'അഭിലാഷിന്റെ സമീപനമനുസരിച്ച് മിനിമം ഭീഷണിയൊക്കെ വേണ്ടതാണ്... പക്ഷെ..'; ഗോപാലകൃഷ്ണന്‍
കൊച്ചി: ചാനല്‍ ചര്‍ച്ചകള്‍ സജീവമായതിന് പിന്നാലെ അവതാരകരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തമ്മിലുള്ള വാഗ്വാദങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തില്‍ ഏറെ പ്രശസ്തരായ രണ്ട് പേരാണ് മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനനും ബി ജെ പി ജനറല്‍ സെക്രട്ടറി അഡ്വ. ബി ഗോപാലകൃഷ്ണനും തമ്മിലുള്ള ഏറ്റുമുട്ടല്‍.
അഭിലാഷ് മോഹനന്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ ആയിരുന്നപ്പോള്‍ മുതല്‍ ചര്‍ച്ചകളില്‍ ബി ജെ പി പ്രതിനിധിയായി ഏറ്റവും കൂടുതല്‍ തവണ ഏറ്റുമുട്ടിയത് ഗോപാലകൃഷ്ണനോടായിരിക്കും. പിന്നീട് മീഡിയ വണ്ണിലും മാതൃഭൂമി ന്യൂസിലും അഭിലാഷ് മോഹനന്‍ എത്തിയപ്പോഴും ഗോപാലകൃഷ്ണനുമായുള്ള 'ഏറ്റുമുട്ടല്‍' നിര്‍ബാധം തുടര്‍ന്നു.

ഇപ്പോഴിതാ അഭിലാഷ് മോഹനന്റെ സമീപനം അനുസരിച്ച് ചെറിയ ഭീഷണിയൊക്കെ അര്‍ഹിക്കുന്നയാളാണ് എന്ന് രസകരമായി പറയുകയാണ് ഗോപാലകൃഷ്ണന്‍. മാതൃഭൂമി ന്യൂസില്‍ ഓണത്തോട് അനുബന്ധിച്ച് സി പി ഐ എം നേതാവും എം പിയുമായ എ എ റഹീം, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഗോപാലകൃഷ്ണന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു പരിപാടി സംപ്രേഷണം ചെയ്തിരുന്നു.

അഭിലാഷ് മോഹനനെ കൂടാതെ മാതുവും പരിപാടിയിലുണ്ടായിരുന്നു. ഇതിലായിരുന്നു ഗോപാലകൃഷ്ണന്റെ രസകരമായ പ്രതികരണം. അഭിലാഷ് മോഹനന്റെ ചോദ്യത്തോടായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി. ഇരുവരുടേയും ചോദ്യവും പ്രതികരണവും ഇങ്ങനെയായിരുന്നു...
അഭിലാഷ് മോഹനന്‍: എന്നോട് പലരും ചോദിക്കാറുണ്ട്. പുള്ളിയുടെ ഭാഗത്ത് നിന്ന് വല്ല ഭീഷണിയും ഉണ്ടാകാറുണ്ടോ? തല്ല് കിട്ടാന്‍ സാധ്യതയുണ്ടോ എന്നൊക്കെ.

ഗോപാലകൃഷ്ണന്‍: വാസ്തവത്തില്‍ ഒരു പരമസാധുവാണ് ഞാന്‍. സാധാരണ ആളുകള്‍ പലപ്പോഴും നമുക്ക് തോന്നും. സിനിമയിലൊക്കെ ചിലരെയൊക്കെ നമുക്ക് വില്ലനാണ് എന്ന് തോന്നും. ഗോവിന്ദന്‍ കുട്ടിയെ കണ്ടാല്‍ വില്ലനാണ് തോന്നാത്തവരാരുമില്ല. കെ പി ഉമ്മറിനെ കണ്ടാല്‍ വില്ലനാണ് എന്ന് തോന്നും. പക്ഷെ അവരുടെയൊക്കെ ജീവിതത്തില്‍ വളരെ സുതാര്യവും വളരെ മാന്യമായ ഒരു സമീപനമാണ്. അപ്പോള്‍ പിന്നെ അഭിലാഷിന്റെ ഇടക്ക് ഭീഷണി വേണോ എന്ന് ചോദിച്ചാല്‍ വേണ്ടതാണ് ശരിക്കും.

അഭിലാഷിന്റെ സമീപനം അനുസരിച്ച് ഭീഷണി വേണ്ടതാണ്. മിനിമം ഭീഷണിയെങ്കിലും വേണ്ടതാണ്. പിന്നെ അഭിലാഷും ഒരു സാധുവല്ലേ.
അഭിലാഷ്: ചര്‍ച്ചയൊക്കെ കഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ ഡോക്ടര്‍ എന്റെ മനുഷ്യാ നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെ പറയേണ്ട വല്ല കാര്യവുമുണ്ടോ എന്ന് ചോദിക്കാറുണ്ടോ
ഗോപാലകൃഷ്ണന്‍: എന്നോട് എപ്പോഴും പറയും വാസ്തവത്തില്‍ ആ അഭിലാഷിനോട് ഒന്നുകൂടി പറയേണ്ടതായിരുന്നു. എന്റെ നല്ല ഒരു ഒബ്‌സര്‍വര്‍ ആണ് എന്റെ ഭാര്യ.
ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍

നേരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെ അഭിലാഷ് മോഹനനെ ഒരു ബി ജെ പിക്കാരനാക്കണം എന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞതും വൈറലായിരുന്നു. പലരും തന്നോട് ഗോപാലകൃഷ്ണനോട് ശത്രുതയുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന് അഭിലാഷ് മോഹനന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ശത്രുവിനെയാണ് മനസ് കൊണ്ട് ഏറെ ഇഷ്ടം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി.

അതേസമയം എത്രത്തോളം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചാലും ഗോപാലകൃഷ്ണന്റെ സൗഹൃദത്തിന് ഉലച്ചിലുണ്ടാകാറില്ല എന്ന് അഭിലാഷും അന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ കര്‍ഷകര്‍ ഉയര്‍ത്തിയത് ഖലിസ്ഥാന്‍ പതാകയാണെന്ന ബി.ഗോപാലകൃഷ്ണന്റെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അഭിലാഷ് മോഹനന്‍ രംഗത്തെത്തിയത് വൈറലായിരുന്നു.

ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക മാറ്റി ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയ രാജ്യദ്രോഹപരമായ തീരുമാനത്തെ അപലപിക്കാന്‍ തയ്യാറുണ്ടോ എന്നായിരുന്നു ചര്‍ച്ചയിലുടനീളം ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നത്. നിങ്ങളെപ്പോലെയുള്ള ദേശദ്രോഹത്തിന് കൂട്ടുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരാണ് ഇത് ഖലിസ്ഥാന്റെ പതാകയല്ലെന്ന് പറയുന്നതെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് ഖലിസ്ഥാന്‍ പതാകയല്ലെന്നും അത് ചെയ്തത് ബി.ജെ.പിയുമായി ബന്ധമുള്ള ദീപ് സിദ്ദുവാണെന്നുമുള്ള അഭിലാഷ് മോഹനന്റെ മറുപടി വൈറലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ദീപ് സിദ്ദുവിന്റെ ചിത്രം തന്റെ കയ്യിലുണ്ടെന്നും അത് ഗോപാലകൃഷ്ണന് വേണമെങ്കില്‍ അയച്ച് തരാമെന്നും അന്ന് അഭിലാഷ് പറഞ്ഞിരുന്നു.

മോദിക്കൊപ്പം ദീപ് സിദ്ദു നില്‍ക്കുന്ന ചിത്രം അഭിലാഷ് മോഹനന്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിക്കാണിച്ചതോടെ ഗോപാലകൃഷ്ണന്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങി പോയ സംഭവമുണ്ടായിരുന്നു. സമാനമായി നിരവധി തവണയാണ് ചാനല്‍ ചര്‍ച്ചയില്‍ ഗോപാലകൃഷ്ണനും അഭിലാഷ് മോഹനനും ഏറ്റുമുട്ടിയത്.












Click it and Unblock the Notifications