അർജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായം: മേപ്പാടിയിലെ ശ്രുതിക്ക് ജോലി നല്‍കാനും സർക്കാർ തീരുമാനം
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിന് ധനസഹായവുമായി സർക്കാർ. അർജുന്റെ കുടുംബത്തിന് ലക്ഷം രൂപയോളം ധനസഹായം നല്‍കാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. അർജുന്റെ ഭാര്യക്ക് നേരത്തെ ജോലിയും സർക്കാർ ഉറപ്പ് വരുത്തിയിരുന്നു.
മേപ്പാടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെല്ലാം നഷ്ടമായ ശ്രുതിക്ക് ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വാഹനാപകടത്തില്‍ ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സനും അടുത്തിടെ മരണപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ശ്രുതിയുടേത് പ്രത്യേക കേസായി എടുത്ത് സർക്കാർ സഹായം പ്രഖ്യാപിച്ചത്.

മാതാപിതാക്കള്‍ നഷ്ടപ്പെട്ടവർക്ക് ധനസഹായം
അതോടൊപ്പം തന്നെ വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് മാതാപിതാക്കള്‍ നഷ്ടമായവർക്ക് ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകുന്നതിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ ശിശുവികസന വകുപ്പായിരിക്കും ഇത് നല്‍കുക.
പുനരധിവാസം
ഉരള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റവും അനുയോജ്യമാണെന്ന് രണ്ട് സ്ഥലം കണ്ടെത്തി. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാനാണ് ആലോചിക്കുന്നത്.
'ടൗൺഷിപ്പ് നിർമ്മിക്കുവാൻ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ അഡ്വക്കേറ്റ് ജനറലിൻ്റെ അടക്കം വിദഗ്ധോപദേശം തേടിയിരുന്നു. വേഗം തന്നെ സ്ഥലം കിട്ടുക എന്നത് വളരെ പ്രധാനമാണ്. അതിൻ്റെയൊക്കെ ഭാഗമായി ഇപ്പോൾ കണ്ടിട്ടുള്ളത്, ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷൻ ഏറ്റെടുക്കുന്നതിനാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. അങ്ങനയാകുമ്പോൾ സ്ഥലം ലഭ്യമാകുന്നതിന് വലിയ കാലതാമസം ഉണ്ടാവുകയില്ല." എന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെയായിരിക്കും ഒന്നാം ഘട്ടത്തില്‍ പുനരധിവസിപ്പിക്കുക. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടർ താമസിയാതെ തന്നെ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര സഹായം ലഭിച്ചില്ല
അതേസമയം വയനാട് ദുരന്തത്തില്‍ കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും ഫലപ്രദമായ സഹായം ഇതുവരേയും ലഭ്യമായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219.2 കോടി രൂപ ആണ് അടിയന്തിര ദുരിതാശ്വാസ സഹായം ആയി അഭ്യർത്ഥിച്ചത്. ഈ വർഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ലഭിക്കേണ്ട കേന്ദ്ര വിഹിതം ആയ 291.2 കോടി രൂപയുടെ ആദ്യ ഗഡു ആയ 145.6 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഗഡു ആയ 145.6 കോടി രൂപ അഡ്വാൻസ് ആയി ഇപ്പോൾ അനുവദിച്ചു ഇത് സാധാരണ നടപടിക്രമം മാത്രമാണ്.
ദുരന്തത്തിൻ്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായം അല്ല കേരളത്തിന് ലഭിച്ചത്. വയനാട് ദുരന്ത ഘട്ടത്തിലും തുടർന്നും സംസ്ഥാനത്തിന് സഹായം നൽകാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ പ്രത്യേക സഹായം ഇതുവരെ നമുക്ക് ലഭ്യമായിട്ടില്ല. അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിൻറെ ശ്രദ്ധയിൽപ്പെടുത്താനും മന്ത്രി സഭായോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications