തന്‍റെ ഫോണും ചോര്‍ത്തിയെന്ന് ചെന്നിത്തല: കോടിയേരിയുടെ കാലത്ത് ചോര്‍ത്തല്‍ യന്ത്രം വാടക വീട്ടില്‍
തിരുവനന്തപുരം: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. വിഷയം പാര്‍ലമെന്‍റില്‍ അടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.
ഫോണ്‍ ചോര്‍ത്തല്‍ വിവാദം ദേശീയ തലത്തില്‍ ഇത്തരത്തില്‍ ശക്തമായിരിക്കെയാണ് പ്രതിപക്ഷ നേതാവ് ആയിരിക്കെ തന്റെ ഫോണും ചോര്‍ത്തപ്പെട്ടെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്‍റെ ഫോണ്‍ കോളുകള്‍ നിരന്തരം നിരീക്ഷിച്ചിരുന്നുവെന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ രമേശ് ചെന്നിത്തല അവകാശപ്പെടുന്നത്. നേരത്തെ ആഭ്യന്തര മന്ത്രി ആയിരുന്നതിനാല്‍ തന്നെ പൊലീസ് ഫോണ്‍ ചോര്‍ത്തുന്ന രീതികളെ കുറിച്ച് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ ഫോണുകള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് രേഖാ മൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഭവമേയില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് വാടകവീട്ടിലായിരുന്നു ഫോണ്‍ ചോര്‍ത്താനുള്ള യന്ത്രം സ്ഥാപിച്ചിരുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു.

ആഭ്യന്തര മന്ത്രി സ്ഥാനത്ത് താന്‍ വന്നപ്പോഴാണ് അത് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റുന്നത്. ആഭ്യന്തര സെക്രട്ടരിയുടെ അനുമതിയില്ലാതെ ആരുടേയും ഫോണ്‍ ചോര്‍ത്തരുതെന്ന നിര്‍ദേശവും അന്ന് നല്‍കി. രാജ്യദ്രോഹം, കള്ളനോട്ടടി തുടങ്ങിയവയുമായി ബന്ധമുള്ളവരുടെ ഫോണുകൾ മാത്രമാണ് അന്ന് ചോർത്തിയിരുന്നത്.

എന്നാല്‍ അധികാരത്തില്‍ എല്‍ഡിഎഫ് എത്തിയതോടെ ഈ രീതിക്ക് മാറ്റം വന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള പൊലീസ് ഉദ്യോഗസ്ഥരെ വെച്ച് പ്രധാനപ്പെട്ട ആളുകളുടെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങി. അങ്ങനെയാണ് താനും അതില്‍ ഉള്‍പ്പെട്ടത്. ഇപ്പോള്‍ അത് തുടരുന്നില്ലെങ്കിലും ഫോണുകള്‍ ചോര്‍ത്തപ്പെട്ടു എന്നുള്ളത് സത്യമായ കാര്യമാണെന്നും രമേശ് ചെന്നിത്തല അവകാശപ്പെടുന്നു.

അതേസമയം, പെഗാസസ് ചാര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ജെപിസി അന്വേഷിച്ചാല്‍ അട്ടമറിക്കപ്പെടുമെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി വിഷയം അന്വേഷിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിയെ വരെ വിളിച്ച് വരുത്താന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാറിന് കീഴില്‍ രാജ്യത്ത് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications