തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ല: നിലപാട് വ്യക്തമാക്കി സംസ്ഥാന ബിജെപി
ചെന്നൈ: ഹിന്ദി വിഷയത്തില്‍ പാർട്ടി കേന്ദ്ര നേതൃത്വത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച് തമിഴ്നാട് ബിജെപി ഘടകം. തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ പാർട്ടിയുടെ സംസ്ഥാന ഘടകം അനുവദിക്കില്ലെന്ന് തമിഴ്‌നാട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. ഹിന്ദി പഠിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശം രാജ്യത്തുടനീളം വ്യാപകമായ പ്രതികരണങ്ങൾക്ക് കാരണമായതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന.
"നമുക്ക് ജോലി, വിദ്യാഭ്യാസം അല്ലെങ്കിൽ മറ്റ് ആവശ്യങ്ങൾക്ക് വേണമെങ്കില്‍ ഹിന്ദി പഠിക്കാം, പക്ഷേ അത് അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഞാനടക്കം ഇവിടെയുള്ള ഞങ്ങളാരും ഹിന്ദി സംസാരിക്കില്ല. നമ്മൾ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ ഒരു ഭാഷ പഠിക്കേണ്ട സാഹചര്യം ഇവിടെയില്ല."- ചൊവ്വാഴ്ച ചെന്നൈയിലെ സംസ്ഥാന പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അണ്ണാമലൈ പറഞ്ഞു.

40 വർഷത്തിലേറെയായി കോൺഗ്രസ് ഹിന്ദി ഭാഷാ പ്രശ്‌നത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്നും എന്നാൽ ഹിന്ദി പ്രധാന ഭാഷയാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചില്ലെന്നും അണ്ണാമലൈ അവകാശപ്പെട്ടു. ഹിന്ദി ഐച്ഛിക ഭാഷയാക്കിയ അന്തിമ റിപ്പോർട്ട് മന്ത്രിസഭ പരിശോധിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി അനുമതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "തമിഴ് ഇന്ത്യയുടെ ലിങ്ക് ലാംഗ്വേജായി മാറുകയാണെങ്കിൽ, അത് നമുക്കെല്ലാവർക്കും വലിയ അഭിമാനമായിരിക്കും, എന്നാൽ നമ്മള്‍ അതിനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടോ''- തമിഴ് ലിങ്ക് ഭാഷ ആകണമെന്ന സംഗീതജ്ഞൻ എആർ റഹ്‌മാന്റെ പരാമർശത്തോട് പ്രതികരിച്ചുകൊണ്ട് മുൻ ഐ പി എസ് ഓഫീസർ കൂടിയായ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു.
തമിഴിനെ ലിങ്ക് ഭാഷയാക്കാൻ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആദ്യം മറ്റെല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തെഴുതണം, അതാത് സംസ്ഥാനങ്ങളിലെ കുറഞ്ഞത് 10 സ്‌കൂളുകളിലെങ്കിലും പൂർണ്ണമായും തമിഴിൽ പഠിപ്പിക്കണമെന്നും ആവശ്യപ്പെടണമെന്നും ബി ജെ പി നേതാവ് പറഞ്ഞു. കൂടാതെ, ഈ പരിശീലനത്തിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം അമിത് ഷായുടെ പ്രസ്താവന തള്ളി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ആഭ്യന്തര മന്ത്രി ഇംഗ്ലീഷിന് പകരം ഹിന്ദിയില്‍ സംസാരിക്കാന്‍ പറയുന്നു, ഇത് ഇന്ത്യയുടെ ഐക്യത്തെ വ്രണപ്പെടുത്തുന്നു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രം മതിയെന്ന് ആഭ്യന്തരമന്ത്രി കരുതുന്നുണ്ടോ? എന്നായിരുന്നു സ്റ്റാലിന്റെ ചോദ്യം.












Click it and Unblock the Notifications