സ്വര്‍ണവില വൈകീട്ട് വീണ്ടും കുറഞ്ഞു; നഷ്ടം പേടിച്ച് വിറ്റഴിച്ച് ഉപഭോക്താക്കള്‍, പുതിയ നിരക്ക് അറിയാം
കൊച്ചി: കേരളത്തില്‍ ഇന്ന് രണ്ടാംതവണയും സ്വര്‍ണവില കുറഞ്ഞു. രാവിലെ 680 രൂപയാണ് ഒരു പവന് കുറഞ്ഞതെങ്കില്‍ വൈകീട്ട് 800 രൂപയാണ് താഴ്ന്നത്. ഇനിയും വില കുറഞ്ഞു വരാനുള്ള സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകര് പറയുന്നു. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്.
വില കുറയുമെന്ന പ്രവചനങ്ങള്‍ ഉപഭോക്താക്കളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വില കുറയുമ്പോള്‍ വലിയ നഷ്ടം നേരിടുമെന്ന് കണ്ട് പലരും വിറ്റഴിക്കാന്‍ താല്‍പ്പര്യം കാണിക്കുന്നു എന്നാണ് വിവരം. കൂടുതല്‍ പേര്‍ സ്വര്‍ണം വില്‍ക്കാനായി തയ്യാറാകുമ്പോള്‍ സ്വര്‍ണവില കുറയും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇനി പുതിയ സ്വര്‍ണവില അറിയാം...

കേരളത്തില്‍ ഇന്നലെ രേഖപ്പെടുത്തിയ സ്വര്‍ണവില പവന് 105560 രൂപയായിരുന്നു. ഇന്ന് രാവിലെ ഇത് 104880 രൂപയായി കുറഞ്ഞു. വൈകീട്ട് 104080 രൂപയായും കുറഞ്ഞു. ഈ നിരക്കില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.13 ലക്ഷം രൂപ ചെലവ് വരും. പണിക്കൂലിയും നികുതിയുമെല്ലാം ചേരുമ്പോഴാണിത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് 1.04 ലക്ഷത്തില്‍ താഴെ മാത്രമേ കിട്ടുകയുള്ളൂ. രണ്ട് മുതല്‍ നാല് ശതമാനം വരെ കുറച്ചാണ് പല ജ്വല്ലറികളും പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നത്.
സ്വര്‍ണവില ഇനിയും കുറയുമോ?
ആഗോള വിപണിയിലെ സാമ്പത്തിക വ്യതിയാനങ്ങളും മിഡില്‍ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഭ്യന്തര വിപണിയിലെയും കമ്മോഡിറ്റി വിപണിയിലെയും സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്ക് വഴിവെക്കുന്നുണ്ട്. ഡോളറിന്റെ മൂല്യവര്‍ദ്ധനവും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കര്‍ശനമായ പലിശനിരക്ക് നയങ്ങളും സ്വര്‍ണവിലയെ താഴേക്ക് നയിക്കുമ്പോള്‍, നിക്ഷേപകര്‍ ഏറെ ആശങ്കയോടെയാണ് വരും ദിവസങ്ങളെ നോക്കിക്കാണുന്നത്. സമീപകാലത്തെ സൂചകങ്ങള്‍ പരിശോധിക്കുമ്പോള്‍ സ്വര്‍ണവിലയില്‍ മന്ദഗതിയിലുള്ള ഇടിവ് പ്രകടമാകാനാണ് കൂടുതല്‍ സാധ്യതയെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
മോത്തിലാല്‍ ഒസ്വാള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി റിസര്‍ച്ച് വിഭാഗം സീനിയര്‍ അനലിസ്റ്റ് മാനവ് മോദി വ്യക്തമാക്കുന്നതനുസരിച്ച്, സ്വര്‍ണവില ഹ്രസ്വകാലത്തേക്ക് സമ്മര്‍ദങ്ങള്‍ നേരിട്ടേക്കാം. വലിയൊരു കുതിച്ചുചാട്ടം പെട്ടെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
അമേരിക്കയിലെ പണപ്പെരുപ്പ നിരക്കുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളാണ് നിലവില്‍ സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് വലിയ വിഘാതമായിരിക്കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് ഏറെ പ്രാധാന്യത്തോടെ കാണുന്ന കോര്‍ പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ പണപ്പെരുപ്പ സൂചിക 2023 ഒക്ടോബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കിലാണ്. വിപണി പ്രതീക്ഷിച്ച നിലവാരത്തിലാണെങ്കിലും, പണപ്പെരുപ്പം ഇപ്പോഴും ഉയര്‍ന്ന തോതില്‍ തന്നെ തുടരുന്നു. ഇത് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉടനടി കുറയ്ക്കില്ലെന്ന നിഗമനത്തെ ശക്തിപ്പെടുത്തുന്നു. ഉയര്‍ന്ന പലിശനിരക്ക് കൂടുതല്‍ കാലം തുടരുന്നത് ബോണ്ടുകളുടെ ആദായം വര്‍ധിപ്പിക്കുകയും സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലുള്ള താല്പര്യം കുറയ്ക്കുകയും ചെയ്യുന്നു.
മറ്റൊരു പ്രധാന ഘടകം മിഡില്‍ ഈസ്റ്റിലെ സങ്കീര്‍ണ്ണമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ്. വരും ദിവസങ്ങളില്‍ യുഎസില്‍ നിന്ന് പുറത്തു വരാനിരിക്കുന്ന കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡക്‌സ്, എ.ഡി.പി തൊഴില്‍ കണക്കുകള്‍, പ്രതിവാര തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായുള്ള ക്ലെയിമുകള്‍, നോണ്‍-ഫാം പേറോള്‍ എന്നിവ വിപണിയെ വന്‍തോതില്‍ സ്വാധീനിക്കും.















Click it and Unblock the Notifications