കുഴല്‍പ്പണ വിതരണക്കാരെ ആക്രമിച്ച് പണം തട്ടുന്ന സംഘം പേരാമ്പ്ര പൊലീസിന്റെ പിടിയില്‍
കോഴിക്കോട്: കുഴല്‍പ്പണ വിതരണക്കാരെ ആക്രമിച്ച് പണം തട്ടുന്ന സംഘം പിടിയില്‍. ബൈക്കില്‍ സഞ്ചിരിക്കുന്ന കുഴല്‍പ്പണ വിതരണക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത് വഴിയില്‍ ഉപേക്ഷിക്കുന്ന സംഘമാണ് പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്. അന്തർ സംസ്ഥാന തലത്തില്‍ പ്രവർത്തിക്കുന്ന സംഘമാണ് ഇത്.
പോണ്ടിച്ചേരി സ്വദേശികളായ വിനോദ്(21), മരിയന്‍(24), ശ്രീറാം(21), മാഹി സ്വദേശി ഷിജിന്‍(35) എന്നിവരാണ് പിടിയിലായിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിച്ച് കുഴല്‍പ്പണം വിതരണം ചെയ്യുന്ന ആളുകളെ ഇവർ നേരത്തെ തന്നെ മനസ്സിലാക്കി വെക്കും. പിന്നീട് ഇവരെ പിന്തുടർന്ന് പിടികൂടുകയും വാഹനത്തില്‍ കയറ്റി മർദ്ദിച്ച് പണം കൈക്കലാക്കിയ ശേഷം വഴിയില്‍ ഉപേക്ഷിച്ച് കടന്ന് കളയുന്നതുമാണ് ഇവരുടെ രീതി.

കഴിഞ്ഞ സെപ്റ്റംബര്‍ പത്തിന് കോഴിക്കോട് കടമേരി സ്വദേശി ജെയ്‌സലിനെ ഇത്തരത്തില്‍ ആക്രമിച്ച സംഘം ഏഴ് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ക്രൂരമായി മർദ്ദനമേറ്റ ജെയ്‌സലിനെ വെള്ളിയൂരിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയെങ്കിലും നമ്പര്‍ വ്യാജമായിരുന്നു. ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയായി.
എന്നാല്‍ ആ സമയത്ത് പ്രദേശത്ത് ആക്ടീവായിരുന്ന മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മാഹിയിലെ ലോഡ്ജില്‍ നിന്ന് നാല് പേരെയും പിടികൂടിയത്. പേരാമ്പ്ര ഡിവൈ എസ്പി വിവി ലതീഷ്, ഇന്‍സ്‌പെക്ടര്‍ പി ജംഷീദ്, എസ്‌ഐ ഷമീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിഎം സുനില്‍ കുമാര്‍, വിനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ വിസി ശ്രീജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications