കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; ഇന്ന് രണ്ടിടത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍
കൊച്ചി: കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. കോതമംഗലത്തും കുട്ടമ്പുഴയിലും ആണ് ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വൈകീട്ട് മൂന്ന് മണിക്ക് കോണ്‍ഗ്രസ് കോതമംഗലത്ത് പ്രതിഷേധ മാര്‍ച്ചും നടത്തും. കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണി കോടിയാട്ട് എല്‍ദോസ് ആണ് ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
ബസിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ശരീരം ചിന്നിച്ചിതറിയ നിലയില്‍ എല്‍ദോസിനെ നാട്ടുകാര്‍ റോഡില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കളക്ടര്‍ കൈകൂപ്പി അപേക്ഷിച്ച് സുരക്ഷ ഒരുക്കുന്ന കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് നാട്ടുകാര്‍ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റാന്‍ പോലും അനുവദിച്ചത്.

പ്രതിഷേധം തുടങ്ങി ഏഴ് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് നഷ്ടപരിഹാരം അടക്കമുള്ള കാര്യത്തില്‍ കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയത്. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ച കളക്ടര്‍ ഇതില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്ത് വെച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തു. ഇതോടെയാണ് പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
നാട്ടുകാരുടെ വികാരങ്ങള്‍ മനസിലാക്കുന്നുവെന്നും അടിയന്തിര ധനസഹായം തയ്യാറായെന്നും കളക്ടര്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. ട്രെഞ്ചിങ്, സോളാര്‍ ഫെന്‍സിങ് എന്നിവ ഇന്ന് തന്നെ തുടങ്ങും. 21 ന് സോളാര്‍ ഫെന്‍സിങ് സ്ഥാപിക്കുന്നതിന്റെ നടപടി തുടങ്ങും. അപകടം നടന്ന പ്രദേശത്ത് ഉടന്‍ തന്നെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്നും ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കി. ഉറപ്പുനല്‍കിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ നേരിട്ടെത്തി പരിശോധിക്കും.
ഇതിനായി ഡിസംബര്‍ 27 ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഈ ഉറപ്പുകളെല്ലാം നല്‍കിയ ശേഷമാണ് മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്ന് കോതമംഗലം ആശുപത്രിയിലേക്ക് മാറ്റിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് തന്നെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം കാട്ടാന ആക്രമണത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോതമംഗലം എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ പലപ്പോഴായി ഈ വിഷയത്തെ കുറിച്ച് പറഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും ഫെന്‍സിങ് പൂര്‍ത്തിയാക്കുകയോ ആര്‍ആര്‍ടിയെ അയക്കുകയോ ചെയ്തില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെയും വനം വകുപ്പിന്റെയും പരാജയമാണിതെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം കുട്ടമ്പുഴയില്‍ സോളാര്‍ ഫെന്‍സിംഗിന് കാലതാമസമുണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.


Click it and Unblock the Notifications