ജയരാജന്‍ പ്രശ്‌നം വഷളാക്കിയെന്ന് ജില്ലാ സെക്രട്ടേറിയേറ്റ്; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം
കണ്ണൂര്‍: പി ജയരാജനെതിരെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. മനു തോമസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി ജയരാജന്‍ നേരത്തെ ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഇത് പ്രശ്‌നം വഷളാക്കിയെന്നാണ് സെക്രട്ടേറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയേറ്റില്‍ പറഞ്ഞ് അവസാനിപ്പിച്ച കാര്യം വീണ്ടും ഉയര്‍ത്തി കൊണ്ടുവന്നത് പി ജയരാജനാണെന്ന് യോഗത്തില്‍ രൂക്ഷ വിമര്‍ശനമായി ഉയര്‍ന്നു.
എഫ്ബി പോസ്റ്റിലൂടെ പ്രശ്‌നം വഷളായെന്നും, അതിന് കാരണക്കാരന്‍ ജയരാജന്‍ തന്നെയാണെന്നും വിമര്‍ശനം വന്നു. ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി പോലുള്ള ക്വട്ടേഷന്‍ നേതാക്കള്‍ പാര്‍ട്ടിക്ക് വേണ്ടി വീണ്ടും വാദിക്കാന്‍ കാരണമായത് ജയരാജന്റെ ഈ പോസ്റ്റാണെന്നും സെക്രട്ടേറിയേറ്റില്‍ വിമര്‍ശനം ഉയര്‍ന്നു.

ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. പകരം ജില്ലാ സെക്രട്ടറി പ്രതികരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം മറുപടി പറയാന്‍ തയ്യാറായില്ല. സംഭവം നടന്നത് കണ്ണൂരില്‍ അല്ലേ, അപ്പോള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി വിശദീകരണം നല്‍കും.
എംവി ജയരാജനോട് ഇക്കാര്യത്തില്‍ ചോദ്യങ്ങളാവാമെന്നായിരുന്നു ഗോവിന്ദന്‍ പ്രതികരിച്ചത്. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിന് സേഷം വിഷയത്തില്‍ പ്രതികരിക്കാന്‍ കണ്ണൂരിലെ മുതിര്‍ന്ന നേതാക്കളാരും തയ്യാറായിട്ടില്ല. നേരത്തെ സിപിഎമ്മില്‍ നിന്ന് നടപടി നേരിട്ടതിന് പിന്നാലെയാണ് മനു തോമസ് പി ജയരാജനെതിരെ രംഗത്തെത്തിയത്.
പാര്‍ട്ടിക്ക് ക്വട്ടേഷന്‍ സംഘങ്ങളും സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം പലതവണ ചോദ്യം ചെയ്തിട്ടും അവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു മനു ആരോപിച്ചിരുന്നു. ഇതിന് ശേഷമാണ് മനുവിനെതിരെ പി ജയരാജന്‍ രംഗത്തെത്തിയത്. അതേസമയം ജില്ലാ സെക്രട്ടറി യോഗത്തിന് ശേഷം ആരോപണങ്ങളില്‍ പ്രതികരിക്കാനും പി ജയരാജന്‍ തയ്യാറായില്ല.
മൗനം വിദ്വാനു ഭൂഷണം എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് ജയരാജന്റെ മറുപടി. ആരോപണം മാധ്യമങ്ങള്‍ക്ക് ഗുരുതരമായിരിക്കും. തനിക്ക് മറ്റൊന്നും പറയാനില്ലെന്നും ജയരാജന്‍ പറഞ്ഞു. നേരത്തെ യോഗത്തിനെത്തിയപ്പോഴും അദ്ദേഹം പ്രതികരണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ മനു തോമസിനെതിരെ ജില്ല സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം ജയരാജന്‍ നടത്തിയെന്നാണ് സൂചന.
അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ആള്‍ക്ക് അനീതിക്കെതിരായ പോരാളിയെന്ന പരിവേഷം നല്‍കുന്നു. മനു തോമസ് പാര്‍ട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് ബോധപൂര്‍വം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികള്‍ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്ക് ഉള്ളതെന്നും പി ജയരാജന്‍ എഫ്ബി കുറിപ്പില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ക്വട്ടേഷന്‍ കേസുകളില്‍ പ്രതികളായ അര്‍ജുന്‍ ആയങ്കിയും, ആകാശ് തില്ലങ്കേരിയും പി ജയരാജന് പ്രതിരോധം തീര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതോടെയാണ് സിപിഎം പ്രതിരോധത്തിലായത്.












Click it and Unblock the Notifications