'എത്ര കോടി നൽകിയാലും മനുഷ്യജീവന് പകരമാവില്ല'; ഡോ വന്ദനാ കേസിൽ ഹൈക്കോടതി
കൊച്ചി: എത്ര കോടി രൂപ നഷ്ടപരിഹാരമായി നൽകിയാലും ഏറെ വിലപ്പെട്ട ജീവന് അതൊന്നും പകരം ആവില്ലെന്ന് ഹൈക്കോടതി. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹർജി തീർപ്പാക്കി കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻറെ നിരീക്ഷണം.
ഡോ വനന്ദനയുടെ കുടുംബത്തിന് 25 ലക്ഷം നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥനത്തിലാണ് ഹർജി തീർപ്പാക്കിയത്. 25 ലക്ഷമല്ല, 25 കോടിയോ 2500 കോടിയോ നൽകിയാൽ പോലും മനുഷ്യജീവന് പകരമാവില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നും ആശുപത്രി ജീവനക്കാർക്ക് സംരക്ഷണം നൽകാൻ ഹൈകോടതി മാർഗനിർദേശങ്ങളുണ്ടാക്കണം എന്നും ആവശ്യപ്പെട്ട് കൊല്ലം മുളങ്കാടകം സ്വദേശി അഡ്വ. മനോജ് രാജഗോപാലാണ് ഹരജി നൽകിയത്.
നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് കോടതിയിൽ സർക്കാർ ഹാജരാക്കിയിരുന്നു. ഇത്തരമൊരു ഹരജി നൽകാൻ ഇദ്ദേഹത്തിന് സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും സർക്കാർ ഉത്തരവിൻറെ പശ്ചാത്തലത്തിൽ ഇക്കാര്യം പരിഗണിക്കുന്നില്ല വ്യക്തമാക്കിയ ശേഷം ഹർജി തീർപ്പാക്കുകയായിരുന്നു.
നഷ്ടടപരിഹാര തുക പര്യാപ്തമാണോ എന്ന് കോടതിയുടെ പരിഗണനക്ക് വരേണ്ടതല്ലെന്നും തീരുമാനം എടുക്കേണ്ടത് സർക്കാർ തന്നെ ആണെന്നും കോടതി പറഞ്ഞു. അതേസമയം, ഹരജിയിലെ മറ്റ് ആവശ്യങ്ങൾ വിവിധ ഹരജികളായി നിലവിൽ ഉണ്ട് എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.. പ്രതികളെ മജിസ്ട്രേറ്റിനും ഡോക്ടർമാർക്കും മുന്നിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ തയാറാക്കിവരുന്നുണ്ടെന്നും റിപ്പോർട്ട് സമർപ്പിക്കാൻ ഒരുമാസം അനുവദിക്കണമെന്നും മറ്റൊരു ഹരജിയിൽ സർക്കാർ ആവശ്യപ്പെട്ടു.
രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി, ഇതിന് ശേഷം ഹരജി വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. ആശുപത്രികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഓർഡിനൻസ് പുറപ്പെടുവിച്ചതായി നേരത്തേ സർക്കാർ അറിയിച്ചിരുന്നു. നേരത്തെ ഡോക്ടർമാർക്ക് നേരെ അക്രമം ആവർത്തിക്കുമ്പോഴും സുരക്ഷയൊരുക്കാൻ സർക്കാരിന് കഴിയാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടു പ്രവർത്തിക്കാൻ പൊലീസിന് ആവണം എന്നാണ് ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പറഞ്ഞത്. . മേയ് പത്തിന് ആണ് ഡോ വന്ദന കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ച ആൾ വന്ദനയെ കുത്തുകയായിരുന്നു.












Click it and Unblock the Notifications