സന്തോഷ വാർത്ത; ഇനി കോടികൾ കിട്ടുന്നവരുടെ എണ്ണം കൂടും..ലോട്ടറി വിജയികളുടെ എണ്ണം കൂട്ടാൻ സർക്കാർ
ഒരു ലക്ഷത്തോളം പേർ ജോലിചെയ്യുന്ന ലോട്ടറി മേഖലയിൽ കഴിഞ്ഞ ഓണം ബംമ്പറിന് 25 കോടിയാണ് ഒന്നാം സമ്മാനമായി നൽകിയത്

തിരുവനന്തപുരം: ലോട്ടറിയുടെ സമ്മാനത്തുക ഉയർത്തിയതോടെ ലോട്ടറിയെടുക്കാൻ ആളുകളുടെ കൂട്ടയിടിയാണ്. ഇത്തവണത്തെ ക്രിസ്തുമസ്-പുതുവത്സര ബംബറും വലിയ ഹിറ്റായത് ഉയർന്ന സമ്മാനത്തുക ആയത് കൊണ്ട് തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ പലരും പങ്കുവെച്ച സങ്കടം എന്തുകൊണ്ടാണ് സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കാൻ സർക്കാർ തയ്യാറാകാത്തത് എന്നാണ്.

ക്രിസ്തുമസ്-പുതുവത്സര ബംബറിന്റെ കാര്യമെടുത്താൻ 16 കോടി രൂപയായിരുന്നു സർക്കാർ ഒന്നാം സമ്മാനമായി നൽകിയത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേർക്ക്. എന്നാൽ 16 കോടി ആക്കുന്നതിന് പകരം അത് വീതിച്ച് നൽകിക്കൂടെയെന്നായിരുന്നു പലരും ചോദിച്ചത്. ഇപ്പോഴിതാ ഈ പരാതികൾക്ക് പരിഹാരം ഉണ്ടാക്കാമെന്നാണ് സർക്കാർ പറയുന്നത്. ധനമന്ത്രി ബാലഗോപാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക് പരിഷ്‌കരിക്കണം എന്നാണ് ലോട്ടറി ഏജന്റുമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കു.കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ അംഗങ്ങൾക്ക് നൽകുന്ന ബീച്ച് അംബ്രല്ലയുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

1000 പേർക്കാണ് സൗജന്യമായി ബീച്ച് അംബ്രല്ല സംസ്ഥാനത്തുടനീളം വിതരണം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റ്/വിൽപ്പനക്കാർക്ക് 200 മുച്ചക്ര സ്‌കൂട്ടർ വിതരണത്തിന് തയ്യാറായതായി മന്ത്രി അറിയിച്ചു. ഇതിനുപുറമേ ലോട്ടറി തൊഴിലാളികൾക്ക് യൂണിഫോം വിതരണവും നടത്തും. ലോട്ടറി വകുപ്പിന്റെ ഓഫീസുകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക, ഭിന്നശേഷി സൗഹൃദമാക്കുക എന്നീ നടപടികളും സർക്കാർ പരിഗണനയിലാണ്. സർക്കാർ ലോട്ടറിയുടെ സുരക്ഷാ ഫീച്ചറുകൾ വർധിപ്പിച്ച് പ്രചാരം വർധിപ്പിക്കാനും ആലോചനയുണ്ട്.

ഓൺലൈൻ ലോട്ടറി കളിച്ച് പലരും ആത്മഹത്യ ചെയ്യുന്ന സ്ഥിതിയിൽ വിശ്വാസ്യതയും സുതാര്യതയും ഉള്ള സർക്കാർ ലോട്ടറിയുടെ പ്രചാരം വർധിപ്പിക്കേണ്ട ആവശ്യമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ലക്ഷത്തോളം പേർ ജോലിചെയ്യുന്ന ലോട്ടറി മേഖലയിൽ കഴിഞ്ഞ ഓണം ബംമ്പറിന് 25 കോടിയാണ് ഒന്നാം സമ്മാനമായി നൽകിയത്. 500 രൂപയായിരുന്നു ടിക്കറ്റ് വില. ഇതോടെ സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്ന മേഖലയായി സംസ്ഥാനത്തെ ലോട്ടറി രംഗം മാറി.

ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയുടെ ഭാഗമായി ഈ വർഷം 29 കോടിയിലധികം രൂപ വിതരണം ചെയ്തതായി മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ എബ്രഹാം റെൻ എസ്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി സുബൈർ, അംഗങ്ങളായ വി.വി അശോകൻ, ഫസൽ സുലൈമാൻ, ദയാനന്ദൻ ടി.വി തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications