സ്വർണ വില ഗ്രാമിന് 11000ത്തിൽ നിന്നും 15000ത്തിലേക്ക് ഉയരും; പവന് വില കണ്ണ് തള്ളിക്കും
2025-ൽ സ്വർണ്ണം സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തിയത്. നവംബർ വരെ വിലയിൽ 60 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്, 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനമാണിത്. ഈ വർഷം ഒരു ഔൺസിന് ഏകദേശം 2,370 ഡോളറിൽ ആരംഭിച്ച സ്പോട്ട് വില, മാർച്ചിൽ 3,000 ഡോളറും രണ്ടാം പാദത്തിൽ 3,500 ഡോളറും കടന്ന് ഒക്ടോബറിൽ 4,530 ഡോളറിൽ എത്തി റെക്കോർഡുകൾ ഭേദിച്ചു.
വർദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വങ്ങളുടെ ചുവടുപിടിച്ചാണ് ആഗോള തലത്തിൽ സ്വർണ വില ഇത്തരത്തിൽ കുതിക്കുന്നത്. പ്രധാനപ്പെട്ട എല്ലാ ആസ്തി വിഭാഗങ്ങളെയും മറികടന്ന് മുന്നേറിയ സ്വർണ്ണം സ്ഥാപന നിക്ഷേപകരെയും കേന്ദ്ര ബാങ്കുകളെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്ത വർഷവും സ്വർണ വില കുതിക്കുമെന്ന് തന്നെയാണ് ആഗോള വിദഗ്ധർ പറയുന്നത്.

2026 ഓടെ ആഗോള വിപണിയിൽ ഒരു ഔൺസിന് 5,000 ഡോളർ എന്ന റെക്കോർഡ് വില മറികടക്കാൻ സാധ്യതയുണ്ടെന്നാണ് ജെപി മോർഗൻ പ്രവചിക്കുന്നത്. ഈ വില നിലവിലെ ഇന്ത്യൻ വിപണിയിൽ പരിഗണിക്കുമ്പോൾ, ഒരു ഡോളറിന് 88.65 രൂപ എന്ന നിരക്കിൽ, 2026 അവസാനത്തോടെ ഒരു ഔൺസ് (31 ഗ്രാം) സ്വർണ്ണത്തിന് 4,43,250 രൂപ വരെ എത്താം. ഇറക്കുമതി തീരുവയും ജിഎസ്ടിയും ഈ കണക്കിൽ ഉൾപ്പെടുന്നില്ല. ഈ പ്രവചനം യാഥാർത്ഥ്യമായാൽ, അടുത്ത വർഷം ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ത്യയിൽ 15,558 രൂപ വരെ വിലയെത്തും. 6 ശതമാനം ഇറക്കുമതി തീരുവയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടുന്നതാണ് ഈ തുക.
സ്വർണ വില 5300 ഡോളറിൽ എത്താമെന്നാണ് സ്വർണ്ണത്തിന്റെ പ്രവണതകളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെ, ജെപി മോർഗൻ ബാങ്കിന്റെ ഗ്ലോബൽ ഹെഡ് അലക്സ് വുൾഫ് (മാക്രോ ആൻഡ് ഫിക്സഡ് ഇൻകം സ്ട്രാറ്റജി) അഭിപ്രായപ്പെട്ടത്. 'പല സെൻട്രൽ ബാങ്കുകളുടെയും, പ്രത്യേകിച്ചd വികസ്വര രാജ്യങ്ങളിലെ ബാങ്കുകളുടെ, ഫോറെക്സ് കരുതൽ ധനത്തിൽ സ്വർണ്ണം ഇപ്പോഴും താരതമ്യേന കുറഞ്ഞ ശതമാനം മാത്രമാണ്. വിലവർദ്ധനവ് കാരണം വാങ്ങലിന്റെ വേഗത കുറയാൻ സാധ്യതയുണ്ടെങ്കിലും, അവർ സ്വർണ്ണം വാങ്ങുന്നത് തുടരുമെന്ന് ഞങ്ങൾ ഇപ്പോഴും കരുതുന്നു', അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ നടത്തുന്ന വൻതോതിലുള്ള സ്വർണ്ണ വാങ്ങലുകളാണ് ഈ വിലവർദ്ധനവിന് പ്രധാന കാരണം. ഈ ലക്ഷ്യം യാഥാർത്ഥ്യമായാൽ, നിലവിലെ സ്വർണ്ണ നിരക്കിനെ അപേക്ഷിച്ച് 25 ശതമാനം വലിയ കുതിച്ചുചാട്ടമാണിത്.
അതേസമയം സ്വർണ വില ഔൺസിന് 10,000 ഡോളർ വരെ ഉയർന്നേക്കാമെന്നാണ് നേരത്തേ ജെപി മോർഗൻ ചേസ് മേധാവി ജാമി ഡിമോൻ പ്രവചിച്ചത്. സ്വർണ്ണവിരോധി ആണെന്നും സ്വർണ്ണം വാങ്ങില്ലെന്നും ഡിമോൻ പറഞ്ഞു.ഞാൻ സ്വർണ്ണം വാങ്ങുന്നയാളല്ല. അത് സ്വന്തമാക്കാൻ 4% ചെലവുണ്ട്. എങ്കിലും ഇതുപോലുള്ള സാഹചര്യങ്ങളിൽ സ്വർണ്ണവില 5,000 ഡോളറിലേക്കോ 10,000 ഡോളറിലേക്കോ എളുപ്പത്തിൽ ഉയരാം',അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെന്താകും?
ആഗോള വിപണിയിലെ മാറ്റങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ ഒറ്റയടിക്ക് 1800 രൂപയോളം ഉയർന്ന സ്വർണം ഇന്ന് വീണ്ടും കുത്തനെ വീണു. ഒരു പവന് 92040 രൂപയാണ് ഇന്നത്തെ വില. അതേസമയം ആഗോള വിപണിയിൽ സ്വർണ വില 5300 ഡോളർ വരെ ഉയർന്നാൽ കേരളത്തിൽ എന്താകും പവന് വില എന്നതാണ് പ്രധാന ചോദ്യം.












Click it and Unblock the Notifications