ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ജൂനിയര്‍ അമേച്ചര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരണപ്പെട്ട അഫീല്‍ ജോണ്‍സണിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അഫീലിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക അനുവദിക്കുക.
പാലായിലെ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരിത്തിനിടെ ഒക്ടോബര്‍ നാലിനായിരുന്നു പാലാ സെന്‍റ് തോമസ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അഫീലിന് പരിക്കേറ്റത്. ജാവലിന്‍ മത്സരിത്തിന് സഹായിയായി നില്‍ക്കുകയായിരുന്നു അഫീലിന്‍റെ തലയിലേക്ക് ഹാമര്‍ വന്ന് പതിക്കുകയായിരുന്നു.

ഒരേസമയം അടുത്തടുത്തായി ജാവലിന്‍ ത്രോയും ഹാമര്‍ ത്രോയും സംഘടിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. രണ്ട് ഇനങ്ങളുടേയും ഫീല്‍ഡ് അടുത്തടുത്തായിരുന്നു. ഒന്നിടവിട്ടായിരുന്നു ജാവലിനും ഹാമറും നടന്നത്. ഗ്രൗണ്ടില്‍ നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെ അഫീലിന്‍റെ തലയില്‍ ഹാമര്‍ വന്ന് വീഴുകയായിരുന്നു. കുനിഞ്ഞിരുന്ന അഫീലിന്‍റെ തലയുടെ ഇടതുഭാഗത്ത് നെറ്റിയിലായാണ് മൂന്നി കിലോ ഭാരമുള്ള ഹാമർ പതിച്ചത്.
സാരമായി പരിക്കേറ്റ അഫീല്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്ഥാന കായിക വകുപ്പിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങൾ. വിദഗ്ധരായ ഡോക്ടർമാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ ശ്രമങ്ങളെ വിഫലമാക്കിക്കൊണ്ട് തിങ്കളാഴ്ച്ച അഫീല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.












Click it and Unblock the Notifications