80 രൂപ കൂടി വര്‍ധിച്ചാല്‍... സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം; കുതിപ്പിന്റെ വേഗത കുറഞ്ഞു, ഇനിയെന്ത്?
കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. നേരിയ തോതിലാണെങ്കിലും സ്വര്‍ണവില കേരള വിപണിയിലും കയറുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 900, 600 എന്നിങ്ങനെയുള്ള വന്‍ കുതിച്ചുചാട്ടമാണ് സ്വര്‍ണം നടത്തിയതെങ്കില്‍ ഇന്ന് നേരിയ വര്‍ധനവ് മാത്രമേയുള്ളൂ. വരും ദിവസങ്ങളില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52600 രൂപയാണ്. ഗ്രാമിന് 6575 രൂപ നല്‍കണം. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. വരും ദിവസങ്ങളില്‍ നേരിയ കുറവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും വലിയ ഇടിവ് പ്രതീക്ഷിക്കാന്‍ വകയില്ല. സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് അര ലക്ഷത്തിന് മുകളില്‍ കിട്ടും.

ഈ മാസം രണ്ടിന് പവന്‍ വില 50680 രൂപയായിരുന്നു. ഇന്ന് 52600 രൂപയും. 80 രൂപ കൂടി വര്‍ധിച്ചാല്‍ ഈ മാസത്തെ വിലയില്‍ 2000 രൂപയുടെ വര്‍ധനവായി മാറും. കഴിഞ്ഞ മാസം 4000ത്തിലധികം രൂപ വര്‍ധിച്ചിരുന്നു. ഓരോ മാസവും വലിയ മാറ്റമാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തുന്നത്. ആഭരണം അവശ്യം വേണ്ടവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്.
അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതിന് വിവിധ ജ്വല്ലറികള്‍ വ്യത്യസ്ത സ്‌കീമുകളാണ് അവതരിപ്പിക്കുന്നത്. ആവശ്യമുള്ള സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കി ബുക്ക് ചെയ്യുമ്പോള്‍ ഒരു വര്‍ഷം വരെ കാലാവധി ലഭിക്കും. പകുതി പണം നല്‍കി ബുക്ക് ചെയ്യുന്നവര്‍ക്ക് ആറു മാസം കാലാവധി നല്‍കുന്ന ജ്വല്ലറികളുമുണ്ട്. അഡ്വാന്‍സ് ബുക്ക് ചെയ്യുന്ന വേളയില്‍, സ്വര്‍ണം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വരുന്ന മാറ്റങ്ങള്‍ വിശദമായി ചോദിച്ചറിയണം.
ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 57000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിയും നികുതിയും ചേരുമ്പോഴാണിത്. പണിക്കൂലി കുറയ്ക്കുന്നതിന് ഉപഭോക്താക്കള്‍ ജ്വല്ലറി അധികൃതരുമായി സംസാരിക്കുന്നത് നേട്ടമാകും. കുറഞ്ഞ ഡിസൈനിലുള്ള ആഭരണങ്ങള്‍ക്കാണ് പണിക്കൂലി കുറയുക. ഡിസൈന്‍ കൂടുന്നതിന് അനുസരിച്ച് പണിക്കൂലിയില്‍ വര്‍ധനവ് വരും.
ഡോളര്‍ സൂചിക ഇന്ന് 104.16 എന്ന നിരക്കിലാണ്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.24 ആണ്. ഡോളര്‍ സൂചിക ഉയര്‍ന്നാല്‍ സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങും. അതേസമയം, എണ്ണവില ഉയരുന്നതാണ് വിപണി നേരിടുന്ന മറ്റൊരു ആശങ്ക. ബ്രെന്റ് ക്രൂഡ് ബാരലിന് 90.65 ഡോളര്‍ ആണ് പുതിയ വില. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് എണ്ണവില ഉയര്‍ത്തുന്നത്.












Click it and Unblock the Notifications