മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ; ധൂർത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കും പൊലീസിനുമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനം ധൂർത്തും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ബിജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഓണം ഉണ്ണാൻ പോലും ജനം ബുദ്ധിമുട്ടുമ്പോൾ കോടികൾ മുടക്കി മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറക്കുന്നത് അം ഗീകരിക്കാനാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് കരാർ. ബാക്കി ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണം. ട്രഷറിയിൽ ചെക്ക് മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത്. കഴിഞ്ഞ തവണ 22 കോടിയോളം ഹെലികോപ്റ്റർ യാത്രയ്ക്ക് പിണറായി വിജയൻ പൊടിച്ചിരുന്നു. ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും സമാനമായ രീതിയിലുള്ള സാമ്പത്തിക തകർച്ചയാണ് കേരളം അഭിമുഖീകരിക്കുന്നത്. അപ്പോഴാണ് ഇത്തരം ധൂർത്തും ധിക്കാരവുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ യാത്രയ്ക്കും ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ സർകാർ തീരുമാനിച്ചത്. ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടര്‍ നല്‍കുന്നത്. പ്രതിമാസം 80 ലക്ഷം രൂപ എന്ന നിരക്കിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത്. ഇത് സംബന്ധിച്ച് സ്വകാര്യ കമ്പനിയുമായി ഉടൻ കരാർ ഒപ്പിടും. കൊവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. അന്ന് വൻ ധൂർത്താണ് സർക്കാരിന്റേത് എന്ന വിമർശനമായിരുന്നു ഉയർന്നത്. അതോടെ ഇത് സംബന്ധിച്ച കരാർ പുതുക്കിയിരുന്നില്ല. എന്നാൽ രണ്ടര വർഷങ്ങൾക്ക് ശേഷം വീണ്ടും ഇതേ തീരുമാനവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് സർക്കാർ. അടുത്ത മാസം ആദ്യം ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തിക്കാനാണ് നടപടികള്‍.
അതേസമയം തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. സർക്കാരിന് ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കഴിയാത്ത സാഹചര്യത്തിൽ മാസം 80 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയെന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 5 ലക്ഷം രൂപയുടെ ചെക്കുകൾ പോലും ട്രഷറിയിൽ മാറ്റാനാകാത്ത അവസ്ഥയാണ്. അപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂർ പറക്കാൻ 80 ലക്ഷം മുടക്കി ഹെലികോപ്റ്റർ കൊണ്ടുവരുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു.












Click it and Unblock the Notifications