ഏലയ്ക്കയിൽ കീടനാശിനി; ശബരിമലയില്‍ അരവണ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി
കൊച്ചി∙ ശബരിമലയിൽ അരവണ പായസം വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായതിലും അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് നടപടി എന്നാണ് മനോരമ ഓൺലൈൻ. കോം റിപ്പോർട്ട് ചെയ്യുന്നത്.
സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉടൻ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ഇത്തരം അരവണയുടെ സാംപിൾ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ അല്ലാതെയോ അരവണ നിർമിക്കാം.

ഇക്കാര്യത്തിൽ സ്പൈസസ് ബോർഡുമായി കൂടിയാലോചന നടത്താം എന്നും കോടതി പറഞ്ഞു. തീർഥാടകരുടെ താൽപര്യത്തിനാണ് പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി, ഭക്ഷ്യയോഗ്യമല്ലാത്ത എലയ്ക്ക ഉപയോഗിക്കുന്നത് ചെറിയ വിഷയമല്ല എന്നും വ്യക്തമാക്കി.അതേസമയം, ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ശബരിമലയിൽ അരവണ വിതരണം നിർത്തിവച്ചു.
ശബരിമലയിൽ അരവണ പായസത്തിൽ ഉപയോഗിക്കുന്ന ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലാത്തതാണെന്നു ഭക്ഷ്യസുരക്ഷാ അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ല എന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും എഫ്എസ്എസ്എഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി സ്പൈസസ് ബോർഡ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്. കോടതി നിർദേശിച്ച പ്രകാരം ആണ് എഫ്എസ്എസ്എഐ പരിശോധന നടത്തിയത്.
ഹൈക്കോടതിയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ വ്യക്തി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.












Click it and Unblock the Notifications