സ്വർണം ചാടിക്കയറി വാങ്ങിവെയ്ക്കേണ്ട, അൽപം കൂടി കാത്തിരിക്കൂ..വില കുറയുമെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോർജ്
സ്വർണ വില ഇന്നും കുതിച്ചു. കേരളത്തിൽ ഒരു പവൻ സ്വർണത്തിന് വില 94,360 രൂപയാണ്. ജി എസ് ടിയും പണിക്കൂലിയും ചേർത്താൽ ഒരു ലക്ഷത്തിനടുത്ത് വരും. ഇനിയും സ്വർണ വില ഉയരുമോയെന്ന ആശങ്കയാണ് പലരും ഉയർത്തുന്നത്. എന്നാൽ വൈകാതെ തന്നെ സ്വർണ വില കുറയുമെന്നാണ് സാമ്പത്തിക വിദദ്ധയായ ഡോ മേരി ജോർജ് പറയുന്നത്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അതിനുള്ള കാരണവും അവർ വിശദീകരിക്കുന്നുണ്ട്. വായിക്കാം
'ഇസ്രായേൽ-ഹമാസ് കരാർ പൂർണമായ രീതിയിൽ പൂർത്തിയാക്കിയാൽ തീർച്ചയായും സ്റ്റോക്ക് മാർക്കറ്റ് ഉയരും. കരാർ യാഥാർത്ഥ്യമായതോടെ തന്നെ സ്റ്റോക്ക് മാർക്കറ്റിൽ പോസിറ്റീവ് ചലനങ്ങൾ കണ്ടുകഴിഞ്ഞു. അതുപോലെ തന്നെ ലോകവിപണികളിൽ പോസിറ്റീവ് ട്രെന്റാണ് കാണിക്കുന്നത്. അതായത് ഇനി നിക്ഷേപം സ്വർണത്തിൽ നിന്നും ഓഹരിയിലേക്ക് പോകാൻ സാധ്യതയുണ്ട്. അതുപോലെ തന്നെ ട്രംപ് വ്യാപാര സമാധാന അന്തരീക്ഷം കൊണ്ടുവരുന്ന സാഹചര്യം ഉണ്ടായാൽ ഡോളർ സ്ട്രോങ് ആകും. അങ്ങനെയാകുമ്പോൾ ഇപ്പോൾ സ്വർണത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന നിക്ഷേപം ഒരു പരിധി വരെ ഓഹരികളിലേക്ക് ഡോളറിലേക്കും പോകും. അതോടെ സ്വർണത്തിന്റെ വില താഴേക്ക് വരും. എന്ന് വെച്ച് ഒരുപാട് താഴേക്ക് വരും എന്ന് പ്രതീക്ഷിക്കരുത്. കാരണം ഇപ്പോൾ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതുപോലെ പല ഘടകങ്ങളും സ്വർണ വിലയെ ഉയർത്തിക്കൊണ്ടിരിക്കും. എന്നിരുന്നാലും സ്വർണ വില താഴേക്ക് വന്നേ പറ്റൂ.

മലയാളക്കരയിലാണ് ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ വിൽക്കപ്പെടുന്നത്. വേൾഡ് കൗൺസിൽ കണക്ക് പ്രകാരം ഇന്ത്യയിൽ വിൽക്കപ്പെടുന്ന സ്വർണാഭാരണങ്ങളുടെ 20 ശതമാനവും വിൽക്കപ്പെടുന്നത് കേരളത്തിലാണ്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ 2.4 ദശാംദശം ജനം മാത്രമേ കേരളത്തിലൂള്ളൂ. ഇവരാണ് ഈ സ്വർണം വാങ്ങുന്നതെന്ന് വെച്ചാൽ മലയാളികൾ എന്തുമാത്രം സ്വർണ ഭ്രാന്തുള്ളവരാണെന്ന് ഓർക്കണം. സ്വർണ ഭ്രാന്ത് നല്ലത് തന്നെ, അത് നിക്ഷേപമായി സൂക്ഷിക്കാം. സോവറിനായി ലോക്കറിൽ സൂക്ഷിച്ച് ഉപയോഗിക്കാം. അല്ലാതെ അത് മുഴുവൻ സ്വർണാഭരണങ്ങളാക്കി മാറ്റിയാലുള്ള അപകടം തിരിച്ചറിയണം. കാരണം ആഭരണങ്ങൾ കൊണ്ട് വിൽക്കുമ്പോൾ നമ്മൾ ചിലവാക്കിയ പണത്തിന്റെ മുക്കാൽ ഭാഗം മാത്രമേ കിട്ടുകയുള്ളൂ. അത്രയധികം മൂല്യം ശോഷിച്ച് പോകും. അതുകൊണ്ട് ആവശ്യത്തിന് മാത്രം ആഭരണം ഉണ്ടാക്കുക. നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ആഭരണമാക്കി നശിപ്പിച്ച് കളയരുത്. അത് സ്വർണമാക്കി മാറ്റുന്നത് ആവശ്യ സമയത്ത് നമ്മളെ സഹായിക്കും. സ്വർണത്തെ ഒരു നിക്ഷേപമായി വേണം കരുതാൻ.
ആഭരണം ശരീരം മുഴുവൻ അണിഞ്ഞാൽ അത് കള്ളൻ കൊണ്ടുപോകും എന്നല്ലാതെ മറ്റൊരു ഉപകാരവും ഉണ്ടാകില്ല. ്അതുകൊണ്ട് സ്വർണം ആഭരണം വേണ്ട, അല്ലാതെ സക്ഷിച്ചാൽ സ്വർണം എപ്പോഴും ഉപകാരപ്പെടും. സ്വർണം കേന്ദ്രബാങ്കുകൾ വാങ്ങിക്കൂട്ടുന്നുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്തും രണ്ടാം ലോക മഹായുദ്ധ കാലത്തും ഏറ്റവും കൂടുതൽ സ്വർണം സൂക്ഷിച്ചിരുന്നത് യുകെ കേന്ദ്രബാങ്കാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുഎസ് കേന്ദ്രബാങ്കാണ് കൂടുതലായി സ്വർണം സൂക്ഷിച്ചത്. എന്തുകൊണ്ടാണ് ഇപ്പോൾ ബാങ്കുകളെല്ലാം സ്വർണം വാങ്ങുന്നത്, കാരണം അതിന് എപ്പോഴും മൂല്യം ഉണ്ട്.
ഇപ്പോൾ സ്വർണം വാങ്ങാൻ താത്പര്യപ്പെടുന്നവർ എന്തായാലും കുറച്ച് ദിവസം കൂടി കാത്തിരിക്കുക. ഗാസയിലെ കരാർ പൂർണരീതിയിൽ നടപ്പാകുമോ, വ്യാപാരയുദ്ധം അവസാനിക്കുമോ എന്നൊക്കെ പരിശോധിക്കണം. ഇത് പോസിറ്റീവായാൽ സ്റ്റോക്ക് മാർക്കറ്റ് ശക്തമാകും, സ്വർണത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന നിക്ഷേപം ഓഹരികളിലേക്കും ഡോളറിലേക്കും നീങ്ങും. അപ്പോൾ സ്വർണത്തിന്റെ വില താഴെ വരും. അതാണ് ലോകത്ത് കണ്ടുവരുന്ന രീതി. ഇപ്പോൾ വിൽക്കാനുള്ള സ്വർണം വിൽക്കുക', ഡോ മേരി ജോർജ് പറഞ്ഞു.












Click it and Unblock the Notifications