‘ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിട്ടില്ല,ആരെങ്കിലും പരാതിയുമായി വന്നാൽ എത്ര ഉന്നതനായാലും നടപടി'
തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സർക്കാർ പൂഴ്ത്തിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോര്‍ട്ടില്‍ പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ പുറത്ത് വിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് ജസ്റ്റിസ് ഹേമ തന്നെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തങ്ങളുടെ കമ്മറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചും രഹസ്യാത്മകമായ വെളിപ്പെടുത്തലുകള്‍ ആണ്.
ആയതിനാല്‍ യാതൊരു കാരണവശാലും റിപ്പോർട്ട് പുറത്തുവിടരുതെന്ന് കമ്മിറ്റി ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയില്‍ നിന്നുള്ള നിരവധി വ്യക്തികള്‍ കമ്മിറ്റിക്ക് മുമ്പാകെ ഉന്നയിച്ച വിവിധ ആരോപണങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവവും അവ പരസ്യമായാല്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് സാക്ഷികളുടെ മൊഴികള്‍ക്ക് പരിപൂര്‍ണമായും രഹസ്യാത്മകത ഉറപ്പുവരുത്താന്‍ കമ്മിറ്റി ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഇതൊക്കെ വസ്തുതയായിരിക്കെ, സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന് പറയുന്നതില്‍ എന്താണര്‍ത്ഥം? സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും.ചലച്ചിത്ര മേഖലയിലെ എല്ലാത്തരം നിയമ വിരുദ്ധ - സ്ത്രീ വിരുദ്ധ പ്രവണതകളെയും ശക്തമായി തന്നെ നേരിടും', മുഖ്യമന്ത്രി പറഞ്ഞു.

പീഡന പരാതികളില്‍ നടിമാര്‍ നല്‍കുന്ന പരാതികളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസ് ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഒരു സംവിധായകന്‍ പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീ കഴിഞ്ഞ വര്‍ഷം പരാതി നല്‍കി. ഉടനടി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനിമയില്‍ അഭിനയിപ്പിക്കാം എന്ന് വാഗ്ദാനംചെയ്ത് പീഡനം നടത്തിയ പ്രമുഖ നടനെതിരെ കേസെടുത്തു. നടിയോട് ലൈംഗിക താല്‍പ്പര്യത്തോടെ സമ്മര്‍ദ്ദം ചെലുത്തിയ മറ്റൊരു നടനെതിരെയും കേസെടുത്തു. പോക്സോ കേസില്‍ മറ്റൊരു നടനെതിരെയും,പീഡന പരാതിയില്‍ മറ്റൊരു സംവിധായകനെതിരെയും കേസെടുത്തത് സമീപ കാലത്താണ്.
ഇത് മാത്രമല്ല സിനിമക്കുള്ളിലെ സാമ്പത്തിക വഞ്ചന, പകര്‍പ്പവകാശ ലംഘനം സൈബര്‍ അധിക്ഷേപം തുടങ്ങിയ പല വിധ പരാതികളില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് നല്‍കിയ പരാതിയില്‍ പഴയൊരു സംവിധാകനെതിരെ ഐടി ആക്റ്റ് പ്രകാരവും, ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി പ്രമുഖയായ നടി നല്‍കിയ പരാതിയില്‍ പ്രസിദ്ധനായ മറ്റൊരു പരസ്യ സംവിധായനെതിരെയും കേസെടുത്തു. നടിയെ ഫോണിലൂടെ തുടര്‍ച്ചയായി ശല്യം ചെയ്ത സംഭവത്തില്‍ വേറൊരു സംവിധായനെതിരെ കേസെടുത്തു. ഇങ്ങനെ പരാതി ലഭിച്ച എല്ലാകേസിലും മുഖം നോക്കാതെയുള്ള നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളത്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയ ഏതെങ്കിലും വനിത പരാതി നല്‍കാന്‍ തയാറായി മുന്നോട്ടു വന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഉചിതമായ ഇടപെടലുണ്ടാകും. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കും. അതില്‍ ഒരു തരത്തിലുള്ള സംശയവും ആര്‍ക്കും വേണ്ടതില്ല', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications