പെരിയ ഇരട്ടക്കൊലക്കേസ്: സിബിഐ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. നാല് മാസത്തിനകം കേസന്വേഷണം പൂര്‍ത്തിയാക്കണം എന്നാണ് ഹൈക്കോടതി നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ കാസര്‍കോഡ് ജില്ലയിലെ പെരിയയില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസ് ലോക്കല്‍ പോലീസില്‍ നിന്ന് ഏറ്റെടുത്ത സിബിഐ ഇക്കഴിഞ്ഞ ജൂണില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്തിരുന്നു.
കേസിലെ പതിനൊന്നാം പ്രതിയായ പ്രദീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ജാമ്യം നിഷേധിച്ച് കൊണ്ടുളള ഉത്തരവിലാണ് കേസന്വേഷണം വേഗത്തിലാക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസിലെ പ്രതികള്‍ രണ്ട് വര്‍ഷത്തില്‍ അധികമായി ജയിലില്‍ കഴിയുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ അനന്തമായി ജയിലിലിടാനാകില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ആര്‍ നാരായണ പിഷാരടിയുടെ ഉത്തരവ്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 6 മാസത്തെ സമയം സിബിഐ ആവശ്യപ്പെട്ടിരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2019 ഫെബ്രുവരി പതിനേഴിന് ആണ് കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ പെരിയയില്‍ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ അടക്കമുളളവര്‍ പ്രതി ചേര്‍ക്കപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സിപിഎം നേതാവ് പീതാംബരന്റെ നേതൃത്വത്തിലുളള സംഘം കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തി എന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തല്‍. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആണ് ഇരുവരുടേയും കുടുംബം ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications