സ്വര്‍ണം വിറ്റാല്‍ വന്‍ ലാഭം, സ്വര്‍ണവില കുത്തനെ വര്‍ധിച്ചു, ഇന്നത്തെ പവന്‍, ഗ്രാം വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇത്രയും ഉയര്‍ന്ന വര്‍ധന ഒരു ദിവസം രേഖപ്പെടുത്തുന്നത് അപൂര്‍വമാണ്. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ഇതോടെ ജ്വല്ലറികളില്‍ പുതിയ സ്വര്‍ണത്തിന്റെ വില്‍പ്പന ഇടിയുമെന്ന് ഉറപ്പായി.
അന്താരാഷ്ട്ര സ്വര്‍ണവില കുത്തനെ വര്‍ധിക്കുകയാണ്. ഇതാണ് കേരളത്തിലും വില കൂടാനുള്ള കാരണം. ഡോളര്‍ മൂല്യം ഇടിയുകയാണ്. ഇന്ത്യന്‍ രൂപ താരതമ്യേന കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 3485 ഡോളറാണ് വില. ഇത് 3500 ഡോളര്‍ കടന്ന് കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 12 ദിവസത്തിനിടെ 560 ഡോളര്‍ ആണ് കൂടിയിരിക്കുന്നത്...

കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 275 രൂപയും ഒരു പവന് 2200 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഗ്രാം സ്വര്‍ണവില 9290 രൂപയും പവന്‍ വില 74320 രൂപയുമായി. 24 കാരറ്റ് സ്വര്‍ണം ഒരു കിലോ ഗ്രാമിന് ഒരു കോടി രൂപയ്ക്ക് മുകളിലായി. പത്ത് ഗ്രാമിന് ആദ്യമായി ഒരു ലക്ഷമായി ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം രണ്ടാഴ്ചയ്ക്കിടെ 8520 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടെ ഇത്രയും വലിയ വര്‍ധന സ്വര്‍ണ വിലയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7650 രൂപയാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ വില ഗ്രാമിന് 109 രൂപയില്‍ തന്നെ നില്‍ക്കുന്നു. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന കണക്കാണ് വിപണിയില്‍ നിന്നുള്ളത്. അതേസമയം, സ്വര്‍ണം വില്‍ക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.
ഒരു പവന്‍ വിറ്റാല്‍ എത്ര രൂപ കിട്ടും
ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 80000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. അതുകൊണ്ടുതന്നെ പുതിയ സ്വര്‍ണവില്‍പ്പന കുറയാനാണ് സാധ്യത. അക്ഷയതൃതീയ ദിവസം പലരും സ്വര്‍ണം വാങ്ങാറുണ്ട്. കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക വില്‍പ്പന മേളയും സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ വില കുതിച്ച സാഹചര്യത്തില്‍ പ്രതീക്ഷിച്ച വില്‍പ്പന നടക്കാന്‍ സാധ്യതയില്ല.
വിവാഹ ആവശ്യങ്ങള്‍ക്ക് 20, 30 പവന്‍ വാങ്ങിയിരുന്നവരെല്ലാം ഇപ്പോള്‍ 10 പവനിനേക്ക് ചുരുക്കിയിട്ടുണ്ട്. പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുന്ന പ്രവണതയും വര്‍ധിച്ചു. ഇതെല്ലാം ആഭരണ നിര്‍മാണ രംഗത്തെ ക്ഷീണിപ്പിക്കും. അതേസമയം, നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേട്ടം കൊയ്യാം. കരുതല്‍ ധനമെന്ന നിലയില്‍ സൂക്ഷിക്കുന്നവരും സ്വര്‍ണം വാങ്ങുന്നത് തുടരും.
ബാര്‍ ആയും കോയിന്‍ ആയും സ്വര്‍ണം വാങ്ങുന്നവര്‍ക്ക് പക്ഷേ, സ്വര്‍ണപ്പണയത്തിന് ഇവ ഉപയോഗിക്കാന്‍ സാധിക്കില്ല. 22 കാരറ്റിലുള്ള ആഭരണങ്ങള്‍ മാത്രമാണ് പണയത്തിന് വേണ്ടി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്വീകരിക്കുക. എല്ലാ വര്‍ഷവും സ്വര്‍ണ വായ്പ പൂര്‍ണമായും തിരിച്ചടയ്ക്കണം എന്ന നിബന്ധനയും റിസര്‍വ് ബാങ്ക് കൊണ്ടുവരികയാണ്. ഇതോടെ പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതിയും നടക്കില്ല.
സ്വര്‍ണം കൈയ്യിലുള്ളവര്‍ക്ക് വില കൂടുന്നത് സന്തോഷകരമാണ്. കാരണം 2000ത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 4000 രൂപയായിരുന്നു വില. 2010ല്‍ 20000ത്തില്‍ താഴെയായിരുന്നു വില. 2020ല്‍ കൊവിഡ് കാലത്താണ് അതിവേഗം സ്വര്‍ണവില കൂടിയത്. പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ വലിയ ലാഭമാണ് ഇപ്പോള്‍ കിട്ടുക. 1500 രൂപയ്ക്കും 3000 രൂപയ്ക്കും ഇടയിലുള്ള തുക കുറച്ചുള്ള സംഖ്യ ഒരു പവന്‍ സ്വര്‍ണത്തിന് ലഭിക്കും. ഈ മാസം മാത്രം 8500 രൂപയില്‍ അധികം വില കൂടി എന്നത് സ്വര്‍ണത്തിന്റെ കുതിപ്പ് വ്യക്തമാക്കുന്നതാണ്. നിക്ഷേപമായി കരുതുന്നവര്‍ മാത്രം സ്വര്‍ണം വാങ്ങുന്ന അവസ്ഥയിലേക്ക് മാറും.












Click it and Unblock the Notifications