ജസ്നയ്ക്ക് എന്താണ് സംഭവിച്ചത്? ജീവനോടെ ഉണ്ടോ? ജസ്ന അപ്രത്യക്ഷയായിട്ട് നാല് വർഷങ്ങൾ
കോട്ടയം: കോട്ടയം സ്വദേശിയായ ജസ്‌ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടിയുടെ തിരോധാനം ഇന്നും ഒരു ഉത്തരമില്ലാത്ത ചോദ്യമായി കേരളത്തിന് മുന്നില്‍ തുടരുകയാണ്. ജസ്‌ന ഒരു പകലില്‍ കാണാമറയത്തേക്ക് പോയിട്ട് ഇന്നേക്ക് നാല് വര്‍ഷം തികഞ്ഞിരിക്കുകയാണ്.
പല കഥകളും ഊഹാപോഹങ്ങളും ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പരന്നുവെങ്കിലും ഒന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജസ്‌ന എവിടെ, എന്ത് സംഭവിച്ചു, ജീവനോടെ ഉണ്ടോ എന്നതടക്കം നിരവധി ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടേണ്ടതുണ്ട്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ രണ്ടാം വര്‍ഷം ബി കോം വിദ്യാര്‍ത്ഥിനി ആയിരുന്നു ജസ്‌ന. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2018 മാര്‍ച്ച് 22ന് പകല്‍ ജസ്‌ന അപ്രത്യക്ഷയായി. എവിടേക്ക് പോയി എന്നതിന് ഒരു തെളിവും അവസാനിപ്പിക്കാതെ, വീട്ടുകാരേയും നാട്ടുകാരേയും അന്വേഷണ സംഘത്തേയും അമ്പരപ്പിച്ച് ജസ്‌ന അക്ഷരാര്‍ത്ഥത്തില്‍ മാഞ്ഞ് പോയി. നാല് വര്‍ഷമായിട്ടും ജസ്‌നയുടെ തിരോധാനത്തെ കുറിച്ച് ഒരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല.

കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജസ്‌ന മരിയ ജെയിംസ്. മുണ്ടക്കയം പുഞ്ചവയലിലുളള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ജസ്‌ന അന്ന് വീട്ടില്‍ നിന്നും ഇറങ്ങിയത്. എരുമേലി വരെ ജസ്‌ന എത്തിയതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അവിടെ നിന്ന് ജസ്‌ന എവിടേക്കാണ് പോയത് എന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

ജസ്‌ന മൊബൈല്‍ ഫോണില്‍ നിന്നും അയച്ച അവസാന സന്ദേശം മരിക്കാന്‍ പോകുന്നു എന്നായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പഠിക്കാനുളള പുസ്തകങ്ങള്‍ ജസ്‌ന കയ്യില്‍ കരുതിയിരുന്നു. എന്നാല്‍ മൊബൈലോ പഴ്‌സോ അടക്കം മറ്റൊന്നും എടുത്തിരുന്നുമില്ല. വെച്ചൂച്ചിറ പോലീസ് ആണ് ആദ്യം ജസ്‌ന തിരോധാനക്കേസ് അന്വേഷിച്ചത്. എന്നാല്‍ ഒരു തുമ്പും ലഭിച്ചില്ല.

ജസ്‌നയുടെ തിരോധാനം വലിയ വാര്‍ത്തയായതോടെ പോലീസ് ജസ്‌നയെ തിരഞ്ഞ് കേരളത്തിന് പുറത്ത് പലയിടത്തും പോയി. ജസ്‌നയെ ബെംഗളൂരുവിലും മറ്റും കണ്ടതായുളള പല സന്ദേശങ്ങളും പോലീസിന് ലഭിച്ചു. അതിനൊക്കെ പിന്നാലെ പലതവണ പോയെങ്കിലും അന്വേഷണ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല. ജസ്‌നയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഡിജിപി 5 ലക്ഷം സമ്മാനം പ്രഖ്യാപിച്ചിട്ടും അന്വേഷണത്തെ സഹായിക്കുന്നതൊന്നും ലഭിച്ചില്ല.
Recommended Video

ലോക്കല്‍ പോലീസില്‍ നിന്നും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പത്തനംതിട്ട മുന്‍ ജില്ലാ പോലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തില്‍ ആയിരുന്നും അന്വേഷണം. ഒരു ഘട്ടത്തില്‍ ജസ്‌ന കേസില്‍ ശുഭവാര്‍ത്ത ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ആയിരുന്ന ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞുവെങ്കിലും അതിന് ശേഷം ഒന്നുമുണ്ടായില്ല. പിന്നീടാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്. സിബിഐ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ജസ്‌ന തിരിച്ച് വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് കുടുംബം.












Click it and Unblock the Notifications