സ്വർണത്തിലും വന്‍ തട്ടിപ്പ്: തൃശൂരില്‍ നിന്നും പിടികൂടിയത് പത്ത് കിലോ സ്വർണാഭരണം
തൃശൂർ: തൃശൂരില്‍ ജി എസ് ടി ഇന്റലിജന്‍സ് വകുപ്പിന്റെ വന്‍ പരിശോധന. സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടന്നത്. ഏതാനും ജ്വല്ലറികളിലും വകുപ്പിന്റെ പരിശോധനയുണ്ടായതായാണ് വിവരം. സംസ്ഥാനം കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും വലിയ റെയ്ഡാണ് ഇന്റലിജന്‍സ് വകുപ്പ് നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായുള്ള എഴുന്നൂറോളം ഉദ്യോഗസ്ഥർ റെയിഡില്‍ പങ്കെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
രാവിലെ ആരംഭിച്ച റെയിഡുകള്‍ മണിക്കൂറുകള്‍ പിന്നിട്ട് രാത്രിയും തുടർന്നു. പരിശോധനയില്‍ കണക്കില്‍ പെടാത്ത സ്വർണാഭരണങ്ങള്‍ക്ക് പുറമെ മറ്റ് വിലപ്പെട്ട രേഖകളും കണ്ടെടുത്തിട്ടുണ്ട്. 74 ലേറെ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. വിവരം ചോരാതിരിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും ഒരേ സമയം ഉദ്യോഗസ്ഥരെത്തി പരിശോധന ആരംഭിക്കുകയായിരുന്നു.

ഇതുവരെയായി കണക്കില്‍ പെടാത്ത പത്ത് കിലോ സ്വർണം പിടിച്ചെടുത്തെന്നാണ് ജി എസ് ടി ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ആഭരണ നിർമ്മാണ കേന്ദ്രങ്ങളും മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധന നാളെ രാവിലെ വരെ തുടരാനാണ് സാധ്യത.
റെയ്ഡിന്റെ വിവരം പറയാതെയായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ജി എസ് ടി സ്പെഷ്യല്‍ വിളിച്ച് വരുത്തിയത്. കൊച്ചിയില്‍ ട്രെയിനിങ് ഉണ്ടെന്നായിരുന്നു എല്ലാവരോടും പറഞ്ഞത്. തുടർന്ന് ഒരു വിനോദയാത്ര പോകാം എന്ന് പറഞ്ഞ് തൃശൂരെത്തി. ഇതിന് ശേഷം മാത്രമാണ് ജി എസ് ടി ഉദ്യോഗസ്ഥരോട് പോലും റെയ്ഡിന്റെ വിവരം പറഞ്ഞത്.
ജിഎസ്ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന് ടൊറേ ഡെല്‍ ഒറോ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ സ്വർണാഭരണ കേന്ദ്രവും ഹോള്‍സെയില്‍ വിപണിയും പ്രവർത്തിക്കുന്നത് തൃശൂരാണ്. അതീവ രഹസ്യമായിട്ട് നടന്ന പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ നാളെയോടെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം നേരത്തെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചും സമാനമായ രീതിയിലുള്ള പരിശോധന ജി എസ് ടി വകുപ്പ് നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായി 42 കേന്ദ്രങ്ങളിലെ ഹോട്ടലുകളിലായിരുന്നു പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ 60 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. വ്യാപക നികുതി വെട്ടിപ്പ് നടക്കുന്നവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 6 മാസം നിരീക്ഷണം നടത്തിയതിന് ശേഷമായിരുന്നു പരിശോധന.












Click it and Unblock the Notifications