മലയാളികൾക്ക് പങ്കെടുക്കാം; 2022 ഹജ്ജ് കേന്ദ്ര ക്വോട്ട പ്രഖ്യാപിച്ചു; 5747 പേർക്ക് അവസരം
ഡൽഹി: 2022 - ലെ ഹജ്ജിനുള്ള കേന്ദ്ര കമ്മിറ്റി ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള 5747 പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കുക. ഹജ്ജിന് പോകാനായി കേരളത്തിൽ നിന്നും നിരവധി പേരാണ് അപേക്ഷിച്ചിരിക്കുന്നത്. ഇതിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരം ലഭിക്കുക.
ഏപ്രിൽ 26 നും 30 നും ഇടയിലായി നറുക്കെടുപ്പ് നടക്കുമെന്നാണ് അറിയിപ്പ്. കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് അനുവദിച്ച ക്വാട്ട 56601 ആണ്. ഇതിൽ വിവിധ സംസ്ഥാനങ്ങൾക്കായി 55134 സീറ്റ് വീതിച്ചു നൽകിയിരുന്നു. ഇതിൽ കേരളത്തിന് ലഭിച്ചത് 5747 പേർക്ക് പങ്കെടുക്കാനുളള അവസരമാണ്.

ഇതിന് പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവ് വരുന്ന മുറക്ക് കേരളത്തിലെ കൂടുതൽ പേർക്ക് ഹജ്ജിൽ പങ്കെടുക്കാൻ അവസരം ലഭിച്ചേക്കും. ഹജ്ജിൽ പങ്കെടുക്കാൻ അപേക്ഷിച്ചവരിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ഈ വർഷം പങ്കെടുക്കാൻ അവസരം ലഭിക്കുക.
അതേസമയം, കോവിഡ് മഹാമാരിയുടെ ഭാഗമായി നടപ്പിലാക്കിയ നിയന്ത്രണങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ രണ്ട് വർഷമായി വിദേശ തീർത്ഥാടകർക്ക് ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കാൻ സൗദി അറേബ്യ അനുമതി നൽകിയിരുന്നില്ല. എന്നാൽ, കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ആണ് വീണ്ടും ഹജ്ജിന് അനുമതി നൽകിയിരിക്കുന്നത്.
വിദേശ തീർത്ഥാടകരെ ഉൾക്കൊള്ളിക്കും എന്ന സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. നിലവിൽ 10 ലക്ഷം പേർക്കാണ് ഹജ്ജിന് സൗദി ഹജ്ജ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ആഭ്യന്തര തീർത്ഥാടകരും വിദേശ തീർത്ഥാടകരും ഉൾപ്പെടുന്നുണ്ട്. അതേസമയം, 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഹജ്ജിന് പങ്കെടുക്കാൻ അനുമതി നൽകിയിട്ടില്ല. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണ ഹജ്ജ് നടപ്പിലാക്കുന്നത്.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമേ അനുമതി ഉണ്ടാകൂ. സൗദി ഹജ്ജ് മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, വിദേശ തീർത്ഥാടകർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിബന്ധനയും ഉണ്ട്. ഉടൻ തന്നെ ഓരോ രാജ്യത്തിനും നൽകേണ്ട ഹജ്ജ് ക്വട്ട സംബന്ധിച്ച കാര്യത്തിൽ തീരുമാനം ഉണ്ടാകും. അതാത് രാജ്യങ്ങളുടെ സൗദിയിലെ എംബസിയുമായി ആണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുക.
എപി അബ്ദുള്ളക്കുട്ടി ഹജ്ജ് കമ്മിറ്റി ചെയർമാൻ
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ ആയി ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ലക്കുട്ടിയെ തെരഞ്ഞെടുത്തു. ദില്ലിയില്‍ ചേർന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ ആയിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. കേരളത്തില്‍ നിന്ന് എത്ര പേർക്ക് ഹജ്ജ് നടത്താനാകും എന്ന് ഒരാഴ്ചയ്ക്ക് ഉളളിൽ അറിയാമെന്നും അപേക്ഷകരില്‍ ഭൂരിഭാഗം പേരെയും കൊണ്ടു പോകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുള്ളകുട്ടി പറഞ്ഞിരുന്നു. കോഴിക്കോട് ഹജ്ജ് കേന്ദ്രം ന്യായമാണെങ്കിലും ഇത്തവണ ഉണ്ടാകില്ലെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications