സ്വര്‍ണം 28000 കടന്നു; എക്കാലത്തെയും ഉയര്‍ന്ന വില, ഇനിയും ഉയരുമെന്ന് സൂചന
കൊച്ചി: സ്വര്‍ണവില സംസ്ഥാനത്ത് സര്‍വകാല റെക്കോഡിലെത്തി. 28320 രൂപയാണ് ശനിയാഴ്ച രേഖപ്പെടുത്തിയ വില. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3540 രൂപയായി ഉയര്‍ന്നു. ഇനിയും വില ഉയരുമെന്നാണ് സൂചന. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതാണ് സ്വര്‍ണ വില ഉയരാനുള്ള ഒരു കാരണം. ഡോളറിനെതിരെ 72 എന്നതാണ് രൂപയുടെ മൂല്യം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങവെ രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സ്വര്‍ണവില ഉയരുന്നത് സാധാരണക്കാരുടെ നെഞ്ചിപ്പ് കൂട്ടുന്നുണ്ട്. ഓണവും വിവാഹ സീസണും വരുന്നതോടെ ആവശ്യക്കാര്‍ ഏറുന്നതാണ് പൊതുവെയുള്ള കാഴ്ച. എന്നാല്‍ വില അതിവേഗം ഉയരുന്നത് ആവശ്യക്കാരെ പിന്നോട്ടടിക്കുമെന്ന് കരുതുന്നു.

ആഗോള ഓഹരി വിപണിയില്‍ സ്ഥിരതയില്ലാത്തതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ആകൃഷ്ടരാകുന്ന പ്രവണത തുടരുന്നുണ്ട്. നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങിയതോടെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. അതിന് പുറമെ ഇന്ത്യന്‍ രൂപയുടെ വില ഇടിഞ്ഞതും തിരിച്ചടിയായി. രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിയുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും ഉയര്‍ന്നേക്കും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 22000 രൂപയായിരുന്നു സ്വര്‍ണവില.
അമേരിക്ക ചൈനയുമായും തുര്‍ക്കിയുമായും തുടരുന്ന നികുതി തര്‍ക്കങ്ങളും സ്വര്‍ണവില ഉയരാന്‍ മറ്റൊരു കാരണമാണ്. കൂടാതെ പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള പ്രശ്‌നവും വിപണിയില്‍ ആശങ്ക നിലനിര്‍ത്തുന്നു. സ്വര്‍ണവില നിശ്ചയിക്കുന്നത് പ്രാദേശിക ഘടകങ്ങള്‍ മാത്രമല്ല, ആഗോളതലത്തിലെ എല്ലാ സാധ്യതകളും സ്വര്‍ണവിലയെ ബാധിക്കുന്നു. അമേരിക്കയിലെ സാമ്പത്തിക-നികുതി തര്‍ക്കങ്ങളും അടുത്തിടെയുണ്ടായ വില വര്‍ധനവിന് കാരണമായിരുന്നു.
ഇന്ത്യയില്‍ വില വര്‍ധനവിന് മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചു. സ്വര്‍ണമുള്‍പ്പെടെയുള്ള ലോഹങ്ങളുടെ കസ്റ്റംസ് തീരുവ 10 ശതമാനമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് 12.5 ശതമാനമാക്കി ഉയര്‍ത്തി. വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണത്തിനും 12.5 ശതമാനം നികുതി ചുമത്തണമെന്നാണ് ബജറ്റിലെ നിര്‍ദേശം.












Click it and Unblock the Notifications