സ്വര്‍ണവില 81000 കടന്നു; പുതിയ ഉയരം താണ്ടി ഗോള്‍ഡ്, ഇന്ത്യയ്ക്ക് തിരിച്ചടി മറ്റൊന്നില്‍, ഇന്നത്തെ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 80000 കടന്ന പിന്നാലെ ഇന്ന് 81000 കടന്നു. മൂന്ന് വര്‍ഷത്തിനിടെ സ്വര്‍ണത്തിന് ഇരട്ടി വിലയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില നേരിയ ഏറ്റക്കുറച്ചിലുകള്‍ രേഖപ്പെടുത്തുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം വിപണി അന്തരീക്ഷം വഷളാക്കാനാണ് സാധ്യത.
അമേരിക്കയുടെ ഡോളര്‍ ചാഞ്ചാടുകയാണ്. 98ലേക്ക് അടുത്ത ശേഷം വീണ്ടും താഴ്ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം 88.16 എന്ന നിരക്കിലാണുള്ളത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3638 ഡോളര്‍ ആണ് വില. ഇതിനേക്കാള്‍ കൂടിയ ശേഷം കുറയുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന വൈരുധ്യനീക്കങ്ങള്‍ വിപണിയെ അനിശ്ചിതത്വത്തിലാക്കുന്നു.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 81040 രൂപയാണ് വില. 160 രൂപയാണ് വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയിലെത്തി. ഓണം ഉള്‍പ്പെടെയുള്ള ആഘോഷ വേളയില്‍ പോലും കേരളത്തില്‍ ജ്വല്ലറി വില്‍പ്പന സജീവമായില്ല. ദേശീയ വിപണിയിലും ആഘോഷ സീസണ്‍ മികച്ചതായിരുന്നില്ല. 28 ശതമാനം ഇടിവാണ് ആഭരണ വിപണിയില്‍. ഉയര്‍ന്ന സ്വര്‍ണവിലയാണ് ജ്വല്ലറി വിപണിയെ തളര്‍ത്തിയിരിക്കുന്നത്.
അതേസമയം, വില കൂടി വരുന്ന സാഹചര്യത്തില്‍ ഡെയ്‌ലി വെയര്‍ ആഭരണങ്ങള്‍ക്ക് പലരും കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണം ആശ്രയിക്കുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8315 രൂപയിലെത്തി. മാസങ്ങള്‍ക്ക് മുമ്പ് 22 കാരറ്റിന്റെ വിലയായിരുന്നു ഇത്. ഇന്ന് 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6475 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4170 രൂപയുമാണ് വില. വെള്ളിയുടെ വില ഗ്രാമിന് 133 രൂപയില്‍ തന്നെ തുടരുന്നു.
ഇന്ത്യയെ ആശങ്കയിലാക്കുന്ന ക്രൂഡ് ഓയില്‍
ഇന്ത്യയുമായി വ്യാപാര ചര്‍ച്ച നടക്കുമെന്ന സൂചന ട്രംപ് നല്‍കിയത് വിപണിക്ക് പ്രതീക്ഷയാണ്. അതേസമയം, ഇന്ത്യയ്‌ക്കെതിരായ ചുങ്കം വര്‍ധിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയനില്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന വാര്‍ത്തയും വന്നു. ഇതോടെ എന്താണ് ട്രംപിന്റെ ഭാവി പദ്ധതി എന്ന കാര്യം അവ്യക്തമാണ്. ട്രംപിന്റെ ചര്‍ച്ചാ വാഗ്ദാനത്തോട് ഇന്ത്യ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 88000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് വിപണി വിലയില്‍ നിന്ന് നേരിയ കുറവ് വന്നേക്കാം. വില കുറഞ്ഞാല്‍ മാത്രമേ ആഭരണ വിപണി സജീവമാകൂ. പല വ്യാപാരികളും കടുത്ത പ്രതിസന്ധി നേരിടുന്നു എന്നാണ് വിവരം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയെങ്കിലും ആഭരണത്തിന് ആവശ്യക്കാരില്ല.
അതേസമയം, ഇന്ന് വിപണിയില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുന്ന ഒരു മാറ്റം കാണുന്നുണ്ട്. ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറി വരുന്നതാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. ഇസ്രായേല്‍ ഖത്തറില്‍ ആക്രമണം നടത്തിയതോടെ പശ്ചിമേഷ്യ ആശങ്കയിലാണ്. ഇതാണ് ക്രൂഡ് വില കൂടാന്‍ കാരണം. ബ്രെന്റ് ക്രൂഡ് ബാരലിന് 67 ഡോളറിലേക്ക് ഉയര്‍ന്നു. മറ്റു ക്രൂഡുകളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഖത്തര്‍ ഏത് രീതിയില്‍ പ്രതികരിക്കുന്നു എന്നതിന് അടിസ്ഥാനപ്പെടുത്തിയാകും ക്രൂഡ് വിലയുടെ ഭാവി മാറ്റം.












Click it and Unblock the Notifications