ബോബി ഉപയോഗിച്ചത് സൂപ്രണ്ടിന്റെ ടോയ്‌ലറ്റ്; വഴിവിട്ട നീക്കം നടത്തിയത് ഡിഐജി?
തിരുവനന്തപുരം: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയവെ ബോബി ചെമ്മണ്ണൂരിന് വി ഐ പി പരിഗണന ലഭിച്ചു എന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാക്കനാട് ജയിലില്‍ എത്തി മധ്യമേഖലാ ജയില്‍ ഡി ഐ ജി പി അജയ കുമാര്‍ വഴിവിട്ട നീക്കം നടത്തി എന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബോബി ചെമ്മണ്ണൂരിനെ ജയിലിലേക്ക് മാറ്റിയ വിവരം അറിഞ്ഞ് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ഡിഐജി കുതിച്ചെത്തി എന്നും തൃശ്ശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും എറണാകുളം ജയിലില്‍ വെച്ച് ഡി ഐ ഡി കണ്ടു എന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഡിഐജിക്ക് ഒപ്പം തൃശൂരിലെ 'പവര്‍ ബ്രോക്കറായ' ഒരാളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബോബി ചെമ്മണ്ണൂരിന് സൂപ്രണ്ടിന്റെ ടോയ്‌ലറ്റ് ഉള്‍പ്പെടെ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കി നല്‍കിയത് ഡി ഐ ജിയാണ് എന്നാണ് വിവരം. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുളള റിപ്പോര്‍ട്ട് ആണ് സ്‌പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. നേരത്തെ ബോബിക്ക് ജയിലില്‍ വി ഐ പി പരിഗണന ലഭിച്ചു എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കിയിരുന്നു.
ഇതിന്‍ പ്രകാരം ജയില്‍ ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടും ഇന്ന് സര്‍ക്കാരിന് നല്‍കും. അതേസമയം ബോബി ചെമ്മണ്ണൂരിന് കാക്കാനാട്ടെ ജയിലില്‍ വി ഐ പി പരിഗണന നല്‍കിയ സംഭവത്തില്‍ ഡി ഐ ജി അജയ കുമാറിനെ ജയില്‍ മേധാവിയായ എ ഡി ജി പില ശാസിച്ചു. ഉദ്യോഗസ്ഥ തല യോഗത്തില്‍ വെച്ചായിരുന്നു ശാസന. എന്നാല്‍ ആരോപണങ്ങള്‍ യോഗത്തില്‍ വെച്ച് ഡി ഐ ജി നിഷേധിച്ചു.
ജയില്‍ സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്‌സിലെ മദ്യപാന പരാതി അന്വേഷിക്കാന്‍ പോയതാണെന്നായിരുന്നു ഡിഐജിയുടെ വിശദീകരണം. എന്നാല്‍ സ്വകാര്യ വാഹനത്തില്‍ സ്ത്രീകള്‍ക്കൊപ്പമാണോ കേസ് അന്വേഷണത്തിന് പോയതെന്ന് എഡിജിപി തിരിച്ച് ചോദിച്ചു. ഇതിന് ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ കയറിയതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇതോടെ അസംബന്ധം വിളിച്ച് പറയരുത് എന്നും എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട് എന്നും ജയില്‍ മേധാവിയായ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഡിഐജിയെ പരസ്യമായി ശാസിച്ചത്.












Click it and Unblock the Notifications