സ്വര്‍ണവില വീണ്ടും കുതിച്ചു; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍, ഇന്നത്തെ നിലവാരം
കൊച്ചി: തുടര്‍ച്ചയായ രണ്ടാംദിനവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായി പറയുന്നത്. ഒരു പവന് 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരാഴ്ച മുമ്പുള്ള വിലയിലേക്ക് സ്വര്‍ണം എത്തി. സ്വര്‍ണവിലയില്‍ നേരിയ കുറവ് വന്നേക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും മറിച്ചാണ് സംഭവിച്ചത്.
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 44360 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 21ന് ഇതേ വിലയായിരുന്നു. പിന്നീട് കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരിക്കെയാണ് വിപണിയിലെ വിപരീത പ്രതിഫലനം. ബുധനാഴ്ച വില വര്‍ധിച്ച പിന്നാലെയാണ് ഇന്നും വര്‍ധിച്ചിരിക്കുന്നത്. ഇതോടെ രണ്ടു ദിവസത്തിനിടെ 360 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ നേരിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. 25 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. സെപ്തംബറില്‍ വീണ്ടും പലിശ നിരക്കില്‍ വര്‍ധനവ് വരുത്തുമെന്നാണ് സൂചന. അമേരിക്ക നേരിടുന്ന പണപ്പെരുപ്പ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാണ് പലിശ നിരക്കില്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. യൂറോപ്യന്‍ ബാങ്ക് ഇന്നും ജപ്പാന്‍ ബാങ്ക് നാളെയും യോഗം ചേരുന്നുണ്ട്.
പലിശ നിരക്കില്‍ വര്‍ധനവ് വരുത്തുമ്പോള്‍ സ്ഥിര നിക്ഷേപത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കുമെന്ന് കരുതുന്നു. സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ പിന്മാറി സ്ഥിരനിക്ഷേപത്തിലേക്ക് ആകര്‍ഷിക്കപ്പെടുമ്പോള്‍ സ്വര്‍ണത്തിന് വില കുറയേണ്ടതാണ്. എന്നാല്‍ എല്ലായിപ്പോഴും ഇത്തരത്തില്‍ വിപണി പ്രതികരിക്കണമെന്നില്ല. വിപണിയിലെ അസ്ഥിരതയും സ്വര്‍ണത്തിലുള്ള വിശ്വാസ്യതയുമാണ് ഉപഭോക്താക്കളെ മഞ്ഞലോഹത്തിലേക്ക് ആകര്‍ഷിക്കുന്നത്.
കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5545 രൂപയാണ്. വില കൂടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. മിക്ക പ്രധാന ജ്വല്ലറികളിലും ഈ സൗകര്യം ലഭ്യമാണ്. ആഭരണങ്ങളുടെ പണിക്കൂലിയില്‍ കുറവ് ലഭിച്ചാല്‍ നേട്ടമാകും. ചില ജ്വല്ലറികള്‍ മൂന്ന് ശതമാനം പണിക്കൂലിയില്‍ വ്യാപാരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വര്‍ണാഭരണം വാങ്ങുന്ന വേളയില്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലിയിലാണ് വലിയ ചെലവ് വരുന്നത്. ആഭരണങ്ങളുടെ ഡിസൈന്‍ അടിസ്ഥാനമാക്കിയാണ് പണിക്കൂലി നിശ്ചയിക്കുക. വന്‍കിട ജ്വല്ലറികള്‍ ഇക്കാര്യത്തില്‍ ഇളവ് നല്‍കാറുണ്ട്. പണിക്കൂലിക്ക് പുറമെ മൂന്ന് ശതമാനം ജിഎസ്ടിയും ഉപഭോക്താവ് നല്‍കണം. ഒരു പവന്‍ സ്വര്‍ണത്തിന് പിണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ 4000 രൂപയോളം അധികം വരും.












Click it and Unblock the Notifications