സ്വർണം എങ്ങനെ വാങ്ങണമെന്ന് മലയാളിയെ പഠിപ്പിക്കേണ്ട; ഒരു ദിവസം 250 കോടിയുടെ വിൽപന? ഓണത്തിന് 8000 കോടിയിലേക്ക്
സ്വർണവില ഇന്ന് കേരളത്തിൽ റെക്കോഡ് ഉയരം തൊട്ടിരിക്കുകയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 85 രൂപയുടെ വർധനവ് ഉണ്ടായി, ഇന്ന് ഗ്രാം വില 9705 രൂപയാണ്. പവൻ വില 680 രൂപ വർധിച്ച് 77640ൽ എത്തി. അതായത് ഒരു പവൻ വാങ്ങണമെങ്കിൽ 85,000 രൂപയ്ക്ക് മുകളിൽ ചിലവ് വരുമെന്ന് സാരം.
2025 ൽ സ്വർണവില കുതിക്കുമെന്ന പ്രവചനങ്ങൾ നേരത്തേ ഉണ്ടായിരുന്നു. ഇതുവരെ 20,000ത്തോളം രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. വില ഉയർന്നതോടെ ഓണ വിപണിക്ക് തിരിച്ചടിയാകുമോയെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് വ്യാപാരികൾ. എന്തുകൊണ്ടാണെന്നല്ലേ? പറയാം

ഓണക്കച്ചവടം 8,000 കോടിയിലേക്ക്?
മലയാളിയും സ്വർണവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഇനി എത്ര വില കൂടിയാൽ പൊന്ന് എന്നത് മലയാളികളുടെ സംസ്കാരത്തിൻറെ കൂടി ഭാഗമാണ്. വിലക്കയറ്റത്തിന് ഇടയിലും വിവാഹാവശ്യത്തിന് വിറ്റഴിഞ്ഞ് പോകുന്ന സ്വർണത്തിന്റെ കണക്ക് മാത്രം മതി ഇത് വ്യക്തമാക്കാൻ.
ഓണത്തിന് മലയാളികൾ പൊന്ന് വാങ്ങുന്നത് പതിവാണ്. അത്തം മുതൽ ഈ 'സമ്പ്രദായം' തുടങ്ങുന്നു. കമ്മലായും മാലയായും വളയായും മൂക്കുത്തിയുമായൊക്കെ സ്വർണം വാങ്ങിപ്പോകുന്നവരുണ്ട്. മൂന്ന് വർഷം മുൻപ് ഓണത്തിന്റെ 10 നാൾ കൊണ്ട് കേരളത്തിൽ വിറ്റിരുന്നത് 5000 കോടിയുടെ സ്വർണമാണ്. കഴിഞ്ഞ വർഷം ഇത് 7000 കോടിയിലെത്തി. വില ഉയർന്നെങ്കിലും ഇത്തവണ അത് 8000 കോടിയിലെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപരികൾ.
സ്വർണം വാങ്ങൽ ട്രെന്റ് മാറ്റി മലയാളിയും
ഒരു പവൻ സ്വർണം എന്ന രീതിയിലാണ് പണ്ട് മലയാളികൾ സ്വർണം വാങ്ങിയിരുന്നത്. എന്നാൽ വില ഉയർന്നതോടെ ആ ട്രെന്റ് മാറ്റിപ്പിടിച്ചിരിക്കുകയാണ് പലരും. ഇപ്പോൾ നിശ്ചിത പണത്തിന്റെ സ്വർണം എന്നതാണ് രീതി. അതായത് വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് 10 ലക്ഷത്തിന്റെ സ്വർണം, 20 ലക്ഷത്തിന്റെ സ്വർണം അങ്ങനെയാണ് ആളുകൾ ആവശ്യപ്പെടുന്നത്. അതിന് അനുസരിച്ച് ആഭരണങ്ങൾ ജ്വല്ലറിക്കാർ സെറ്റ് ചെയ്ത് വെയ്ക്കുകയും ചെയ്യും. ഇനി സാധാരണ ആവശ്യങ്ങൾക്കെത്തുന്നവരാണെങ്കിൽ 80,000ത്തിന്റെ സ്വർണം, ഒരു ലക്ഷത്തിന്റെ സ്വർണം എന്നാണ് ആവശ്യപ്പെടുന്നത്.
പഴയത് മാറ്റി വാങ്ങുന്നു
സ്വർണ വില ഉയർന്നതോടെ രാജ്യത്തെ സ്വർണവിപണികളിൽ പഴയ സ്വർണം മാറ്റിവാങ്ങുന്ന രീതി കൂടുന്നുണ്ട്. കേരളത്തിലും ഇത് തന്നെയാണ് സ്ഥിതി. പഴയ സ്വർണം മാറ്റി പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ സ്വന്തമാക്കുകയാണ് സ്വർണപ്രേമികൾ. പഴയ സ്വർണം കൊടുക്കുമ്പോൾ ഇന്നത്തെ പവൻ നിരക്കിൽ നിന്നും നേരിയ കുറവ് മാത്രമാണ് ലഭിക്കുന്നതെന്നത് കൊണ്ട് തന്നെ മാറ്റി വാങ്ങൽ ലാഭകരമാണെന്ന് ഇവർ പറയുന്നു. ഒരു ദിവസം കടയിലെത്തുന്ന 60 ശതമാനം പേരും സ്വർണം എക്സ്ചേഞ്ച് ചെയ്ത് വാങ്ങുന്നവരാണെന്ന് വ്യാപാരികളും പറയുന്നു.
സ്വർണത്തിന് തീപിടിച്ച വില ആയതോടെ മറ്റ് വാങ്ങൽ രീതികൾ പരീക്ഷിക്കുന്ന മലയാളികളുടെ എണ്ണവും കൂടുന്നുണ്ട്. 18 കാരറ്റ് സ്വർണത്തിന് പുറകെയാണ് ഒരുകൂട്ടർ. എന്നാൽ ഇത്തരം ആഭരണങ്ങൾക്ക് പണിക്കൂലി ഏറെയാണ്. മാത്രമല്ല നിക്ഷേപം എന്ന നിലയിൽ ഇവയെ കാണാനും സാധിക്കില്ല. സ്വർണക്കട്ടികളും സ്വർണ നാണയങ്ങളും വാങ്ങുന്നവർ കൂടിയിട്ടുണ്ട്. ഇവയ്ക്ക് പണിക്കൂലി നൽകേണ്ടതില്ലെന്നതാണ് ആശ്വാസം. ഡയമണ്ട് ആഭരണങ്ങൾക്കും ഇപ്പോൾ മലയാളികൾക്കിടയിൽ പ്രിയം കൂടുന്നുണ്ടത്രേ.
ഇന്ത്യയിൽ ആളോഹരി സ്വർണ ഉപഭോഗത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് നിലവിൽ ഒരു വർഷത്തെ സ്വർണ വിറ്റുവരവ് 1.3 ലക്ഷം കോടിയാണെന്നാണ് കണക്ക്. അതായത് പ്രതിദിനം ഏകദേശം 250 കോടിയോളം. വില കൂടിയാലും മലയാളികൾ വാങ്ങാൻ മടിക്കാത്തതിനാൽ ഈ വിറ്റുവരവ് ഇനിയും കൂടാനെ തരമുള്ളൂ.












Click it and Unblock the Notifications