സ്വർണം ഇപ്പോള്‍ വിറ്റാല്‍ വന്‍ ലാഭം; പക്ഷെ കാണിക്കുന്നത് വന്‍ മണ്ടത്തരവും, എന്തുകൊണ്ട്
വില കൂടിയതോടെ പഴയ സ്വർണം വില്‍ക്കുമ്പോള്‍ കൂടുതല്‍ പണം ലഭിക്കുമെങ്കിലും അത് നല്ല രീതിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്

കോട്ടയം: സ്വർണ വില റെക്കോർഡുകള്‍ ഭേദിച്ചതോടെ പഴയ സ്വർണങ്ങള്‍ വില്‍ക്കുന്നവരുടേയും മാറ്റി വാങ്ങുന്നവരുടേയും എണ്ണത്തില്‍ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വാങ്ങിയതിന്റെ പല ഇരട്ടിയിലേറെ വില ലഭിക്കുമെന്നതിനാലാണ് വില്‍പ്പന കൂടിയത്.
നേരത്തെ ഇരുപതിനായിരത്തിനും ഇരുപത്തിയയ്യാരത്തിനുമൊക്കെ വാങ്ങിയ ആഭരണങ്ങള്‍ വിറ്റാല്‍ ഇപ്പോള്‍ നാല്‍പ്പതിനായിരത്തിലേറെ രൂപ ലഭിക്കും. എന്നാല്‍ താല്‍ക്കാലിക ലാഭം നോക്കിയുള്ള ഈ വില്‍പ്പന മണ്ടത്തരമാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

ഒരു പവന് പണിക്കൂലിയടക്കം അമ്പതിനായിരം രൂപയോളമാകുമ്പോഴാണ് പഴയ സ്വർണാഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ നാല്‍പ്പതിനായിരത്തിന് മുകളില്‍ കിട്ടുന്നത്. പഴയ സ്വർണം വാങ്ങുന്നതിന് കച്ചവടക്കാർക്കും താല്‍പര്യമുണ്ട്. രണ്ട് വർഷം മുമ്പ് വാങ്ങിയ ആഭരണം പോലും ലാഭത്തിന് വില്‍ക്കാന്‍ കഴിയുന്നതാണ് നിലവിലെ സ്ഥിതി. ആളുകളുടെ സാമ്പത്തിക പ്രതിസന്ധിയും വില്‍പ്പനയ്ക്ക് കാരണമാവുന്നുണ്ട്.

ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയും
ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയും ജി എസ് ടിയും ഉള്‍പ്പടെ നല്‍കേണ്ടി വരുമ്പോള്‍ സ്വർണം വിൽക്കാനെത്തുമ്പോൾ അതതു ദിവസത്തെ വിലയാണ് നൽകുക. അളവിൽ നിശ്ചിത ശതമാനം കുറയ്ക്കും. ഒന്നു മുതൽ അഞ്ചു ശതമാനം വരെ കുറയ്ക്കുന്ന കച്ചവടക്കാരുണ്ട്. 22 കാരറ്റ് ശുദ്ധതയുള്ളവയ്ക്കു മികച്ച വില ലഭിക്കും. പഴയ ആഭരണങ്ങള്‍ വാങ്ങുന്നതിലൂടെ കച്ചവടക്കാർക്കും മികച്ച ലാഭം ഇതിലൂടെ ലഭിക്കുന്നുണ്ട്.

പണയം വയ്ക്കുമ്പോൾ ഉയർന്ന പലിശ
അടിയന്തര പ്രതിസന്ധി നേരിടാൻ ഉയർന്ന തുക. പണയം വയ്ക്കുമ്പോൾ ഉയർന്ന പലിശ. കൊവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിവിധ കാരണങ്ങളാണ് വില്‍പ്പന വർധിക്കാന്‍ കാരണം. വിൽക്കാനെത്തുന്നവരുടെ വർദ്ധനവ് 30 % ആണെന്നും കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ് പഴയ സ്വർണം വില്‍ക്കുന്നവരുടെ എണ്ണം കൂടിയത്.
Hair Care-എള്ളെണ്ണ ഉലുവ പ്രയോഗം മുതൽ.. അറിയാം മുടിവളരുന്ന അത്ഭുതകൂട്ടുകൾ

വില ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍
വില ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തിരക്ക് പിടിച്ചുള്ള ഈ വില്‍പ്പന മണ്ടത്തരമാണെന്നാണ് വിദഗ്ധർ പറയുന്നത്. കയ്യിലുള്ള ആഭരണം വിറ്റ് പൈസയാക്കിയാല്‍ പിന്നീടൊരു സ്വർണം വാങണമെങ്കില്‍ വന്‍തുക നല്‍കേണ്ടി വരും. മാന്ദ്യ സാധ്യത നിലനിൽക്കുന്നതും യുദ്ധം തുടരുന്നതും പണപ്പെരുപ്പം നിയന്ത്രണ വിധേയമാവാത്തതും സ്വർണ വില ഉയരാനുള്ള സാധ്യതകള്‍ തന്നെയാണ് തുറന്നിടുന്നത്.

ദേശീയ ബുള്യൻ വിപണിയിൽ
ദേശീയ ബുള്യൻ വിപണിയിൽ 10 ഗ്രാമിന്റെ വില ഈ വർഷം തന്നെ 60000-65000 നിലവാരത്തിലേക്കെത്തുമെന്നും പ്രവചനമുണ്ട്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ തന്നെ പഴയ ആഭരണങ്ങള്‍ വിറ്റ് ഒഴിവാക്കിയവർ അന്ന് ദുഃഖിക്കേണ്ടി വരുമെന്ന കാര്യം തീർച്ച. രാജ്യാന്തര വിപണിയിൽ സ്വർണവില 2000 ഡോളർ കടക്കുകയും രൂപയുടെ മൂല്യം 80 നു മുകളിൽ തുടരുകയും ചെയ്താല്‍ കേരളത്തിലെ വില 45000 രൂപ കടക്കുമെന്നതില്‍ സംശയമില്ല.

വിലയില്‍ ഇടയ്ക്ക് ഇളവ്
വിലയില്‍ ഇടയ്ക്ക് ചെറിയ തോതിലുള്ള ഇടിവുകള്‍ ഉണ്ടായെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വലുതല്ലെങ്കിലും സമീപഭാവിയിൽത്തന്നെ സ്വർണവിലയിൽ ഇടിവുണ്ടായേക്കാമെന്നു പ്രതീക്ഷിക്കുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്. നാളെ നടക്കുന്ന കേന്ദ്ര ബജറ്റില്‍ നികുതി കുറയ്ക്കുകയാണെങ്കിലും സ്വർണത്തിന്റെ വില കുറയുമെന്ന് പ്രതീക്ഷിക്കാം.

സ്വർണം ഇറക്കുമതിക്കുള്ള തീരുവ
നിലവിൽ 12.5 ശതമാനമാണ് സ്വർണം ഇറക്കുമതിക്കുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ. നികുതി വെട്ടിച്ച് വിദേശത്ത് നിന്നും സ്വർണം ഇറക്കുമതി ചെയ്യുന്നത് തടയാന്‍ കേന്ദ്രം നികുതി കുറയ്ക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. കഴിഞ്ഞ വർഷം തീരുവ വർധിപ്പിച്ചതോടെ ഇറക്കുമതി 706 ടണ്ണായി കുറഞ്ഞു. ഇതിന് മുമ്പ് 1068 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഏതാണ്ട് 200 ടൺ സ്വർണമെങ്കിലും കള്ളക്കടത്തായി രാജ്യത്തെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിയമപരമായി ഇറക്കുമതി ചെയ്യുകയാണെങ്കില്‍ . 3 ശതമാനം ജിഎസ്ടി കൂടിയാകുമ്പോൾ 18 ശതമാനം നികുതി നൽകി വേണം. ഒരു കിലോയ്ക്ക് ഇത്തരത്തില്‍ നല്‍കേണ്ടത് 8 ലക്ഷം രൂപയാണ്. ഇതുകൊണ്ടാണ് കള്ളക്കടത്ത് കൂടുന്നതും.












Click it and Unblock the Notifications