'ഷിരൂരിലേക്ക് പോകുന്നത് രക്ഷാപ്രവർത്തനത്തിൽ തലയിടാനല്ല,വിമർശിക്കുന്നവർ കേരളത്തിന്റെ ഇടപെടൽ വിസ്തമരിക്കരുത്'
കോഴിക്കോട്: കർണാടകയിലിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം 11ാം ദിവസത്തിലേക്ക്. ഇന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ കേരളത്തിന്റെ രണ്ട് മന്ത്രിനാർ ഷിരൂരിലേക്ക് പോകും. മന്ത്രി എകെ ശശീന്ദ്രനും പിഎ മുഹമ്മദ് റിയാസുമായി ഷിരൂരിലെത്തുക. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മന്ത്രിമാരുടെ യാത്ര. ഉച്ചയോടെ ഇവർ ഷിരൂരിൽ എത്തിച്ചേരും.
അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ടറിയാനാണ് ഷിരൂരിലേക്ക് പോകുന്നതെന് മന്ത്രി എകെ ശശീന്ദ്രൻ വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു രക്ഷാപ്രവർത്തനത്തിൽ ഇടപെടില്ല. കേരളത്തിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെങ്കിൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാർ എന്തുകൊണ്ട് നേരത്തേ പോയില്ലെന്ന് വിമർശിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ വിസ്മരിക്കരുതെന്നും മന്ത്രി വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

'കാര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുന്നതിനാണ് പോകുന്നത്. ഔദ്യോഗിക പ്രതികരണം ചോദിച്ചറിയും. രക്ഷാപ്രവർത്തനത്തിൽ ഇടപെടില്ല. മറിച്ച് കേരളത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ ചെയ്യും. കേരളത്തിലെ മന്ത്രിമാർ എന്തുകൊണ്ട് അവിടെ നേരത്തേ പോയില്ലെന്ന് വിമർശിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെയാണ് അർജുന്റെ രക്ഷാപ്രവർത്തനം ഊർജിതമായതെന്ന വസ്തുത വിസ്മരിക്കരുതെന്നും മന്ത്രി പറഞ്ഞു.
അർജുന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അപലപനീയമാണെന്നും മന്ത്രി പ്രതികരിച്ചു. 'വകതിരിവില്ലാത്ത ആളുകൾ പെരുമാറുന്ന നീചമായ പ്രവൃത്തിയാണത്. ദുഃഖമെന്താണ്, സന്തോഷമെന്താണ്, തമാശ എന്താണെന്ന് മനസിലാകാതെ സൈബർ പോരാളികൾ പെരുമാറുന്നത് അവരുടെ ക്രെഡിബിളിറ്റിയെ ബാധിക്കും. ഇവരുടെ പ്രവർത്തനങ്ങൾ വളരെ ക്രൂരമാണെന്നാണ് ജനങ്ങൾ വിലയിരുത്തുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും', മന്ത്രി പറഞ്ഞു.
അതേസമയം ഷിരൂരിലെ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം തീർക്കുന്നുണ്ട്. പ്രദേശത്ത് ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമായതിനാൽ മുങ്ങൽവിദഗ്ധർക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല. നിലവിൽ ഒഴുക്ക് 6 നോട്സ് ആണ്. 3 നോട്സിനു താഴെ എത്തിയാലെ മുങ്ങൽവിദഗ്ധർക്ക് ഇറങ്ങാനാകു. അതേസമയം വീണ്ടും ഡ്രോൺ പരിശോധന തുടങ്ങിയുണ്ട്. പുഴയിലേക്ക് കൂടുതൽ യന്ത്രങ്ങളെത്തിച്ച് പരിശോധന വ്യാപിപ്പിക്കും. യന്ത്രങ്ങൾ വാഹനങ്ങളിൽ എത്തിക്കാൻ റാംപുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
റോഡിൽ നിന്നും 60 മീറ്റർ ദൂരത്ത് പുഴയിലാണ് നിലവിൽ ലോറി ഉള്ളത്. പുഴയിലേക്ക് 5 മീറ്റർ താഴ്ചയിലാണ് ഇത്. കഴിഞ്ഞ ദിവസം തെർമൽ ഇമേജിങ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പുഴയ്ക്കടിയിലുള്ള ലോറിക്കുള്ളിൽ മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ലോറിയുടെ ഡ്രൈവൻ കാബിൻ തകർന്നിട്ടില്ലെന്നാണ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയത്. ഇതിനുള്ളിൽ അർജുൻ ഉണ്ടോയെന്നതാണ് ഇനി പരിശോധിക്കേണ്ടത്.
അപകടം സംഭവിച്ചപ്പോൾ അർജുൻ അകത്തായിരുന്നോ അതോ പുറത്തായിരുന്നോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. ലോറിയുടെ ജിപിഎസ് പ്രകാരം മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് എൻജിൻ ഓണായിരുന്നു. അർജുൻ അകത്ത് ഉണ്ടായിരുന്നുവെങ്കിൽ കാബിൻ ലോക്കായിട്ടുണ്ടാകും. അങ്ങനെയെങ്കിൽ അകത്ത് കുടുങ്ങിപ്പോയിട്ടുണ്ടാകും. അതല്ല അപകടസമയത്ത് പുറത്തായിരുന്നുവെങ്കിൽ പുഴയിലേക്ക് ഒലിച്ച് പോകാനുള്ള സാധ്യതയും ഉണ്ട്.












Click it and Unblock the Notifications