നാണ് വ്യവസ്ഥയിൽ പറയുന്നത്.

പൈലറ്റ് ഉൾപ്പടെ പതിനൊന്നു പേർക്ക് ഒരേ സമയം ഈ ഹെലികോപ്റ്ററിൽ യാത്ര ചെയ്യാൻ കഴിയും. മാവോയിസ്‌റ്റ് നിരീക്ഷണം, ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്.
നേരത്തെ കൊവിഡ് പ്രതിസന്ധിക്കിടെ 2020ൽ ആദ്യമായി സർക്കാർ ഹെലികോപ്റ്റർ വാടകക്കെടുത്തപ്പോൾ പല ഭാഗത്ത് നിന്നും ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. പവന്‍ ഹംസ് കമ്പനിയില്‍ നിന്നായിരുന്നു അന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റര്‍ വാടകക്ക് എടുത്തത്. ഇതിൽ നിന്ന് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്ന് രൂക്ഷ വിമർശനം വന്നതോടെ ഒരു വർഷം കഴിഞ്ഞപ്പോൾ ഈ കരാർ അവസാനിപ്പിച്ചിരുന്നു.
എന്നാൽ ഇതിന് ശേഷം രണ്ടര വർഷം കഴിഞ്ഞ് 2023ലാണ് സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകക്കെത്തിക്കാൻ തീരുമാനിച്ചത്. ഇതും വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
എന്നാൽ കരാറുമായി മുൻപോട്ട് പോവാൻ തന്നെയായിരുന്നു സർക്കാരിന്റെ തീരുമാനം. മൂന്ന് വര്‍ഷത്തേക്കാണ് ചിപ്‌സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയുമായി കരാറുള്ളത്. കഴിഞ്ഞ വർഷം മാര്‍ച്ചിലെ മന്ത്രിസഭാ യോഗത്തിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാന്‍ തീരുമാനമായത്. ഏതാണ്ട് ഒരു വർഷത്തോട് അടുക്കുകയാണ് ഹെലികോപ്റ്റർ ഇവിടേക്ക് എത്തിച്ചിട്ട്, എന്നിട്ടും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും അവസാനമായിട്ടില്ല.












Click it and Unblock the Notifications