സഹതാപം കുറഞ്ഞാലോ; മകനു വോട്ടുപിടിക്കാന്‍ സുലേഖ ജോലി രാജിവെച്ചു
തിരുവനന്തപുരം: അരുവിക്കര ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മകനുവേണ്ടി വോട്ടു പിടിക്കാന്‍ അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ഭാര്യ എം ടി സുലേഖ സര്‍ക്കാര്‍ ജോലി രാജിവെച്ചു. സര്‍വ വിജ്ഞാന കോശം ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടറായിരുന്നു സുലേഖ. കാര്‍ത്തികേയന്റെ ഭാര്യ ജോലി രാജിവെച്ചതായി ഇന്‍സ്റ്റിറ്റൂട്ടിന്റെ ചുമതലയുള്ള സാംസ്‌കാരിക മന്ത്രി കെ.സി ജോസഫാണ് അറിയിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ചട്ടം അനുവദിക്കാത്തതുകൊണ്ടാണ് രാജി. സുലേഖ മകനുവേണ്ടി വോട്ടഭ്യര്‍ഥിച്ചത് ചട്ടലംഘനമാണെന്ന് കാട്ടി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് രാജിവച്ചന്നാണ് സൂചന.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അരുവിക്കരയില്‍ ജയിച്ചുകയറുക യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സുലേഖയെ തന്നെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം. സുലേഖ മത്സരിക്കുകയാണെങ്കില്‍ കാര്‍ത്തികേയന്‍ മരിച്ചതിന്റെ സഹതാപ വോട്ടുകള്‍ നേടാമെന്നായിരുന്നു പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍.
എന്നാല്‍ സുലേഖ മത്സരിക്കാന്‍ കൂട്ടാക്കാത്തതോടെ മകന്‍ ശബരിനാഥനെ കോണ്‍ഗ്രസ് രംഗത്തിറക്കുകയായിരുന്നു. അതേസമയം, കാര്യമായ രാഷ്ട്രീയ പരിചയമില്ലാത്ത ശബരീനാഥനെ നേതാവിന്റെ മകനെന്ന ലേബല്‍ മുന്‍നിര്‍ത്തി മത്സരിപ്പിക്കുന്നതിനെതിരെ കെ എസ് യു അടക്കമുള്ള യുവ സംഘടനകള്‍ പ്രതികരിക്കുകയും ചെയ്തു. കോണ്‍ഗ്രസിനകത്തും ശബരീനാഥന്റെ സ്ഥാനാര്‍ഥിത്വം അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications