സ്വര്‍ണവില കുറഞ്ഞു; ഒരു പവന് ആഭരണത്തിന്റെ വില അറിയാം, 14 കാരറ്റ് സ്വര്‍ണം 75000 രൂപയ്ക്ക് കിട്ടും
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. വെള്ളിയാഴ്ച വില താഴ്ന്ന പിന്നാലെയാണ് ഇന്നും ഇടിഞ്ഞത്. എന്നാല്‍ വലിയ അളവില്‍ വില കുറഞ്ഞു എന്ന് പറയാന്‍ പറ്റില്ല. ആഗോള വിപണിയില്‍ ചില പ്രതീക്ഷകളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണവില കുറയുന്നത്. ഏത് സമയവും തിരിച്ചുകയറാന്‍ സാധ്യതയുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള തര്‍ക്കം ലോകത്തിന് മൊത്തം തിരിച്ചടിയായിരിക്കുകയാണ്.
ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ മുന്നേറ്റം ഇന്ന് കാണുന്നുണ്ട്. 103 ഡോളറാണ് ബാരല്‍ വില. രൂപയുടെ മൂല്യം തിരിച്ചുകയറാന്‍ സാധിക്കാതെ 95.72 എന്ന നിരക്കില്‍ നില്‍ക്കുകയാണ്. ഡോളര്‍ സൂചിക 99.32 എന്ന നിരക്കിലാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇറാന് ഹോര്‍മുസ് പാത പൂര്‍ണമായും സ്വതന്ത്രമാക്കില്ല എന്നാണ് വിവരം. ഹോര്‍മുസ് തുറക്കുന്നതിന് അനുസരിച്ചാണ് വിപണിയിലെ മാറ്റങ്ങള്‍ സംഭവിക്കുക.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 14580 രൂപയായി. പവന് 320 രൂപ താഴ്ന്ന് 116640 രൂപയിലെത്തി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4505 ഡോളറാണ്. ഇന്ന് വെള്ളി ഒരു ഗ്രാമിന്റെ വില 285 രൂപയായി തുടരുന്നു. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില 123120 രൂപയായിരുന്നു.
14 കാരറ്റ് സ്വര്‍ണവില, പ്രത്യേകതകള്‍ അറിയാം
കേരളത്തില്‍ 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 25 രൂപ കുറഞ്ഞ് 9330 രൂപയും പവന് 74640 രൂപയുമായി. സ്വര്‍ണവില കുതിച്ചുയര്‍ന്നതോടെ ഈ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ കാരറ്റില്‍ ലഭിക്കുക. ആഭരണങ്ങള്‍ മാത്രമേ കിട്ടൂ എന്ന കാര്യവും എടുത്തു പറയണം. സ്വര്‍ണത്തിന്റെ അംശം കുറവായതിനാലാണ് വിലയും കുറയുന്നത്.
58 ശതമാനം സ്വര്‍ണവും ബാക്കി മറ്റു ലോഹങ്ങളും ചേര്‍ന്നതാണ് 14 കാരറ്റ് സ്വര്‍ണം. മറ്റു ലോഹങ്ങളുടെ അംശം കൂടുതലായതിനാല്‍ നല്ല കരുത്ത് ആഭരണങ്ങള്ക്കുണ്ടാകും. എന്നാല്‍ കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍ തിളക്കം കുറയാനുള്ള സാധ്യതയുണ്ട്. ബാങ്കുകള്‍ വായ്പ നല്കുമ്പോള് ഇത്തരം സ്വര്‍ണം സ്വീകരിക്കില്ല എന്നതും എടുത്തു പറയണം.
സ്വര്‍ണത്തിന്റെ വില അല്ല ആഭരണത്തിന്
ആഭരണം എന്ന രീതിയില്‍ അണിയാന്‍ മാത്രമാണ് 14 കാരറ്റ് ഉപയോഗിക്കുക. വലിയ അളവിലുള്ള ആഭരണങ്ങള്‍ കിട്ടില്ല. ഗ്രാമങ്ങളിലെ ജ്വല്ലറികളില്‍ ഈ ആഭരണം കിട്ടാന്‍ സാധ്യത കുറവാണ്. എന്നാല്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ജ്വല്ലറികളില്‍ ഇത്തരം സ്വര്‍ണത്തിന് പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വില കൂടിയതോടെ 14 കാരറ്റിന് ആവശ്യക്കാര്‍ ഏറിയെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു.
കേരളത്തില്‍ 22, 18, 14, 9 കാരറ്റുകളാണ് സജീവമായുള്ളത്. എല്ലാം ഹാള്‍മാര്‍ക്കിങ് ചെയ്യണം എന്ന നിബന്ധനയുണ്ട്. സ്വര്‍ണം ഹാള്‍മാര്‍ക്കിങ് സമ്പൂര്‍ണമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. 74640 രൂപയാണ് 14 കാരറ്റിന്റെ വില എങ്കിലും പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് എന്നിവ ചേരുമ്പോള്‍ 8000 രൂപയെങ്കിലും അധികം നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.













Click it and Unblock the Notifications