സ്വർണ വില 50000ത്തിലേക്കല്ല, 1.77 ലക്ഷത്തിലേക്ക്; കാരണം ചൈന, ഇരട്ട ധനകാര്യ തന്ത്രം
ഈ വർഷം ആഗോള സ്വർണവില അഭൂതപൂർവമായ കുതിപ്പിലാണ്. ഇതിനകം 50 ശതമാനത്തിലധികമാണ് വില ഉയർന്നത്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയപരമായ പ്രശ്‌നങ്ങൾ, യുഎസ് സർക്കാരിന്റെ നീണ്ട അടച്ചിടൽ, ഡോളറിലുള്ള നിക്ഷേപകരുടെ വിശ്വാസത്തിലുണ്ടായ ഇടിവ് എന്നിവയെല്ലാമാണ് വിലക്കയറ്റത്തിന് കാരണമായി വിലയിരുത്തുന്നത്. അതേസമയം വില ഇനിയും കുതിക്കുമെന്ന് തന്നെയാണ് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടർച്ചയായി 11 മാസമായി സ്വർണ ശേഖരം വർദ്ധിപ്പിക്കുകയാണ്. സെപ്റ്റംബറിൽ മാത്രം, ചൈന വാങ്ങിയത് 40,000 ഔൺസ് സ്വർണ്ണമാണ്. ഇതോടെ ആകെ ശേഖരം 74.06 ദശലക്ഷം ഔൺസായി. 283.3 ബില്യൺ ഡോളറാണ് ഇതിന്റെ മൂല്യം.യുഎസ് ഡോളറിൽ നിന്നുള്ള വൈവിധ്യവൽക്കരണത്തിനുള്ള ചൈനയുടെ താൽപ്പര്യമാണ് ഇത് വ്യക്തമാക്കുന്നത്.

അതേസമയം ചൈനയാണ് സ്വർണകുതിപ്പിന്റെ പ്രധാന കാരണം എന്നാണ് വാൾസ്ട്രീറ്റിലെ പ്രമുഖ മാക്രോ സ്ട്രാറ്റജിസ്റ്റുകളിൽ ഒരാളായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റിന്റെ ചീഫ് ഇക്കണോമിസ്റ്റ് ടോർസ്റ്റൺ സ്ലോക്ക് അഭിപ്രായപ്പെടുന്നത്. ചൈനയുടെ സ്വാധീനം സെൻട്രൽ ബാങ്കിന്റെ വാങ്ങലുകളിൽ ഒതുങ്ങുന്നില്ലെന്നും, ഗാർഹിക ഉപഭോഗം, ആർബിട്രേജ് ട്രേഡിംഗ്, സ്ഥാപനപരമായ വൈവിധ്യവൽക്കരണം എന്നിവയിലേക്ക് വ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയുടെ നിരന്തരമായ സ്വർണ ശേഖരണം ഒരു ഹ്രസ്വകാല തന്ത്രമല്ല, മറിച്ച് ദീർഘകാലത്തേക്കുള്ള ആസൂത്രിത നീക്കമാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്വർണവില 1,77,000 രൂപയിൽ എത്തും, സ്വർണ്ണം റെക്കോർഡ് തകർത്ത് മുന്നേറിയതിന് ശേഷവും ചൈന വാങ്ങിക്കൂട്ടുന്നതിന്റെ കാരണം ഇതാണ്', ധനകാര്യ, സ്റ്റോക്ക് അനലിസ്റ്റ് എ കെ മന്ധൻ പറഞ്ഞു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ യുഎസ് ആസ്തികളിൽ നിന്ന് മാറി സ്വർണം പോലുള്ള യഥാർത്ഥ മൂല്യമുള്ള നിക്ഷേപങ്ങളിലേക്കുള്ള ബെയ്ജിംഗിന്റെ മാറ്റമാണ് ഇത് പ്രതിഫലിക്കുന്നതെന്നും മന്ധൻ വിശദീകരിച്ചു. പ്രമുഖ നിക്ഷേപ ബാങ്കുകളും ഈ ശുഭാപ്തിവിശ്വാസം പങ്കുവെക്കുന്നുണ്ട്. 2026 ഡിസംബർ ആകുമ്പോഴേക്കും സ്വർണ ില ഔൺസിന് 4900 ഡോളർ വരെ ആകുമെന്നാണ് ഗോൾഡ്മാൻ സാച്ച്‌സ് പ്രവചിച്ചത്.
ചൈനയുടെ ' സ്വർണ തന്ത്രം'; കാരണങ്ങൾ ഇതാണ്
ചൈനീസ് കറൻസിയായ യുവാൻ ദുർബലമായിക്കൊണ്ടിരിക്കുമ്പോഴും, ചൈന വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎസ് ഡോളറിനെയും ട്രഷറി ബോണ്ടുകളെയും ആശ്രയിക്കുന്നത് കുറയ്ക്കുക, ഉപരോധങ്ങളിൽ നിന്നോ കമ്പോളത്തിലെ വ്യതിയാനങ്ങളിൽ നിന്നോ തങ്ങളുടെ കരുതൽ ശേഖരം സംരക്ഷിക്കുക എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ. യുവാൻ ദുർബലമാകുമ്പോൾ സ്വർണ്ണത്തിന് ചൈനയിൽ കൂടുതൽ മൂല്യം ലഭിക്കും. ഇത് രാജ്യത്തിന്റെ കരുതൽ ശേഖരം സംരക്ഷിക്കാൻ സഹായിക്കും. മാത്രമല്ല വലിയ അളവിൽ സ്വർണ ശേഖരം കൈവശം വെക്കുന്നത് വ്യാപാര ആവശ്യങ്ങൾക്കായി യുവാൻ കറൻസിയുടെ വിശ്വാസ്യതയും വർധിപ്പിക്കും.
ഉപരോധങ്ങളിൽ നിന്നുള്ള സംരക്ഷണമാണ് മറ്റൊരു ഘടകം. പ്രതിസന്ധി ഘട്ടങ്ങളിൽ ഭൗതിക സ്വർണ്ണം മരവിപ്പിക്കാനോ കണ്ടുകെട്ടാനോ കഴിയില്ല. യുഎസ് ബോണ്ടുകൾ വിൽക്കുകയും സ്വർണ്ണത്തിലുള്ള നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുന്നത് നയപരമായ അപകടസാധ്യത കുറയ്ക്കാനും സഹായിക്കും.
വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും, ഒരു രാജ്യത്തിൻ്റെ കേന്ദ്രബാങ്കിൻ്റെ ആസ്തികളെ സ്വർണം ശക്തിപ്പെടുത്തും. വളർച്ചാ മാന്ദ്യവും മൂലധന ഒഴുക്കും നേരിടുന്ന സാഹചര്യത്തിൽ സ്വർണ്ണം വാങ്ങുന്നത് ആഭ്യന്തര നിക്ഷേപകർക്ക് ആത്മവിശ്വാസവും നൽകും..
ചൈനയുടെ ഈ സമീപനങ്ങൾ ഒരു ഇരട്ട ധനകാര്യ തന്ത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്. ചൈനീസ് സമ്പദ്‌വ്യവസ്ഥ രണ്ട് തന്ത്രങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. യുവാൻ ദുർബലമാക്കാൻ അനുവദിക്കുന്നത് കയറ്റുമതിയെയും സാമ്പത്തികപരമായ ഒഴുക്കിനെയും സഹായിക്കുന്നു. അതേസമയം സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നത് സാമ്പത്തികപരമായ അപകടസാധ്യതകൾ കുറയ്ക്കും. ഈ നടപടികൾ ചൈനയെ കൂടുതൽ ശക്തമാക്കുകയും പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക സംവിധാനങ്ങളിൽ നിന്ന് പതിയെ ഉള്ള മാറ്റത്തിന് സഹായിക്കുകയും ചെയ്യും.
യു.എസ്. കമ്മി വർധിക്കുന്നതിനാലും ഡോളർ ദുർബലമാകുന്നതിനാലും, സെൻട്രൽ ബാങ്കുകൾ തങ്ങളുടെ നിക്ഷേപങ്ങൾ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്നതിനാലും സ്വർണ്ണത്തിന് ദീർഘകാലാടിസ്ഥാനത്തിൽ വില കൂടാൻ സാധ്യതയുണ്ട്. ഈ സാഹചര്യം ഇന്ത്യൻ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആഭ്യന്തര സ്വർണ്ണവില വർദ്ധിപ്പിക്കാൻ ഇടയാക്കും.
പ്രത്യേകിച്ചും കറൻസി മൂല്യം സ്വർണ്ണവിലയെ സ്വാധീനിക്കുമെന്നതിനാൽ, രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് കുറയുന്നത് ആഭ്യന്തര വിപണിയിൽ സ്വർണ്ണവില ഉയർത്തും. ഇത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് സ്വർണ്ണം കൂടുതൽ ചെലവേറിയതാക്കി മാറ്റും. 'ചൈനയുടെ തന്ത്രം വ്യക്തമാണ് , യുവാൻ ദുർബലപ്പെടുത്തുക, സ്വർണ്ണം ശേഖരിക്കുക, ആഗോള ധനകാര്യത്തിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുക. ഈ പ്രവണത തുടരുകയാണെങ്കിൽ, 10 ഗ്രാമിന് 1,77,000 രൂപ എന്ന വില അമിതമായ ഒന്നല്ല,അത് സംഭവിക്കാൻ പോകുന്ന ഒന്നാണ്', മന്ധൻ പറഞ്ഞു.












Click it and Unblock the Notifications