മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ വെറുതെ വിട്ടു; പോലീസിന് നാണക്കേട്
കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. നിലമ്പൂര്‍ കരുളായി വനേേമഖലയില്‍ അജിത, കുപ്പുരാജു എന്നീ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന സംഭവത്തില്‍ മെഡിക്കല്‍ കോളജ് പരിസരത്ത് പ്രതിഷേധിച്ച കേസിലാണ് വിധി. ഒന്നര മാസമായി ജയിലിലാണ് വാസു.
2016ലെ കേസില്‍ ജാമ്യമെടുക്കാന്‍ ഗ്രോ വാസു തയ്യാറായിരുന്നില്ല. താന്‍ തെറ്റ് ചെയ്തിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജാമ്യമെടുക്കാത്തതിനെ തുടര്‍ന്ന് വാറണ്ടായതോടെയാണ് അറസ്റ്റുണ്ടായത്. ശേഷം കോടതിയില്‍ പലതവണ ഹാജരാക്കിയിരുന്നു എങ്കിലും അദ്ദേഹം നിലപാട് മാറ്റിയില്ല. മാത്രമല്ല, മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്യുകയുമുണ്ടായി.

കേസില്‍ 20 പ്രതികളാണുണ്ടായിരുന്നത്. 2 പേര്‍ക്ക് മാത്രമാണ് പിഴയിട്ടത്. അതും നാമമാത്രമായ തുകയായിരുന്നു. വാസു ഒഴികെ ബാക്കിയുള്ളവരെ നേരത്തെ കോടതി വെറുതെവിട്ടിരുന്നു. താന്‍ തെറ്റ് ചെയ്തില്ല എന്നതായിരുന്നു വാസുവിന്റെ നിലപാട്. അതുകൊണ്ടുതന്നെ പിഴയൊടുക്കാനോ ജാമ്യമെടുക്കാനോ അദ്ദേഹം തയ്യാറായില്ല. ശിക്ഷിക്കണമെങ്കില്‍ ശിക്ഷിക്കാം എന്നായിരുന്നു 94കാരനായ വാസു പറഞ്ഞത്.
കേസില്‍ ഏഴ് സാക്ഷികളാണുണ്ടായിരുന്നത്. മിക്കതും പോലീസുകാരായിരുന്നു. സ്വതന്ത്ര സാക്ഷികളില്ലേ എന്ന് കോടതി വിചാരണ ഘട്ടത്തില്‍ ചോദിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജ് പരിസരത്ത് കട നടത്തുന്ന ഒരു സാക്ഷിയുണ്ടായിരുന്നുവെങ്കിലും അയാള്‍ വാസുവിന് അനുകൂലമായി മൊഴി മാറ്റി. ഇതോടെ പോലീസ് വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമായി.
നിലവില്‍ ജില്ലാ ജയിലിലാണ് വാസു. നാല് തവണ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ ഹാജരാക്കിയത് ചൊവ്വാഴ്ചയാണ്. തന്റെ ഭാഗം വിശദീകരിക്കാന്‍ കോടതി വാസുവിനെ അനുവദിച്ചു. തനിക്കെതിരെ ആരെങ്കിലും പരാതി തന്നോ എന്ന് അദ്ദേഹം ചോദിച്ചു. മെഡിക്കല്‍ കോളജ് അധികൃതര്‍ പരാതി നല്‍കിയിട്ടില്ല. റോഡില്‍ തടസം സൃഷ്ടിച്ചതിന് തെളിവുമില്ല. പിന്നെ എന്ത് കേസാണിത് എന്ന് വാസു ചോദിച്ചിരുന്നു.
കോടതിയില്‍ എത്തുമ്പോഴെല്ലാം മുദ്രാവാക്യം വിളിച്ചാണ് വാസു എത്തിയത്. മുദ്രാവാക്യം വിളിക്കരുത് എന്ന് കോടതി നിര്‍ദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്‍ക്വിലാബ് സിന്ദാബാദ്, പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ് എന്നീ മുദ്രാവാക്യമാണ് വാസു വിളിച്ചിരുന്നത്. താന്‍ ജാമ്യമെടുക്കില്ലെന്ന് വ്യക്തമാക്കിയ വാസു വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്നു കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി അംഗീകരിക്കുകയും ചെയ്തു.
ഗ്രോ വാസുവിനെ വിട്ടയക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിഷയം ഉന്നയിക്കുകയും ചെയ്തു. കോഴിക്കോടും വാസുവിനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടന്നു. വാസുവിന്റെ മോചനത്തിന് വേണ്ടി കൂടുതല്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കെയാണ് കോടതി വെറുതെവിട്ടിരിക്കുന്നത്.












Click it and Unblock the Notifications