കാവ്യയ്ക്ക് ഇനിയും ഉറക്കമില്ലാ രാത്രികൾ.. പക്ഷേ സർക്കാർ പിന്തുണ.. എന്തും സംഭവിക്കാം!
കൊച്ചി: കാവ്യാ മാധവനും ഇന്ന് ആശ്വസിക്കാന്‍ വകുപ്പില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി കാത്ത് നിന്ന നാദിര്‍ഷയുടെ അതേ അവസ്ഥ തന്നെയാണ് കാവ്യയ്ക്കും. ഇരുവരുടേയും ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കാവ്യയുടെ കാര്യത്തില്‍ ഇനി പോലീസ് എന്ത് നീക്കം നടത്തുമെന്ന് അറിയേണ്ടിയിരിക്കുന്നു. കാവ്യയ്ക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കാവ്യയുടെ കാര്യത്തിൽ സർക്കാർ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇനിയെല്ലാം കാത്തിരുന്ന് തന്നെ കാണേണ്ട കളികളാണ്.

കാവ്യ കാത്തിരിക്കണം
കാവ്യാ മാധവന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതി പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് തേടി. കാവ്യ നിലവിൽ പ്രതിയല്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.കാവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കണമോ എന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കാൻ അടുത്ത ആഴ്ച വരെ കാക്കണം.

സംശയത്തിന്റെ തുടക്കം
നടി ആക്രമിക്കപ്പെട്ടപ്പോൾ മുതൽ ദിലീപ് സംശയത്തിന്റെ നിഴലിൽ ആയിരുന്നു. എന്നാൽ ആ ഘട്ടത്തിലൊന്നും ഭാര്യ കൂടിയായ കാവ്യ മാധവന് നേരെ സംശയത്തിന്റെ മുന നീണ്ടിരുന്നില്ല. ഗൂഢാലോചനക്കുറ്റത്തിന് ദിലീപ് അറസ്റ്റിലായതോടെ അടുപ്പക്കാരിലേക്കും സംശയങ്ങൾ നീളുകയായിരുന്നു.

സുനി വെളിപ്പെടുത്തിയത്
കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഏൽപ്പിച്ചിരുന്നു എന്ന് പ്രതി പൾസർ സുനി വെളിപ്പെടുത്തിയതോടെ കാവ്യയുടെ ജീവിതത്തിലും കരിനിഴൽ വീണു. ലക്ഷ്യയിൽ പോലീസ് കേറിയിറങ്ങി. രേഖകൾ പരിശോധിച്ചു. ജീവനക്കാരെ ചോദ്യം ചെയ്തു.

ജീവനക്കാരന്റെ മൊഴി
പരിശോധയിൽ മെമ്മറി കാർഡോ ഫോണോ കണ്ടെത്താനായില്ല. ലക്ഷ്യയിൽ നിന്നും തനിക്ക് പണം തന്നതായും സുനി വെളിപ്പെടുത്തിയിരുന്നു. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചില്ല. ഇക്കാര്യങ്ങളെല്ലാം ദുരൂഹത മണക്കുന്നതായിരുന്നു. സുനി ലക്ഷ്യയിൽ വന്നതായി ജീവനക്കാരിലൊരാൾ മൊഴി നൽകിയത് പോലീസിന് ബലമേകി.

സന്ദർശക രജിസ്റ്റർ നശിച്ചു
കാവ്യയെ ഒരു തവണ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. പോലീസിന് മുന്നിൽ പതറിയ കാവ്യ പൊട്ടിക്കരഞ്ഞു എന്നൊക്കെയാണ് അന്ന് വാർത്തകൾ വന്നത്. അതിനിടെ കാവ്യയുടെ വില്ലയിലെ സന്ദർശക രജിസ്റ്ററിലെ പേജ് നശിച്ചതടക്കമുള്ള സംഗതികൾ പോലീസിന് നടിയുടെ മേലെ സംശയം ബലപ്പെടാനിടയാക്കി.

മാഡം ആരെന്ന വെളിപ്പെടുത്തൽ
കേസിലെ മാഡം ആരെന്ന ദുരൂഹതയ്ക്ക് സുനി അന്ത്യമിട്ടതും കാവ്യയ്ക്ക് കുരുക്കായി. തന്റെ മാഡം കാവ്യയാണ് എന്നും ദിലീപ് പറഞ്ഞിട്ട് കാവ്യ പണം നൽകിയിട്ടുണ്ട് എന്നും സുനി വെളിപ്പെടുത്തിയത് കാവ്യയ്ക്ക് വലിയ തിരിച്ചടിയായി. സുനിയെ അറിയില്ലെന്ന മൊഴിയും കാവ്യയ്ക്ക് വിനയാവുകയായിരുന്നു.

സുനിയെ പരിചയമുണ്ടെന്ന്
സുനിയെ കാവ്യയ്ക്ക് പരിചയമുണ്ടെന്നും സുനി കുറച്ച് നാൾ കാവ്യയുടെ ഡ്രൈവർ ആയിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ദിലീപും കാവ്യയും ഒരുമിച്ച് അഭിനയിച്ച സിനിമകളുടെ സെറ്റിൽ പൾസർ സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായും പോലീസ് പറയുന്നുണ്ട്. സിനിമാ ലൊക്കേഷനുകളിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു.

അറസ്റ്റ് നടക്കുമോ
കേസന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽകാവ്യയുടേത് അടക്കം കൂടുതൽ അറസ്റ്റുകൾ നടന്നേക്കും എന്ന് വാർത്തകൾ പരന്നു. ഹൈക്കോടതി ദിലീപിന് രണ്ടാമതും ജാമ്യം നിഷേധിച്ച ഘട്ടത്തിലാണ് ഇത്തരം അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ അത്തരമൊരു നീക്കത്തെക്കുറിച്ച് അന്വേഷണ സംഘം സ്ഥീരീകരണമൊന്നും നൽകിയതുമില്ല.

രാമൻ പിള്ള തന്നെ
ദിലീപിനെ ജയിലിൽ ചെന്ന് കണ്ടതിന് പിന്നാലെയാണ് താനും അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന ആശങ്ക കാവ്യയ്ക്കും കുടുംബത്തിനും ഉണ്ടായതെന്നാണ് അറിയുന്നത്. ഇതോടെ മുൻകൂർ ജാമ്യഹർജി എന്ന അപ്രതീക്ഷിത നീക്കത്തിലേക്ക് കാവ്യ കടന്നു. ദിലീപിന്റെ അഭിഭാഷകനായ ബി രാമൻപിള്ള തന്നെയാണ് കാവ്യയ്ക്ക് വേണ്ടിയും കരുക്കൾ നീക്കിയത്.

ജാമ്യഹർജിയിലെ ആരോപണങ്ങൾ
ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഭരണകക്ഷി നേതാവിനേയും മകനേയും, മഞ്ജു വാര്യരേയും പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനെയും പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങളാണ് കാവ്യ ഉന്നയിച്ചിരിക്കുന്നത്. ദിലീപിന്റെ ഭാര്യ ആയത് കൊണ്ടാണ് തന്നെ വേട്ടയാടുന്നത് എന്നും കാവ്യ ആരോപിക്കുന്നു.

പോലീസ് നിരന്തരം സമ്മര്‍ദം ചെലുത്തുന്നു
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് തന്നെ നിരന്തരം വിളിക്കുന്നതായും കാവ്യ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നു. നിയവിരുദ്ധമായ കാര്യങ്ങള്‍ അംഗീകരിക്കാന്‍ പോലീസ് നിരന്തരം സമ്മര്‍ദം ചെലുത്തുന്നുണ്ട് എന്ന വാദവും കാവ്യ മുന്നോട്ട് വെച്ചിരുന്നു.

സുനി ഡ്രൈവറല്ലെന്ന്
പള്‍സര്‍ സുനിയെ ഉപയോഗിച്ച് മാഡം എന്നൊരു കൃത്രിമ കഥാപാത്രത്തെ ഉണ്ടാക്കി, അത് താനാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.സുനിയെ തന്റെ ഡ്രൈവാറാക്കാന്‍ പോലീസ് ശ്രമിക്കുന്നു രണ്ട് ഡ്രൈവര്‍മാരുള്ള തനിക്ക് സുനിയെ പോലെ ഒരാളെ ഡ്രൈവര്‍ ആക്കേണ്ട ആവശ്യമില്ലെന്നും കാവ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.

മഞ്ജുവിനെതിരെ കാവ്യ
മഞ്ജു വാര്യരും എഡിജിപി ബി സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമാണ് ഉള്ളത് എന്നതാണ് മറ്റൊരു ആക്ഷേപം.പ്രമുഖ പരസ്യ ചിത്ര സംവിധായകനും സിനിമ സംവിധായകനും ആയ ശ്രീകുമാര്‍ മേനോനെതിരേയും കാവ്യയുടെ ജാമ്യ ഹര്‍ജിയില്‍ ആക്ഷേപം ഉണ്ട്. ശ്രീകുമാര്‍ മേനോനും ഗൂഢാലോചനയില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ട് എന്നും ആരോപണമുണ്ട്.

ദിലീപിനെതിരെ ഗൂഢാലോചന
പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹ പാര്‍ട്ടി നടത്തിയത് നേതാവിന്റ മകനും ശ്രീകുമാര്‍ മേനോനും ചേര്‍ന്നാണെന്നും ദിലീപിനെ കരിവാരി തേക്കാന്‍ നേരത്തെയും ശ്രീകുമാര്‍ മേനോന്‍ ശ്രമിച്ചിരുന്നുവെന്നും ജാമ്യ ഹര്‍ജിയില്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്നാണ് കാവ്യയും ആരോപിക്കുന്നത്.












Click it and Unblock the Notifications