സ്വർണ്ണക്കടത്ത് കേസ്; പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ പിൻമാറി
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ പിന്മാറി. കൊച്ചി എന്‍.ഐ.എ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ പിന്മാറുകയാണെന്ന് അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. വക്കാലത്ത് ഒഴിയുന്നതിന്റെ കാരണം വ്യക്തമാക്കാനാവില്ലെന്നും അഭിഭാഷകനായ സൂരജ് ടി. ഇലഞ്ഞിക്കല്‍ പറഞ്ഞു.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ഇഡി വീണ്ടും ചോദ്യം ചെയ്യാൻ സ്വപ്ന സുരേഷിന് നോട്ടീസ് നൽകിയിരുന്നു. ഇതിൽ ഹാജരാകാനിരിക്കെയാണ് അഭിഭാഷകൻ പിൻമാറുന്നത്.
എൻഐഎ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണ്ണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണം എന്ന സ്വപ്നയുടെ ഹർജി കൊച്ചി എൻഐഎ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. അഭിഭാഷകൻ പിൻമാറിയ സാഹചര്യത്തിലാണിത്.

അതേസമയം, തനിക്ക് നിയമനം നേടിത്തന്നത് ശിവശങ്കറാണെന്നും ഇപ്പോള്‍ അത് നിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു. ശിവശങ്കര്‍ പറഞ്ഞിട്ടാണ് താന്‍ രാജിവെച്ചതെന്നും സ്വപ്ന വ്യക്തമാക്കി. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചു എന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണ്. സ്വപ്ന നൽകിയ അഭിമുഖത്തിൽ ഇത് ആരോപിച്ചിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി തീരുമാനിച്ചത്. കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നും സ്വപ്ന അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ശിവശങ്കര്‍ ഏഴെട്ടുമാസം ജയിലില്‍ കിടന്നെങ്കില്‍ താന്‍ ഒന്നര വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട്. താനും ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കര്‍ സാറിനെക്കുറിച്ച് പലതും എഴുതേണ്ടിവരും. അത് ശിവശങ്കറിന്റെ പുസ്തകത്തെക്കാള്‍ വലിയ രീതിയില്‍ വിറ്റുപോകുന്ന കോപ്പിയാകുമെന്നും അവര്‍ പറഞ്ഞു.

ഒരു ഫോണ്‍ കോള്‍ കൊണ്ടാണ് എന്റെ നിയമനം നടന്നത്. സത്യത്തില്‍ അതിന് അദ്ദേഹത്തോട് എനിക്ക് വലിയ നന്ദിയുണ്ട്. തന്നെ കണ്ടാല്‍ അറിയില്ലെന്ന് പറയുന്ന വ്യക്തിക്ക് താന്‍ എന്ത് വിശദീകരണമാണ് ഇപ്പോള്‍ നല്‍കേണ്ടതെന്നും അവര്‍ ചോദിച്ചു. എനിക്ക് ആരേയും ചെളിവാരി തേക്കേണ്ട കാര്യമല്ല. ജനങ്ങള്‍ സ്വപ്ന സുരേഷിനെ മറക്കാന്‍ വേണ്ടി തന്നെയാണ് ഇതുവരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരും സ്വപ്ന സുരേഷും എല്ലാം തെറ്റാണെന്നും ശിവശങ്കര്‍ മാത്രമാണ് ശരി എന്ന് പറയുന്നതും എന്ത് അടിസ്ഥാനത്തിലാണെന്നും സ്വപ്ന ചോദിച്ചിരുന്നു.

അതേസമയം, ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇ ഡി, ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴി എടുത്ത് ഇ ഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.
Recommended Video


പുതിയ വിവരങ്ങൾ കോടതിയിൽ ഔദ്യോഗികമായി ഉടൻ അറിയിക്കാനാണ് ഇ ഡിയുടെ നീക്കം. ഈ കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മൊഴി എടുപ്പിന് സാവകാശം അനുവദിക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരുന്നു. അനാരോഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം ആണ് സ്വപ്ന ആവശ്യപ്പെട്ടത്. നേരിൽ ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ ഡി സമയം അനുവദിക്കുകയും ചെയ്തു.












Click it and Unblock the Notifications