• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നായി; റെയിൽവെ പൊലീസ് എന്നെ പിടിച്ചു'; ദുരനുഭവം പറഞ്ഞ് എസ് സുധീപ്

Google Oneindia Malayalam News

കോഴിക്കോട്: മാവേലി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവം വിവാദമായതോടെ മര്‍ദ്ദിച്ച എഎസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണവും നടപടിയും സ്വീകരിച്ചിരുന്നു. പൊലീസിനെതിരെ വലിയ വിമര്‍ശനമാണ് ഇതിന് പിന്നാലെ ഉയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വരെ ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് രംഗത്തെത്തി.

1

എന്നാല്‍ ഇപ്പോഴിതാ, ട്രെയിനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മുന്‍ സബ് ജഡ്ജി എസ് സുദീപ്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് നേത്രാവതി എക്‌സ്പ്രസില്‍ നിന്നും നേരിട്ട അനുഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ട്രെയിനിലെ ഫാന്‍ കറങ്ങുന്നില്ലെന്ന് പരാതി പറഞ്ഞപ്പോള്‍, ടിടിഇ തട്ടിക്കയറിയെന്നും ഇതിന് ശേഷം ട്രെയിനിലെ സ്‌ക്വാഡ് തന്നോട് മോശമായി പെരുമാറിയെന്നുമാണ് സുധീപ് പറയുന്നത്.

2

പിന്നീട് ഒരു പൊലീസുകാരന്‍ എത്തി തോളില്‍ ബലമായി അമര്‍ത്തിക്കൊണ്ട് ചോദ്യംചെയ്തു. മര്യാദയ്ക്കു പെരുമാറണമെന്ന് പൊലീസുകാരനോട് കര്‍ശനമായി പറഞ്ഞു. അതോടെ സ്‌ക്വാഡ് ഒറ്റക്കെട്ടായി താന്‍ സ്‌ക്വാഡിലെ വനിതാ അംഗത്തോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു. ആ സ്ത്രീയുടെ മുഖത്തിനു നേരെ വിരല്‍ചൂണ്ടി സംസാരിച്ചുവെന്നായിരുന്നു ആരോപണമെന്നും സുദീപ് പറയുന്നു.

3

എന്നാല്‍ പിന്നീടാണ് താന്‍ ആരാണെന്ന് അവര്‍ക്ക് മനസിലായത്, ഞാന്‍ തിരുവനന്തപുരത്ത് എത്തിയാല് പരാതി നല്‍കുമെന്ന് വ്യക്തമായി. തുടര്‍ന്ന് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയതോടെ റെയില്‍വെ പൊലീസിന്റെ ഒരു പട ഒടിവന്ന് സല്യൂട്ട് അടിച്ചു. പരാതിപ്പെടരുതെന്നും കാല് പിടിക്കാമെന്നും പറഞ്ഞു. എന്നാല്‍ തന്റെ കാലല്ല പിടിക്കേണ്ടത്, യാത്രക്കാരോോണ് മാപ്പ് പറയേണ്ടതെന്ന് ആവശ്യപ്പെട്ടതോടെ സ്‌ക്വാഡ് അംഗങ്ങള്‍ മാപ്പ് പറഞ്ഞെന്നും സുദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

4

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നേത്രാവതി എക്‌സ്പ്രസില്‍ വച്ചാണ് റെയില്‍വേ സ്‌ക്വാഡും പൊലീസും കൂടി എന്നെ പിടിച്ചത്.

സംഭവം മറ്റതു തന്നെ, ഞാന്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നത്.

പന്ത്രണ്ടു വര്‍ഷം മുമ്പൊരു ഞായര്‍.

അന്നു തിരുവനന്തപുരം മുന്‍സിഫായി ജോലി ചെയ്യുന്ന ഞാന്‍ ചേര്‍ത്തലയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക്, പതിവുപോലെ നേത്രാവതി എക്‌സ്പ്രസില്‍ പോവുകയാണ്.

സെക്കന്റ് ക്ലാസ് സ്ലീപ്പറിലാണ് യാത്ര. നല്ല തിരക്കാണ്. വെയിലുള്ള വശത്താണ് സീറ്റ് കിട്ടിയത്, അതും ആലപ്പുഴ കഴിഞ്ഞപ്പോള്‍.

ഒരു ഫാനും കറങ്ങുന്നില്ല. വേണ്ട. ധര്‍മ്മടമെങ്കില്‍ ധര്‍മ്മടം സീറ്റ് കിട്ടിയ കോണ്‍ഗ്രസുകാരനെപ്പോലെ സന്തോഷത്തില്‍ ജനലില്‍ തല ചായ്ച്ച് ഞാനുറങ്ങുകയാണ്.

നല്ല വേനലാണ്. തീവണ്ടിമുറി ചുട്ടുപഴുത്തിരിക്കുന്നു. പിള്ളേരൊക്കെ കരച്ചിലോടു കരച്ചില്‍, ഉടുപ്പഴിച്ചു വീശിക്കൊടുത്തിട്ടും കരച്ചില്‍ തന്നെ. കെ റെയില്‍ കിട്ടാഞ്ഞിട്ടായിരിക്കും.

വണ്ടി കൊല്ലം സ്റ്റേഷന്‍ വിട്ട് നീങ്ങിത്തുടങ്ങി.

കൊല്ലത്തു നിന്ന് റയില്‍വേ സ്‌ക്വാഡ് കയറി. എന്റെ ടിക്കറ്റ് കാണിച്ച ശേഷം ഞാന്‍ വീണ്ടും ഉറങ്ങാന്‍ ശ്രമിക്കുകയാണ്.

അന്നേരം എന്റെ തൊട്ടപ്പുറത്തിരുന്ന, കൊല്ലത്തു നിന്നു കയറിയ രണ്ടു പേരോട് സ്‌ക്വാഡിലെ ടി ടി ഇ ചേട്ടന്‍ ടിക്കറ്റ് ചോദിച്ചു. അവര്‍ ടിക്കറ്റ് കാണിച്ചു.

അതിനുശേഷം ഫാന്‍ കറങ്ങാത്തതിനെപ്പറ്റി അവര്‍ അങ്ങേയറ്റം മാന്യമായ വാക്കുകളിലും ടോണിലും ടിക്കറ്റ് പരിശോധിച്ച അതേ ചേട്ടനോടു പരാതിപ്പെട്ടു. തീര്‍ത്തും നിര്‍ദോഷമായ പരാതി.

പെട്ടെന്ന് ടി ടി ഇ ചേട്ടന്‍ അവരോട് പൊട്ടിത്തെറിച്ചു. നീയെന്നൊക്കെ വിളിച്ചാണ് ആഞ്ഞടിക്കല്‍. എറണാകുളത്തെ പ്രമുഖ സ്ഥാപനത്തിലെ ദേവേന്ദ്രട്ടന്റെ വാക്കാല്‍ പരാമര്‍ശങ്ങളുടെ അതേ നിലവാരത്തിലാണ് ആഞ്ഞടി.

കോണ്‍ഗ്രസിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന ബിനോ വിശ്വേട്ടന്റെ പ്രസംഗം കേട്ട സി പി ഐക്കാരനെപ്പോലെ ഞാന്‍ അന്തം വിട്ടു കുന്തംവിഴുങ്ങിയിരുന്നു. ഇയാള്‍ എന്തിനാണ് ആ യാത്രക്കാരോടിങ്ങനെ ക്ഷുഭിതനാകുന്നത്?

ടി ടി ഇ കത്തിക്കയറുകയാണ്. നൂറു ശതമാനം ന്യായം യാത്രക്കാരുടെ ഭാഗത്താണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഒരാളും അനങ്ങുന്നില്ല.

ഞാന്‍ മാത്രം ചാടി വീണു.

രണ്ടു യാത്രക്കാര്‍ ന്യായമായ ഒരു പരാതി പറഞ്ഞാല്‍, അവരെ നീയെന്നൊക്കെ വിളിച്ച് ഇത്ര മോശമായ ഭാഷയില്‍ അവഹേളിക്കുന്നതിനെ ഞാന്‍ ചോദ്യം ചെയ്തു.

അതോടെ സ്‌ക്വാഡിന്റെ പരാക്രമം എന്റെ നേര്‍ക്കായി. അവര്‍ ഒരു പൊലീസുകാരനെ വിളിച്ചു വരുത്തി.

ഞാന്‍ മുന്‍സിഫും ജഡ്ജിയുമൊക്കെ അങ്ങ് കോടതിയില്‍ മാത്രമാണ്. പുറത്ത് ആ ഐഡന്റിറ്റി ഞാനാരോടും പറയാറില്ല. ഒരു സാധാരണക്കാരനു കിട്ടാത്ത നീതിയും ന്യായവും കോപ്പുമൊന്നും എനിക്കു വേണ്ട. ഈ സംഭവത്തിന്റെ അവസാന നിമിഷം വരെയും ഞാനതു പറഞ്ഞിട്ടുമില്ല.

പൊലീസുകാരന്‍ വന്ന് എന്റെ തോളില്‍ ബലമായി അമര്‍ത്തിക്കൊണ്ടാണ് ചോദ്യം ചെയ്യല്‍. ഞാന്‍ കൈ തട്ടിമാറ്റി. മര്യാദയ്ക്കു പെരുമാറിക്കൊള്ളണമെന്നു കര്‍ശനമായി പറഞ്ഞു.

സ്‌ക്വാഡ് ഒറ്റക്കെട്ടായി എനിക്കെതിരായ ആരോപണം പുറത്തുവിട്ടു:

ഞാന്‍ സ്‌ക്വാഡിലെ വനിതാ അംഗത്തോട് അപമര്യാദയായി പെരുമാറി!

എങ്ങനെ?

ഞാന്‍ ആ സ്ത്രീയുടെ മുഖത്തിനു നേരെ വിരല്‍ ചൂണ്ടി സംസാരിച്ചുവത്രെ!

ആ, ബെസ്റ്റ്!

എങ്കില്‍ ഞാന്‍ പത്തു വിരലും നീട്ടും, അതിലൊരു വിരലും നിങ്ങളുടെ ദേഹത്തു സ്പര്‍ശിക്കാത്തിടത്തോളം നിങ്ങള്‍ എന്തു ചെയ്യുമെന്നു ഞാനും.

മെഴുകുതിരി പോലത്തെ ഞാന്‍ കത്തിനില്‍ക്കുന്നുണ്ട്.

തിരുവനന്തപുരത്തെത്തിയാല്‍ ഞാന്‍ പരാതി നല്‍കുമെന്ന് സ്‌ക്വാഡിനും പൊലീസിനും മനസിലായി. പതിയെ ഓരോരുത്തരായി വലിയുന്നു.

തുടര്‍ന്ന് കഴക്കൂട്ടത്ത് ക്രോസിംഗിനായി തീവണ്ടി അര മണിക്കൂര്‍ നിര്‍ത്തുന്നു. പിന്നെ യാത്ര തുടരുന്നു.

ഞാന്‍ ഢ.െ സ്‌ക്വാഡ് ആന്റ് പൊലീസ് എന്ന നിലയിലാണ് പ്രശ്‌നം. ഫാന്‍ കറങ്ങാത്തതു ചോദിച്ച പാവം ചേട്ടന്മാരൊന്നും ചിത്രത്തിലില്ല.

തീവണ്ടി തമ്പാനൂരിലെത്തി. ഞാനിറങ്ങുന്നു. റെയില്‍വേ പൊലീസിന്റെ പട ഓടി വരുന്നു, സല്യൂട്ട് അടിക്കുന്നു, ആകെ ബഹളം.

എന്നിട്ട് എന്നെ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തേയ്ക്ക് ആനയിച്ചു കൊണ്ടുപോകുന്നു.

ഒരൊറ്റ അപേക്ഷ മാത്രം:

ഞാന്‍ പരാതിപ്പെടരുത്, കാലു പിടിക്കാം.

എന്റെ കാലല്ല പിടിക്കേണ്ടത്. കൊല്ലത്തു നിന്നു കയറിയ ആ രണ്ടു പാവങ്ങളുടെ കാലാണ് പിടിക്കേണ്ടത്, അവരോടാണു മാപ്പു പറയേണ്ടത്.

തീവണ്ടി മുറിയിലെ ചിലര്‍ കൂടി സ്റ്റേഷന്‍ മാസ്റ്ററുടെ മുറിക്കു പുറത്തു നില്‍ക്കുന്നുണ്ട്. അവരുടെ മുമ്പില്‍ വച്ച്, കൊല്ലത്തു നിന്നു കയറിയ ആ രണ്ടു പേരോടും സ്‌ക്വാഡ് മാപ്പു പറഞ്ഞു.

എന്റെ ദേഹത്തു തൊട്ട പൊലീസുകാരന്‍ എന്നോടും മാപ്പു ചോദിച്ചു.

സംഭവം അങ്ങനെ അവസാനിച്ചു.

അതിനു ശേഷം അറിഞ്ഞ കാര്യങ്ങള്‍ കൂടി താഴെ ചേര്‍ക്കുന്നു:

1. കൊല്ലത്തു നിന്നു കയറിയ രണ്ടു പേരില്‍ ഒരാള്‍ മലയാളത്തിലെ സൂപ്പര്‍ താരത്തിന്റെ മേക്കപ്പ്മാനാണ്. ഫാന്‍ കറങ്ങാത്തതിനു പരാതിപ്പെട്ട അയാളും പൊട്ടിത്തെറിച്ച ടി ടി ഇ യും ഒരേ നാട്ടുകാരും മുന്‍പരിചയക്കാരുമാണ്. ടി ടി ഇ യ്ക്ക് ആ മേക്കപ്പ്മാനോടുള്ള രാഷ്ട്രീയ വിരോധമായിരുന്നു പൊട്ടിത്തെറിക്കു പിന്നില്‍. (തമ്പാനൂരില്‍ വച്ചു തന്നെ ആ മേക്കപ്പ്മാന്‍ പറഞ്ഞതാണ്)

2. ഞാന്‍ തിരുവനന്തപുരത്തിറങ്ങി പരാതി നല്‍കും മുമ്പേ എനിക്കെതിരായ പരാതി (സ്ത്രീത്വത്തെ അപമാനിച്ചതേയ്!) രേഖപ്പെടുത്തി വയ്ക്കാനാണ് കഴക്കൂട്ടത്ത് വണ്ടി പിടിച്ചത്.

3. ഞാനാരാണെന്നു ഞാന്‍ പറഞ്ഞില്ലെങ്കിലും സംഭവം നടന്ന സമയം തന്നെ തമ്പാനൂര്‍ സ്റ്റേഷനിരിക്കുന്ന സ്ഥലത്തിന്റെ ചുമതലയുള്ള മജിസ്‌ട്രേറ്റും മറ്റൊരു മജിസ്‌ട്രേറ്റും അറിഞ്ഞു. റെയില്‍വേ വഴി സംഭവം ചോര്‍ന്നതാണ്. അവര്‍ ഇരുവരും തമ്പാനൂരേയ്ക്കു പാഞ്ഞു വന്നെങ്കിലും പെട്ടെന്നു കനത്ത മഴ പെയ്ത് തമ്പാനൂര്‍ വെള്ളത്തിനടിയിലായി. അവര്‍ക്കു കടക്കാന്‍ പോലും കഴിയാതെ തിരിച്ചുപോകേണ്ടി വന്നു.

രണ്ടാമത്തെയും മൂന്നാമത്തെയും കാര്യങ്ങള്‍ പിറ്റേന്ന് എന്നെ അറിയിച്ച എന്റെ സഹപ്രവര്‍ത്തകരായിരുന്ന ആ മജിസ്‌ട്രേറ്റുമാര്‍ എന്നോട് ഇത്രയും കൂടി പറഞ്ഞു:

- ടി ടി ഇക്കെതിരെ വേണ്ടിവന്നാല്‍ ഓണ്‍ ദ സ്‌പോട്ട് കേസെടുക്കാന്‍ കൂടിയാണ് ഞങ്ങള്‍ വന്നത്. പക്ഷേ ഇതു പോലൊരു മഴ, അതും ഈ വേനലില്‍! നിങ്ങളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കെന്നല്ല ആര്‍ക്കും കഴിയില്ല. നിങ്ങള്‍ വീട്ടില്‍ വെറുതെയിരുന്നാലും നിങ്ങളെ അന്വേഷിച്ച് പ്രശ്‌നങ്ങള്‍ നിങ്ങടെ വീട്ടില്‍ വരും. പറ്റുമെങ്കില്‍ തീവണ്ടിയില്‍ കയറാതിരിക്കുക, ചേര്‍ത്തല തൊട്ട് തിരുവനന്തപുരം വരെ നടക്കുക...

നടന്നിട്ടും കാര്യമൊന്നുമില്ലെന്ന് പണ്ടേ എനിക്കറിയാം.

നടന്നാല്‍ ആറ്റിങ്ങലെത്തുമ്പോള്‍ പിങ്ക് പൊലീസ് പിടിക്കും.

എന്നു കരുതി വീട്ടിലിരുന്നാലോ, ദേവേന്ദ്രന്മാര്‍ പൊലീസ് അന്വേഷണം വരെ ഉത്തരവിട്ടു കളയും.

ഇങ്ങനെയൊക്കെയാണ് ജനത്തെ ചവിട്ടിക്കൂട്ടുന്നത്.

ദിലീപ് കേസിലെ ഉന്നതന്‍ ആലുവയിലെ രാഷ്ട്രീയ നേതാവ്?: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്ദിലീപ് കേസിലെ ഉന്നതന്‍ ആലുവയിലെ രാഷ്ട്രീയ നേതാവ്?: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

Recommended Video

cmsvideo
  പൊലീസ് നായയെ വരെ വഴിതെറ്റിച്ച് മിന്നൽ മുരളിയുടെ കണ്ണ് കെട്ടിക്കളി | Oneindia Malayalam
  English summary
  Former Judge S Sudeep reveals his misfortune with Railway Police on the Netravati Express
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X