മൂവാറ്റുപുഴയിൽ പട്ടാപ്പകൽ കള്ളനെത്തി, താക്കോലെടുത്ത് വീട് തുറന്ന് കവർച്ച,താക്കോൽ തിരികെവച്ച് മടങ്ങി
മോഷണത്തിന് ശേഷം താക്കോൽ ഉണ്ടായിരുന്ന സ്ഥലത്ത് തിരിച്ചു വച്ചാണ് മോഷ്ടാവ് സ്ഥലം വിട്ടത്.

മൂവാറ്റുപുഴ: പേഴക്കാപള്ളിയിൽ പട്ടാപ്പകൽ വീട് തുറന്ന് സ്വർണവും പണവും കവർന്നു. ഇടപ്പാറ ബാവയുടെ വീട്ടിലാണ് കവർച്ച നടന്നത്. ബാവയും കുടുംബവും പള്ളിയിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. വാതിലുകൾ പൂട്ടി താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും താക്കോലെടുത്ത് വാതിൽ തുറന്നാണ് മോഷ്ടാവ് വീട്ടിൽ കയറിയത്.
രണ്ട് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണവും, രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷണം പോയിട്ടുള്ളത്. മോഷണത്തിന് ശേഷം താക്കോൽ ഉണ്ടായിരുന്ന സ്ഥലത്ത് തിരിച്ചു വച്ചാണ് മോഷ്ടാവ് സ്ഥലം വിട്ടത്. മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടാപ്പകൽ നടന്ന മോഷണത്തിൽ പകച്ച് നിൽക്കുകയാണ് എല്ലാവരും.
അതേ സമയം, ഇതുപോലെ മറ്റൊരു സംഭവം കൂടിനടന്നു. വയനാട് കൽപ്പറ്റ നഗരത്തിലെ ബീവറേജസ് കോർപറേഷന്റെ പ്രീമിയം ഔട്ട്ലെറ്റിൽ ഹെൽമറ്റ് ധരിച്ചെത്തി വില കൂടിയ മദ്യക്കുപ്പികൾ സ്ഥിരമായി മോഷ്ടിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുട്ടിൽ സ്വദേശി രാജേന്ദ്രനെയാണ് പോലീസ് പിടികൂടിയത്. വിവിധ ദിവസങ്ങളിലായി ഹെൽമറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഔട്ട്ലെറ്റിലെ ജീവനക്കാർ കൽപ്പറ്റ പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ഒരു മാസമായി സ്റ്റോക്കെടുക്കുമ്പോൾ വില കൂടിയ ചില ബ്രാൻഡ് മദ്യങ്ങൾ കാണാതാവുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
തുടർന്ന് പരിശോധിച്ചെങ്കിലും മോഷണം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഔട്ട്ലെറ്റിനുള്ളിൽ ക്യാമറ സൗകര്യങ്ങളും ജീവനക്കാരും കുറവായിരുന്നു. എന്നാൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും കൂടുതൽ ക്യാമറകൾ പുതിയതായി സ്ഥാപിക്കുകയും ചെയ്തതോടെയാണ് മോഷണം നടന്നതായി വ്യക്തമായതെന്ന് ഔട്ട്ലെറ്റ് അധികൃതർ പറഞ്ഞു. പതിവായി ഹെൽമറ്റും കോട്ടും ധരിച്ചാണ് മദ്യം മോഷ്ടിക്കാനായി പ്രതി എത്തിയിരുന്നത്.
വിലകൂടിയ മദ്യം എടുത്ത് ഒളിപ്പിച്ചതിന് ശേഷം വിലകുറഞ്ഞ ടിൻ ബിയർ വാങ്ങി പണവും നൽകി ഔട്ട്‍ലെറ്റിൽ നിന്ന് ഇയാൾ പുറത്തേക്ക് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. മോഷണം നടന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഹെൽമറ്റ് ധരിച്ച് ഔട്ട്‍ലെറ്റിൽ പ്രവേശിക്കുന്നത് തടയാനുള്ള തീരുമാനത്തിലാണ് ഔട്ട്‌ലെറ്റ് ജീവനക്കാർ.












Click it and Unblock the Notifications