‘വിവാഹ വാഗ്ദാനം നൽകി ജീവിതം നശിപ്പിക്കുകയായിരുന്നു അവന്റെ ഉദ്ദേശം'; ഷഹനയുടെ അവസാന വാക്കുകൾ
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിയായിരുന്ന ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്ത് റുവൈസിന്റെ പേരു പരാമർശിച്ചിരുന്നതായി പോലീസ്.റുവൈസിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണെന്നും പോലീസ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
'വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കറു കണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ലായെന്നുള്ളത് സത്യമാണ് എന്നിങ്ങനെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നുവെന്നാണ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്.

ആശുപത്രിയിലെ ഒപി ടിക്കറ്റിലാണ് ഷഹന തന്റെ അവസാനവാക്കുകള്‍ കുറിച്ചിട്ടിരുന്നതെന്നാണ് പോലീസ് പറഞ്ഞത്. എല്ലാവർക്കും വേണ്ടത് പണമാണ്അവര്‍ക്ക് എന്തിനാണ് ഇത്രയും സ്വത്ത്? പുതിയ ജനറേഷനും ഇങ്ങനെയായിപ്പോയല്ലോ എന്നിങ്ങനെയും ഷഹാന കുറിച്ചിരുന്നത്രേ.
കഴിഞ്ഞ ദിവസമാണ് ഷഹനയെ അനസ്‌തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് ഫ്ളാറ്റിൽ പോയി നോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നാലെയാണ് സംഭവത്തിൽ റുവൈസിന് പങ്കുണ്ടെന്ന ആരോപണം കുടുംബം ഉയർത്തിയത്.
റുവൈസുമായി അടുപ്പത്തിലായിരുന്നു ഷഹാന. ഇരുവരും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചിരുന്നു. എന്നാൽ വിവാഹത്തിനായി റുവൈസും അദ്ദേഹത്തിന്റെ കുടുംബവും വലിയ തുക സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നുവെന്നും ഈ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കൾ മൊഴി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയോടെ റുവൈസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് റുവൈസിനെതിരെ ചുമത്തിയത്. കരുനാഗപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി.
അതേസമയം ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്റെ ഭാഗവും എപ്പോഴെങ്കിലും ആരെങ്കിലും കേള്‍ക്കുമെന്ന് റുവൈസ് മാധ്യമങ്ങളോട് പ്രതികരിച്ചു.റുവൈസിനെ അഡി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈ മാസം 21വരെ റിമാൻഡ് ചെയ്തു.












Click it and Unblock the Notifications