പാർട്ടിയില്‍ കൂട്ടായ നേതൃത്വവും കൂടിയാലോചനയും വേണമെന്ന് ജി-23: ഗുലാംനബി സോണിയയെ കാണും
ദില്ലി: പാർട്ടിയില്‍ കൂട്ടായ നേതൃത്വം വേണമെന്ന ആവശ്യം ഉയർത്തി ജി-23 നേതാക്കളുടെ യോഗം. സംഘടനാ കാര്യങ്ങളിൽ വിശാലമായ കൂടിയാലോചന വേണമെന്നും . ബിജെപിയെ എതിർക്കാൻ സമാന മനസ്കരുമായി കൂട്ടായ്മ ഉണ്ടാക്കണമെന്നും നേതാക്കള്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. "എല്ലാ തലങ്ങളിലും കൂട്ടായതും ഉൾക്കൊള്ളുന്നതുമായ നേതൃത്വത്തിന്റെയും തീരുമാനങ്ങൾ എടുക്കുന്നതിന്റെയും മാതൃക കോൺഗ്രസ് സ്വീകരിക്കുക എന്നതാണ് മുന്നിലുള്ള ഏക പോംവഴിയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഗുലാം നബി ആസാദ് വ്യാഴാഴ്ച സോണിയ ഗാന്ധിയെ കാണാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. വെള്ളിയാഴ്ചയായിരിക്കും അദ്ദേഹം എ ഐ സി സി അധ്യക്ഷയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ചർച്ച ചെയ്യുക. യോഗത്തിലെ നിർദേശങ്ങൾ വ്യാഴാഴ്ച സോണിയ ഗാന്ധിയെ അറിയിക്കും. സോണിയ-ഗുലാംനബി ആസാദ് കൂടിക്കാഴ്ചയില്‍ രാഹുല്‍ ഗാന്ധിയും പ്രിയഗാന്ധിയും പങ്കെടുത്തേക്കും.

Recommended Video
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മേധാവികളോട് രാജിവയ്ക്കാനും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ജി-23 നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ചേർന്ന് പാർട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയിലുള്ള വിശ്വാസം നിലനിർത്താൻ തീരുമാനിച്ചതിന് ശേഷം കോണ്‍ഗ്രസ് പാർട്ടിക്കുള്ളില്‍ വിമത സ്വരം പൂർവ്വാധികം ശക്തമായിട്ടുണ്ട്. ശശി തരൂറിന്റേുയം മണി ശങ്കർ അയ്യരുടേയുമൊക്കെ കൂറുമാറ്റം ഇതിന്റെ ഭാഗമാണെന്ന വിലയിരുത്തലും ശക്തമാണ്.
കപിൽ സിബൽ, ശശി തരൂർ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, പൃഥ്വിരാജ് ചവാൻ, രാജ് ബബ്ബർ, പിജെ കുര്യൻ, മണിശങ്കർ അയ്യർ എന്നിവരും ആസാദിന്റെ വീട്ടിലേക്ക് യോഗത്തിനായി എത്തിയിരുന്നു. ശശി തരൂരും പതിറ്റാണ്ടുകളായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ മണി ശങ്കർ അയ്യറും യോഗത്തിന് എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. മുതിർന്ന നേതാവായ കപില്‍ സിബലിന്റെ വസതിയിലായിരുന്നു നേരത്തെ യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാനം നിമിഷം വേദി മാറ്റുകയായിരുന്നു. ഗാന്ധി കുടുംബത്തിനെതിരെ നിരന്തരം രൂക്ഷമായ വിമർശനങ്ങളുയർത്തുന്ന കപില്‍ സിബലിന്റെ വീട്ടിലെത്താന്‍ ചില നേതാക്കള്‍ അസൌകര്യം അറിയിച്ചതിനെ തുടർന്നാണ് യോഗം ഗുലാംനബി ആസാദിന്റെ വീട്ടിലേക്ക് മാറ്റിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications