നടിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി, ദിലീപിന് ഹൈക്കോടതിയില്‍ നിന്ന് വൻ തിരിച്ചടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കേസിലെ തുടരന്വേഷണം റദ്ദാക്കണം എന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. തുടരന്വേഷണത്തിനെതിരെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.
Recommended Video
ദിലീപിന്റെ ഹർജിയിൽ അതിജീവിത കക്ഷി ചേർന്നിരുന്നു. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിന് എതിരെ നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കേസില്‍ തുടരന്വേഷണം നടത്തുന്നത്. അതേസമയം തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സമയം വേണം എന്നുളള പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെ സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജി തള്ളിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. പലവിധ തിരിച്ചടികള്‍ക്കിടെ ഹൈക്കോടതി വിധി പ്രോസിക്യൂഷന് ആശ്വാസമായിരിക്കുകയാണ്. അതേസമയം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സമയം വേണം എന്നുളള പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാന്‍ ഹൈക്കോടതി തയ്യാറായില്ല.

ഏപ്രില്‍ 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ട വിശദമായ വാദത്തിനൊടുവിലാണ് ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വക്കേറ്റ് ബി രാമന്‍പിളള ഹൈക്കോടതിയില്‍ ഹാജരായി. ദിലീപിനെതിരെ പുതിയ തെളിവുകള്‍ സൃഷ്ടിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് തുടരന്വേഷണമെന്ന് രാമന്‍പിളള വാദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ ശക്തമായ തെളിവുകള്‍ ഒന്നും കണ്ടെത്താത്ത പശ്ചാത്തലത്തില്‍ അന്വേഷണ സംഘം മെനഞ്ഞെടുത്ത കഥയാണ് പുതിയ കേസ് എന്നും പ്രതിഭാഗം വാദിച്ചു. 2017ലെ കേസില്‍ തനിക്ക് അനുകൂലമായല്ല കോടതിയില്‍ വിചാരണ പോകുന്നത് എന്ന് മനസ്സിലായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് സംവിധായകനായ ബാലചന്ദ്ര കുമാറുമായി ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് കേസ് എന്നും ബി രാമന്‍പിളള ഹൈക്കോടതിയില്‍ വാദിച്ചു.

കേസില്‍ ഇതുവരെ 20 പേരെ ചോദ്യം ചെയ്തതായും ചില ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചതായും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി ഹൈക്കോടതിയെ അറിയിച്ചു. പുതിയ തെളിവുകള്‍ ലഭിക്കുമ്പോള്‍ അന്വേഷണ സംഘത്തിന് അത് പരിശോധിക്കേണ്ട കടമയുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസമെടുക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എന്നാല്‍ മൂന്ന് മാസത്തേക്ക് സമയം നീട്ടി നല്‍കാന്‍ ഹൈക്കോടതി തയ്യാറായില്ല.

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും ഇത് ദിലീപ് വീട്ടിലിരുന്ന് കാണുന്നതിന് സാക്ഷിയായി എന്നുമാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. മാത്രമല്ല കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ദിലീപിന് അറിയാമെന്നും ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ കണ്ടുവെന്നും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് കേസിലെ തുടരന്വേഷണം നടക്കുന്നത്.

പിന്നാലെയാണ് തുടരന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ അതിജീവിതയും കക്ഷി ചേര്‍ന്നിരുന്നു. തുടരന്വേഷണം റദ്ദാക്കണം എന്നുളള ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് നടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ദിലീപിന് അന്വേഷണത്തിലോ തുടരന്വേഷണത്തിലോ ഇടപെടാന്‍ സാധിക്കില്ലെന്നും അന്വേഷണം റദ്ദാക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ലെന്നും അതിജീവിത ഹൈക്കോടതിയില്‍ വ്യക്തമാക്കി.












Click it and Unblock the Notifications