സ്വര്‍ണവില ഇടിഞ്ഞു, മൂന്ന് ദിവസത്തിന് ശേഷം; ആഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിനം
കൊച്ചി: കേരളത്തിലും ദേശീയ വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. ആവശ്യക്കാര്‍ കുറഞ്ഞതും ഡോളര്‍ ഇന്‍ഡക്‌സിലെ മാറ്റവുമാണ് വില ഇടിയാന്‍ കാരണം. കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണവില. വരും ദിവസങ്ങളിലും നേരിയ ഇടിവിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് ഒന്നാം തിയ്യതിയാണ്. ഒരു പവന് 44320 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ മൂന്നാം തിയ്യതി 43960 രൂപയിലെത്തി. കഴിഞ്ഞ ശനിയാഴ്ച 44120 രൂപയായി ഉയര്‍ന്നെങ്കിലും തിങ്കളാഴ്ച വരെ ഈ വിലയില്‍ തുടരുകയായിരുന്നു. ഇന്ന് വില കുറഞ്ഞതിനാല്‍ ആഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിവസമാണ്.

ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഒരു പവന് 44040 രൂപയാണ് കേരളത്തില്‍ നല്‍കേണ്ടത്. 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് നല്‍കേണ്ടത് 5505 രൂപയാണ്. ദേശീയ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. പത്ത് ഗ്രാമിന് ദേശീയ വിപണിയിലെ വില 55050 രൂപയാണ്. 24 ക്യാരറ്റിന് 60060 രൂപ നല്‍കണം.
ഡോളര്‍ ഇന്‍ഡക്‌സില്‍ നേരിയ മുന്നേറ്റമുണ്ടായതാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. 102.28 എന്ന നിരക്കിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. .23 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചാല്‍ സ്വര്‍ണവില കുറയും. ഇന്ത്യയില്‍ ആവശ്യക്കാര്‍ കുറഞ്ഞതും സ്വര്‍ണവില ഇടിയാന്‍ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും കുറവ് വന്നേക്കാം.
രൂപയുടെ മൂല്യത്തില്‍ ഇടിവ് വരുന്നത് വലിയ തിരിച്ചടിയാണ്. ഡോളറിനെതിരെ 82.81 എന്ന നിരക്കിലാണ് രൂപ. ഇന്ത്യന്‍ രൂപ മൂല്യമിടിയുന്നത് ആഭ്യന്തര വിപണിയില്‍ അവശ്യ വസ്തുക്കളുടെ വില വര്‍ധിക്കാന്‍ കാരണമാകും. മാത്രമല്ല, ഇറക്കുമതിക്ക് ചെലവ് കൂടുകയും ചെയ്യും. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുന്നതിന് കാരണമാകും. ഇതാകട്ടെ, സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും.
രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് നേട്ടമാണ്. ഈ അവസരം ഉപയോഗപ്പെടുത്തി പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പണം അയക്കാറുണ്ട്. ചിലര്‍ കടം വാങ്ങിയും ശമ്പളം മുന്‍കൂറായി കൈപ്പറ്റിയും പണം നാട്ടിലേക്ക് അയക്കാനും ശ്രമിക്കും. ഇത്തരം കൈവിട്ട കളികള്‍ വ്യക്തിപരമായി പ്രതിസന്ധിയാകുമെന്ന് സാമ്പത്തിക നിരീക്ഷകര്‍ ഉപദേശിക്കുന്നു.
എണ്ണവില ആഗോള വിപണിയില്‍ കൂടി വരുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 85.40 ഡോളറിലാണ് വില്‍പ്പന. സൗദി അറേബ്യയും റഷ്യയും ഉല്‍പ്പാദനം വെട്ടിക്കുറച്ചതാണ് എണ്ണവില ഉയരാന്‍ കാരണം. വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളും ഉല്‍പ്പാദനം കുറച്ചത്. 80 ശതമാനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വരുത്തിവയ്ക്കും.












Click it and Unblock the Notifications