സ്വര്‍ണവില പിടിവിട്ടു; പഴയ സ്വര്‍ണം വില്‍ക്കല്ലേ, ലാഭം കിട്ടാന്‍ വഴിയുണ്ട്, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില കുതിച്ചുയരുന്നു. രാജ്യാന്തര വിപണിയില്‍ വില കുതിക്കുന്നതിനാലാണ് കേരളത്തിലും മാറ്റം സംഭവിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് നിഗമനം. വിവാഹത്തിന് ഉള്‍പ്പെടെ സ്വര്‍ണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്ത് ആശങ്കയില്‍ നിന്ന് രക്ഷപ്പെടാം. സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും കാത്തിരുന്നാല്‍ നേട്ടം കിട്ടിയേക്കും.
ഇന്നലെയും ഇന്നുമായി കേരളത്തില്‍ 2000 രൂപയില്‍ അധികമാണ് വില വര്‍ധിച്ചിരിക്കുന്നത്. എങ്കിലും ഈ മാസത്തെ റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം എത്തിയിട്ടില്ല. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 73040 രൂപയായിരുന്നു. അമേരിക്കന്‍ വിപണി തകരുന്നു എന്ന പ്രചാരണം വന്നതാണ് സ്വര്‍ണവില അടിക്കടി ഉയരാന്‍ കാരണം. നിക്ഷേപകര്‍ യുഎസ് വിപണി വിട്ട് ഏഷ്യന്‍ വിപണിയില്‍ കേന്ദ്രീകരിക്കുമെന്നും കരുതപ്പെടുന്നു.

അമേരിക്കയുടെ കടം തിരിച്ചടവ് ശേഷി, റേറ്റിങ് ഏജന്‍സിയായ മൂഡിസ് കഴിഞ്ഞ ദിവസം കുറച്ചിരുന്നു. ഇതോടെ അമേരിക്കന്‍ ഡോളറിന്റെ കരുത്ത് തുടര്‍ച്ചയായി കുറയുകയാണ്. 99.55 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. 101 എന്ന നിരക്കില്‍ നിന്നാണ് ഇടിഞ്ഞത്. മാത്രമല്ല, അമേരിക്കന്‍ കടപത്രങ്ങൡ നിന്ന് കൂടുതല്‍ നിക്ഷേപകര്‍ പിന്‍വലിയുകയുമാണ്. ഇത് രണ്ടും സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണമായി.
ഇന്നത്തെ സ്വര്‍ണവില
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3336 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 71800 രൂപയായി വര്‍ധിക്കുകയും ചെയ്തു. 360 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8975 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7355 രൂപയായി. കേരളത്തില്‍ വെള്ളിയുടെ വിലയിലും ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 110 രൂപയാണ് പുതിയ നിരക്ക്.
ഡോളര്‍ മൂല്യം കുറഞ്ഞിട്ടും കാര്യമായ മുന്നേറ്റം നടത്താന്‍ രൂപയ്ക്ക് സാധിക്കാത്തത് തിരിച്ചടിയാണ്. 85.67 എന്ന നിരക്കിലാണ് രൂപയുടെ വിനിമയം. അതേസമയം, ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ വില കുതിക്കുകയാണ്. 1.11 ലക്ഷമായി വില ഉയര്‍ന്നു. ഇത്രയും ഉയര്‍ന്ന നിരക്കിലേക്ക് ബിറ്റ് കോയിന്‍ എത്തുന്നത് ആദ്യമാണ്. അമേരിക്കന്‍ ബോണ്ടുകളുടെ വില ഇടിയുന്നതും ഡോളര്‍ മൂല്യം താഴുന്നതുമാണ് ബിറ്റ് കോയിനിലേക്ക് ആളുകളെ കൂട്ടുന്നത്.
ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ ഉയരുമെന്ന സൂചന നല്‍കിയ ശേഷം താഴ്ന്നു. ഇസ്രായേല്‍ ഇറാനെ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെ ഇന്നലെ വില ഉയര്‍ന്നിരുന്നു. പിന്നീട് വില താഴ്ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 64 ഡോളറാണ് പുതിയ നിരക്ക്. യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് വില ബാരലിന് 64 ഡോളറായി. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിന് 61 ഡോളറാണ് വില.
പഴയ സ്വര്‍ണം വില്‍ക്കുന്നത് വലിയ നഷ്ടമാണോ?
ഇന്ന് പുതിയ ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 78000 രൂപ വരെ പ്രതീക്ഷിക്കാം. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ചേരുമ്പോഴാണിത്. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇതിന് പുറമെ നല്‍കണം. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കാനുള്ളവര്‍ ഇനിയും കാത്തിരുന്നാള്‍ നേട്ടം കൊയ്യാം. കാരണം സ്വര്‍ണവില ഇനിയും കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. പഴയ സ്വര്‍ണത്തിന് രണ്ട് ശതമാനത്തിനും നാല് ശതമാനത്തിനുമിടയില്‍ വില കുറച്ചാണ് ജ്വല്ലറികള്‍ സ്വീകരിക്കുക.
ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം സ്വര്‍ണത്തെ കാണുന്നവര്‍ വില കുറയുന്ന വേളയില്‍ വാങ്ങുകയും വില കൂടുന്ന വേളയില്‍ വില്‍ക്കുകയുമാണ് ചെയ്യുക. ഇത്തരക്കാര്‍ 24 കാരറ്റ് സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. വില്‍ക്കുന്ന വേളയില്‍ വലിയ നഷ്ടം നേരിടാതെ ഇടപാട് നടത്താം. 22 കാരറ്റിലുള്ള ആഭരണം വില്‍ക്കുന്ന വേളയില്‍ ചുരുങ്ങിയത് 8000 രൂപ വരെ നഷ്ടം നേരിടേണ്ടി വരും. വാങ്ങുന്ന സമയം നല്‍കിയ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയ്ക്ക് പുറമെ മാര്‍ക്കറ്റ് വിലയുടെ നിശ്ചിത ശതമാനവും നഷ്ടമാകും.












Click it and Unblock the Notifications