ഇന്ധനക്കൊള്ള തുടരുന്നു: വിലയില്‍ ഇന്നും വര്‍ദ്ധന, പെട്രോള്‍ വില തിരുവനന്തപുരത്ത് 107 കടന്നു
തിരുവനന്തപുരം : രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധന. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 101 രൂപയുടെ അടുത്തെത്തി. ഒരു ലിറ്റര്‍ ഡീസലിന് 100.57 രൂപയാണ് തിരുവനന്തപുരത്തെ വില. പെട്രോള്‍ വില തിരുവനന്തപുരത്ത് 107 കടന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 98.62 രൂപയും പെട്‌കോളിന് 104.97 രൂപയുമാണ്. കോഴിക്കോട് ഒരു ലിറ്റര്‍ ഡീസലിന് 98.93 രൂപയായി. പെട്രോളിന് ഇന്നത്തെ വില 105.23 രൂപയാണ്. അതേസമയം, ദിവസേനയുള്ള ഇന്ധനവില വര്‍ദ്ധനവ് കനത്ത തിരിച്ചടിയാണ് ജനങ്ങള്‍ക്ക് സൃഷ്ടിക്കുന്നത്. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് ഇപ്പോള്‍ ഇന്ധനവില വര്‍ദ്ധന തുടരുന്നത്. കനത്ത പ്രതിസന്ധിയാണ് ഇന്ധന വില വര്‍ദ്ധന ജനങ്ങള്‍ക്ക് വരുത്തവച്ചിരിക്കുന്നത്.
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്. അതേസമയം, ഇന്ധനവില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ത്തിരുന്നു. കഴിഞ്ഞ ജി എസ് ടി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായിരുന്നു.
Recommended Video
കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അവയെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ് വേണ്ടെന്ന നിലപാാണ് കേരളം സ്വീകരിച്ചത്. പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിന്റെ പകുതിയും ഇവയില്‍ നിന്നാണ് വരുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 26 രൂപയും ഡീസല്‍ നിന്ന് 29 രൂപയും അധിക സെസായി കേന്ദ്രം ഈടാക്കുന്നുണ്ട്. പെട്രോള്‍ / ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍ ഈ സെസ് പിന്‍വലിക്കുകയാണ് ആദ്യം വേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. പെട്രോളിയത്തെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ വിഹിതം കൂടി കേന്ദ്രത്തിലേക്കെത്തും എന്നതല്ലാതെ വില കുറയില്ല എന്ന് കേന്ദ്രത്തിനു നന്നായറിയമെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications