തോൽപ്പിക്കാന്‍ സിഐടിയു വോട്ടുമറിച്ചു; കോൺഗ്രസിന്റെ കോടികളുടെ കോഴ വാഗ്ദാനം; വെളിപ്പെടുത്തി സെബാസ്റ്റ്യൻ പോൾ
ദില്ലി: കോണ്‍ഗ്രസിനെതിരെയും സിഐടിയുവിനെതിരെയും വെളിപ്പെടുത്തലുമായി സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത്. താന്‍ എംപിയായിരുന്ന സമയത്ത് നടന്ന ചില കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്റെ കാലം എന്റെ ലോകം എന്ന ആത്മകഥാ രൂപത്തിലുള്ള പുസ്തകത്തിലാണ് ഇപ്പോള്‍ അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ആണവകരാറിന്റെ പേരില്‍ യുപിഎ സര്‍ക്കാരിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുത്താന്‍ സ്വതന്ത്ര എംപിയായ തനിക്ക് കോടികളുടെ കോഴ വാഗ്ദാനം ചെയ്‌തെന്നാണ് സെബാസ്റ്റിയന്‍ പോളിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

അവിശ്വാസ പ്രമേയത്തില്‍ യുപിഎ സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രണബ് മുഖര്‍ജിയാണ് ഏറ്റെടുത്തത്. ഭൂരിപക്ഷം ഉറപ്പിക്കുകയെന്ന് പറഞ്ഞാല്‍ കുറേ എംപിമാരെ ചാക്കിലാക്കുക എന്നാണ് അര്‍ത്ഥം. ഒരു ദിവസം പ്രത്യേകിച്ച് പരിപാടികളൊന്നുമില്ലാതെ നമ്പര്‍ 20, ആര്‍ പി റോഡില്‍ തനിച്ചിരിക്കുമ്പോഴാണ് രണ്ട് പേര്‍ 'ചാക്കു'മായി വന്നത്. പ്രണബിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ തന്നെ കാണാന്‍ വന്നതെന്ന് വിശദീകരിച്ചിരുന്നു.

സ്വതന്ത്ര എംപിയെന്ന നിലയില്‍ വിപ്പ് ലംഘനം ഉണ്ടാവാത്തതിനാല്‍ ഞാന്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും അത് പറ്റില്ലെങ്കില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ടിനും പ്രതിഫലമുണ്ട്. ചോദ്യക്കോഴയില്‍ എംപിമാരെ കുടുക്കിയതിനാല്‍ എത്രയെന്ന് ചോദിക്കാതെ ആ സംഭാഷണം അവിടെ അവസാനിച്ചെന്ന് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.

പിറ്റേ ദിവസം വയലാര്‍ രവിയെ കണ്ടപ്പോഴാണ് അത് സ്റ്റിംഗ് ഓപ്പറേഷന്‍ അല്ലെന്ന് മനസിലായത്. പ്രണബിന്റെ ലിസ്റ്റില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യിച്ചതായി എന്ന അറിയാവുന്ന രവി പറഞ്ഞു. അന്ന് വയലാര്‍ രവി പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു. അന്ന് അവിടെ എത്തിയ പ്രണബിന്റെ ദൂതര്‍ കോടികള്‍ എന്ന് പറഞ്ഞതായാണ് എന്റെ ഓര്‍മ്മ- സെബാസ്റ്റിയന്‍ പോള്‍ പുസ്തകത്തില്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ സിഐടിയു വോട്ട് മറിച്ചതിനെ കുറിച്ചും 1998ലെ തോല്‍വിയെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. വിഎസ് പക്ഷക്കാരനായി തെറ്റിദ്ധരിക്കപ്പെട്ട ഞാന്‍ സിഐടിയു വിഭാഗത്തിന് അനഭിമനായെന്ന് അദ്ദേഹം പറയുന്നു. അന്ന് അവര്‍ കളമശേരിയില്‍ ഇ ബാലാനന്ദന്റെ വസതിയില്‍ സമ്മേളിച്ചാണ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. തന്റെ അഭ്യുദയകാംക്ഷികളായ നേതാക്കള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

50 വോട്ടുതകള്‍ വീതം ബുത്തടിസ്ഥാനത്തില്‍ മറിക്കുക എന്ന വിജയകരമായ തന്ത്രമാണ് അവര്‍ നടപ്പാക്കിയത്. 1300 ബൂത്തുകളുള്ള മണ്ഡലത്തില്‍ 65,000 വോട്ട് കണക്കനുസരിച്ച് എനിക്ക് നഷ്ടപ്പെട്ട് എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുകയും ചെയ്‌തെന്ന് സെബാസ്റ്റ്യന്‍ പോള്‍ പുസ്തകത്തില്‍ പറയുന്നു.












Click it and Unblock the Notifications