സ്വർണം വാങ്ങുന്നത് വന്‍ മണ്ടത്തരമാകുമോ? വില വർധിക്കുമോ? അതോ കുറയുമോ? വിദഗ്ധർ പറയുന്നത്
സ്വർണവിലയുടെ പ്രവചനാതീതകള്‍ക്കുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസത്തെ ഏറ്റക്കുറച്ചിലുകള്‍. രാവിലെ ഗ്രാമിന് 130 വർധിച്ച് 10845 രൂപയും പവന് 1040 കൂടി 86760 രൂപ എന്ന നിരക്കിലുമായിരുന്നു വില്‍പ്പന. എന്നാല്‍ ഉച്ചക്ക് ശേഷം വിലയില്‍ അപ്രതീക്ഷിതമായ ഇടിവ് ഉണ്ടായി. രണ്ട് മണിയോടെ രണ്ടിന് ഗ്രാമിന് 80 രൂപ കുറഞ്ഞ് 10765 രൂപയും പവന് 649 രൂപ ഇടിഞ്ഞ് 86120 രൂപയുമായി.
ആഗോള വിപണിയല്‍ നിക്ഷേപകർ ലാഭമെടുപ്പ് ശക്തമാക്കിയതോടെയാണ് വില താഴേക്ക് ഇറങ്ങിയത്. ഇതോടെ 3798 ഡോളറിലേക്ക് വില കൂപ്പുകുത്തി. ഇതാണ് കേരള വിപണിയിലും പ്രതിഫലിച്ചത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ കുറഞ്ഞ് 8915 രൂപയായിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണത്തിന് ഉച്ചയ്ക്ക് നിശ്ചയിച്ച വിലയില്‍ വീണ്ടും 70 രൂപ കുറച്ച് 8855 ലേക്ക് എത്തിച്ചു. വെള്ളിവിലയില്‍ രാവിലെ 1 രൂപ കൂടിയിരുന്നെങ്കിലും ഉച്ചക്ക് ശേഷം മാറിയില്ല. ഗ്രാമിന് 157 രൂപയാണ് നിരക്ക്.

ലാഭമെടുപ്പിന്റെ അനുകൂല്യം ഒരുപക്ഷെ ഇന്നുകൂടെ ലഭിച്ചേക്കാമെങ്കിലും സ്വർണ്ണ വില മുകളിലേക്ക് തന്നെ പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമേരിക്കയിൽ കേന്ദ്ര സർക്കാർ പ്രവർത്തനങ്ങളുടെ സ്തംഭനാവസ്ഥ രണ്ടാം ദിനത്തിലേക്ക് കടക്കുന്നത് ഉള്‍പ്പെടേയുള്ള ഘടകങ്ങള്‍ സ്വർണ്ണ വില ഉയരുന്നതിന് അനുകൂല്യ സാഹചര്യം ഒരുക്കുന്നു. സർക്കാർ ചിലവുകൾക്കായുള്ള ധന അനുമതി ബിൽ ഇന്നലെ വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെ, ലക്ഷ കണക്കിന് സർക്കാർ ജീവനക്കാരാണ് പ്രതിസന്ധിയിലായത്. ഇവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസ് ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
അടച്ചുപൂട്ടലിലൂടെ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് യു എസ് കോൺഗ്രസ് പാസാക്കുന്നതാണ് അമേരിക്കയിലെ രീതി. എന്നാല്‍ ഇത്തവണ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ സമവായത്തിൽ എത്താനായില്ല. ഇതോടെയാണ് രാജ്യം അനിവാര്യമായ അടച്ചുപൂട്ടലിലേക്ക് കടന്നത്.
ആരോഗ്യസേവനം, അതിര്‍ത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടിട്ടുണ്ട്. ശമ്പളം കൊടുക്കാന്‍ പോലുമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീണ്ടുകൊണ്ടിരിക്കുന്നത്. അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രത്യാഘാതം ആഗോളവിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. ഇത് സ്വാഭാവികമായും സ്വർണ്ണ വിലയെ മുകളിലേക്ക് ഉയർത്തും.
ഇന്ത്യയിൽ, ദീപാവലി പോലുള്ള ഉത്സവ സീസണിന് മുന്നോടിയായി സ്വർണവും വെള്ളിയും വാങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നതും വിലക്കയറ്റത്തിന്റെ ആക്കം കൂട്ടുന്നു. "അമേരിക്കയിലെ പലിശനിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾ, ഉത്സവ സീസണിലെ ഡിമാൻഡ്, തുടർച്ചയായ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ എന്നിവയാണ് ഇന്ത്യയിൽ സ്വർണവില റെക്കോർഡ് ഉയരത്തിലെത്താൻ കാരണം."ഐന്‍ഡിമണിയുടെ വൈസ് പ്രസിഡന്റ് (പ്രോഡക്ട്) മായങ്ക് മിശ്രയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ആഗോള അസ്ഥിരത തുടർന്നാൽ സ്വർണവില ഇനിയും ഉയർന്നേക്കാമെന്ന് മിശ്ര അഭിപ്രായപ്പെട്ടു. എന്നാൽ, "വിലയിൽ ഹ്രസ്വകാല ഏറ്റക്കുറച്ചിലുകള്‍ ഇനിയും ഉണ്ടായേക്കും അതിനാൽ നിക്ഷേപകർ ജാഗ്രത പാലിക്കണം," അദ്ദേഹം മുന്നറിയിപ്പ് നൽകി. പതിറ്റാണ്ടുകളായി തന്നെ സ്വർണം സുരക്ഷിത നിക്ഷേപവും മൂല്യത്തിന്റെ സംഭരണിയുമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഇത് പൂർണമായും റിസ്ക്-ഫ്രീ അല്ല. നിലവിലെ ഉയർന്ന വിലനിലവാരത്തിൽ, വലിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കുന്നതിന് പകരം റിസ്ക് വൈവിധ്യവത്കരിക്കുന്നതാണ് ബുദ്ധിപരം. "സ്വർണം അനിശ്ചിതത്വങ്ങളിൽ ഒരു സുരക്ഷാകവചമാണ്, പക്ഷേ ഇത് ഉടനടി ലാഭം ഉറപ്പുനൽകുന്നില്ല." മിശ്ര കൂട്ടിച്ചേർത്തു.












Click it and Unblock the Notifications