സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഡോളറും എണ്ണയും 'ചതിച്ചു'... ഇന്നത്തെ വില അറിയാം
കൊച്ചി: സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശങ്ക സൃഷ്ടിച്ച് കേരളത്തില്‍ ഇന്ന് വിലവര്‍ധനവ് രേഖപ്പെടുത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. അന്തര്‍ദേശീയ തലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് വില കൂടാന്‍ കാരണം എന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം, ഇ-വേ ബില്ല് നിര്‍ബന്ധമാക്കുന്നതിനെതിരെ ജ്വല്ലറി വ്യാപാരികള്‍ രംഗത്തുവന്നിട്ടുണ്ട്.
രണ്ട് ലക്ഷത്തിന് മുകളില്‍ മൂല്യമുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിന് ഇ-വേ ബില്ല് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിന്റെ നിര്‍ദേശം കഴിഞ്ഞ ദിവസം ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ഇതിനെതിരെ വ്യാപാരികള്‍ രംഗത്തുവന്നിട്ടുണ്ട്. ചെറുകിട ജ്വല്ലറി വ്യാപാരികളെ ഇല്ലാതാക്കുന്നതാണ് പുതിയ തീരുമാനം എന്നാണ് വ്യാപാരികളുടെ സംഘടന പറയുന്നത്.

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 43720 രൂപയാണ്. കഴിഞ്ഞ ദിവസം 43560 രൂപയായിരുന്നു. 160 രൂപയാണ് ഒരു പവന്മേലുണ്ടായിരിക്കുന്നത്. ഗ്രാമിന് 5465 രൂപയാണ്. ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും എണ്ണ വിലയിലെ വര്‍ധനവുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. അതേസമയം, രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം പ്രകടമായത് ആശ്വാസമാണ്.
ഡോളര്‍ ഇന്‍ഡക്‌സ് ഇന്ന് രേഖപ്പെടുത്തുന്നത് 101.39 എന്ന നിരക്കിലാണ്. മാസങ്ങള്‍ക്ക് മുമ്പ് 105ലായിരുന്നു. ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് വരുന്നത് മറ്റു പ്രധാന കറന്‍സികള്‍ക്ക് കരുത്തേകും. ഇതോടെയാണ് സ്വര്‍ണവില ഉയരുന്നത്. സ്വര്‍ണവില കുറയണമെങ്കില്‍ ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ അമേരിക്കന്‍ വിപണി നേരിടുന്ന പണപ്പെരുപ്പ ഭീഷണിയാണ് വലിയ വെല്ലുവിളി.
രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റമാണ് പ്രകടമാകുന്നത്. ഡോളറിനെതിരെ 82.31 എന്ന നിരക്കിലാണ് രൂപ. ഒരാഴ്ച മുമ്പ് 82.70 എന്ന നിരക്കിലായിരുന്നു. രൂപയുടെ മൂല്യം ഉയരുമ്പോള്‍ സ്വര്‍ണത്തിന്റെ വില കുറയേണ്ടതാണ്. എന്നാല്‍ ഡോളര്‍ ഇന്‍ഡക്‌സിലെ ഇടിവാണ് വിപരീത ഫലത്തിന് കാരണം. ഡോളര്‍ മൂല്യം ഉയര്‍ന്നാല്‍ സ്വര്‍ണവിലയില്‍ ഇടിവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം, എണ്ണവില വീണ്ടും ഉയര്‍ന്നു. ബ്രെന്‍ഡ് ക്രൂഡിന് 79.48 ഡോളര്‍ എന്ന നിരക്കിലെത്തി. നേരത്തെ ബാരലിന് 75 ഡോളര്‍ ആയിരുന്നു. സൗദി അറേബ്യയും റഷ്യയും എണ്ണ ഉല്‍പ്പാദനം കുറച്ചുവെന്ന് പ്രഖ്യാപിച്ച പിന്നാലെയാണ് വില ഉയരുന്നത്. എണ്ണ വിലയിലുണ്ടായ മാറ്റം ലോക വിപണിയെ ബാധിക്കുന്നതാണ്. ഇന്ത്യന്‍ വിപണിയിലും തിരിച്ചടി പ്രതിഫലിച്ചേക്കും.












Click it and Unblock the Notifications